എം ആര്‍ അജിത്കുമാറിനെതിരായ പി വി അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് തെളിവില്ല; മറുനാടനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ 'അടിസ്ഥാന രഹിതവും, വാസ്തവ വിരുദ്ധവും'; 'യുകെയിലെ കറന്‍സി, യൂറോയല്ല, പൗണ്ടാണ്; വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ മറുനാടന്‍ വേട്ടയുടെ ഗൂഢാലോചനക്കാരെ തുറന്നു കാട്ടുന്നത്; നെട്ടോട്ടമോടി മറുനാടന്‍ വേട്ടക്കാര്‍
മറുനാടനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ 'അടിസ്ഥാന രഹിതവും, വാസ്തവ വിരുദ്ധവും
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തില്‍ എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്തുവന്നതോടെ തെളിയുന്നത് മറുനാടന്‍ വേട്ടയ്ക്ക് പിന്നില്‍ അണിനിറന്നവരുടെ വിവരങ്ങളാണ്. ഇടതുമുന്നണി വിട്ട പി വി അന്‍വര്‍ മറുനാടനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് വിജിലന്‍സ് അന്വേഷണത്തിലെ കണ്ടെത്തലുകള്‍.
എഡിജിപി അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് തെളിവില്ലെന്നാണ് വിജിലന്‍സ് അന്വേഷണത്തിലെ കണ്ടെത്തലില്‍ പറുയന്നത്. പി വി അന്‍വര്‍ ആരോപണങ്ങള്‍ നിരവധി ഉന്നയിച്ചെങ്കിലും തെളിവുകള്‍ ഒന്നും നല്‍കിയില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രധാനമായും അഞ്ച് ആരോപണങ്ങളാണ് എം.ആര്‍. അജിത് കുമാറിനെതിരെ അന്‍വര്‍ത്തിയയത്.
അജിത് കുമാര്‍ മലപ്പുറം പൊലീസ് ക്യാംപ് ഓഫീസില്‍ നിന്ന് തേക്ക് മുറിച്ച് കടത്തിയെന്നായിരുന്നു ഒരു ആരോപണം. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തേക്കുമരത്തിന്റെ മൂന്ന് കഷണങ്ങളും ലേലത്തിന് പോയെന്നും ഇതിന് കൃത്യമായ തെളിവുണ്ടെന്നും വിജിലന്‍സ് പറയുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സാമ്പത്തിക ലാഭമുണ്ടാക്കിയെന്നായിരുന്നു അടുത്ത ആരോപണം. എഡിജിപി 35 ലക്ഷം രൂപയുടെ ഫ്‌ലാറ്റ് വാങ്ങി 22 ദിവസങ്ങള്‍ക്കകം ഇരട്ടിവിലയ്ക്ക് മറിച്ചുവിറ്റുവെന്നായിരുന്നു മറ്റൊരു ആരോപണം. അത് സ്വാഭാവിക നടപടിയാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കവടിയാറിലെ ആഡംബര വീട് നിര്‍മാണവുമായി ബന്ധപ്പെട്ട അന്‍വറിന്റെ ആരോപണവും വിജിലന്‍സ് തള്ളിക്കളയുന്നു. അജിത് കുമാറിന്റെ ഭാര്യാ സഹോദരനുമായി ബന്ധപ്പെട്ട സ്വത്താണിതെന്നും അതെങ്ങനെ അജിത് കുമാറുമായി കൂട്ടിവായിക്കും എന്നാണ് വിജിലന്‍സിന്റെ വാദം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സാമ്പത്തിക ലാഭമുണ്ടാക്കിയെന്നായിരുന്നു അടുത്ത ആരോപണം. അന്‍വറിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് വ്യക്തമാക്കി.
മറുനാടന് കേസിലെ ഗൂഢാലോചനയും തെളിയുന്നു
മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയില്‍ നിന്നും രണ്ട് കോടി രൂപ വാങ്ങിയെന്നായിരുന്നു പി വി അന്‍വര്‍ ഉയര്‍ത്തിയ ആരോപണം. അതും അന്വേഷണത്തില്‍ അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തിയത്. കേസില്‍ അന്‍വര്‍ ആരോപണം ഉന്നയിച്ചവരില്‍ നിന്നുള്ള മൊഴികള്‍ പരിശോധിച്ച വിജിലന്‍സ് ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഐടി ആക്ട് പ്രകാരം 66 എഫ് ചുമത്താതിരിക്കാനാണ് മറുനാടന്‍ അജിത്കുമാറിന് പണം കൊടുത്തത് എന്നാണ് ആരോപണം. എന്നാല്‍ മറുനാടന്‍ എഡിറ്റര്‍ക്കെതിരെ പാലാരിവട്ടം സ്റ്റേഷനില്‍ എടുത്തിട്ടുള്ള കേസില്‍ ഐടി ആക്ട് 66 എഫ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇതോടെ തന്നെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമായെന്നാണ് വിജിലന്‍സ് സൂചിപ്പിക്കുന്നത്.
