കരൂരിലെ തമിഴക വെട്രി കഴകത്തിന്റെ പ്രചാരണ റാലിയിൽ പ്രതീക്ഷിച്ചിരുന്നത് 10,000 പേരെ; സംഘാടകരെയും ഞെട്ടിച്ച് എത്തിയത് 50,000ത്തിലധികം പേർ; തിക്കും തിരക്കും നിയന്