യുകെയില്‍ വെച്ച് ഒരു കോടിക്ക് തുല്യമായ യൂറോ അജിത്കുമാറിന്റെ സുഹൃത്തായ മുജീബ് എന്നയാള്‍ക്ക് കൊടുത്തു എന്നുമാണ് ആരോപണം. യുകെയിലെ കറന്‍സി പൗണ്ട് സ്റ്റര്‍ലിങ് ആണെന്നും യൂറോ അല്ലെന്നും വ്യക്തമാണ്. ഇതില്‍ നിന്നും തന്നെ അന്‍വറിന്റെ ആരോപണം പച്ചക്കള്ളമാണെന്ന് വ്യക്തമാകുന്നു എന്നാണ് വിജിലന്‍സില്‍ അജിത് കുമാര്‍ നല്‍കിയ മൊഴിയും. അതേസമയം ആരോപണം ഉയര്‍ത്തിയത് അല്ലാതെ അന്‍വര്‍ യാതൊരു തെളിവുകളും അജിത്കുമാറിനെതിരെ നല്‍കിയിരുന്നുമില്ല.
പിവി അന്‍വര്‍ തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം അജിത് കുമാര്‍ മൊഴിയില്‍ തള്ളിക്കളയുന്നുണ്ട്. പിവി അന്‍വറിന്റെ ഗൂഢ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തതാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് അന്‍വര്‍ തുടക്കമിട്ടത്. പി.വി. അന്‍വറുമായി അനുനയചര്‍ച്ച നടത്തിയിരുന്നുവെന്ന് അജിത് കുമാര്‍ മൊഴിയില്‍ വ്യക്തമാക്കി. അന്‍വറിനെ നേരിട്ട് കണ്ട് സംശയങ്ങള്‍ തീര്‍ക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതുപ്രകാരം ബാല്യ കാല സുഹൃത്ത് മുജീബിനൊപ്പം പി.വി. അന്‍വറിന്റെ പട്ടത്തുള്ള സുഹൃത്ത് നജീബിന്റെ വീട്ടില്‍ പോയി നേരിട്ടുകണ്ടുവെന്നും അജിത് കുമാര്‍ വ്യക്തമാക്കി. ഇതെല്ലാം മറുനാടനെതിരെ നടന്ന ഗൂഢാലോചനയിലേക്കും വിരല്‍ചൂണ്ടുന്നതാണ്.
അതേസമയം മലപ്പുറം എസ് പി ഓഫീസിലെ മരം മുറി നടപടിക്രമം പാലിച്ചാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിയമവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും തേക്ക് മരം കൊണ്ട് അജിത് കുമാര്‍ ഫര്‍ണീച്ചര്‍ ഉണ്ടാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്വര്‍ണ്ണക്കടത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ നിരപരാധിയാണെന്നും അന്‍വറിന്റെ ആരോപണം വ്യാജമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
പരാതിയില്‍ പറഞ്ഞിരുന്ന ഫ്‌ലാറ്റ് അജിത് കുമാര്‍ 2009 ല്‍ വാങ്ങിയതാണെന്നും ഉടമയും അജിത് കുമാറും തിരക്കായതിനാല്‍ ആധാരം നീണ്ടുപോയി എന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആധാരം നടത്തിയില്ലെന്ന വിവരം വില്‍ക്കുന്ന സമയത്താണ് എഡിജിപി അജിത് കുമാര്‍ മനസ്സിലാക്കിയത് എന്നാണ് ഫ്‌ലാറ്റ് വാങ്ങിയതും വിറ്റതും തമ്മിലുള്ള ചെറിയ ഇടവേളകള്‍ ഉണ്ടാകാന്‍ കാരണമെന്ന് എഡിജിപിയുടെ മൊഴി വിശ്വാസത്തിലെടുത്ത് അന്വേഷണ സംഘം വ്യക്തമാക്കിയിരിക്കുന്നത്.
എഡിജിപി എം ആര്‍ അജിത് കുമാറിന്റെ സ്വത്ത് വിവരങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്‍വര്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും കളവാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തേക്ക് മരം വെട്ടി കടത്തല്‍. വീട് വെക്കല്‍, ഫ്‌ലാറ്റ് കച്ചവടം, വിദേശ യാത്ര, ദുബൈയിലെ ബിസിനസ് തുടങ്ങിയ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും, വാസ്തവ വിരുദ്ധവുമാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
നേരത്തെ എഡിജിപി എം ആര്‍ അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയതിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. ക്ലീന്‍ചിറ്റ് അംഗീകരിച്ച മുഖ്യമന്ത്രിയുടെ നടപടി നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. വിജിലന്‍സിനെതിരെ വിചാരണക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ അനുമതി തേടിയല്ല വിജിലന്‍സ് അന്വേഷണം നടത്തേണ്ടത്. ഇത് നിയമ തത്വങ്ങള്‍ക്ക് എതിരാണെന്നും വിജിലന്‍സ് കോടതി ചൂണ്ടിക്കാണിച്ചു.
മുഖ്യമന്ത്രിയുടെ അനുമതി തേടിയതെന്തിനെന്നതില്‍ വ്യക്തതയില്ല. എം ആര്‍ അജിത് കുമാറിനെ കുറ്റവിമുക്തനാക്കാന്‍ രാഷ്ട്രീയ നേതൃത്വം ഇടപെട്ടതാണ് പ്രശ്നം. എം ആര്‍ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അനുമതി വേണ്ട. ക്ലീന്‍ചിറ്റ് അംഗീകരിച്ച മുഖ്യമന്ത്രിയുടെ നടപടി നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച വിജിലന്‍സ് കോടതി ഇക്കാര്യത്തില്‍ കൂടുതല്‍ പരാമര്‍ശം നടത്തുന്നില്ലെന്നത് അടക്കമുള്ള കടുത്ത വിമര്‍ശനവും ഉന്നയിച്ചിരുന്നു.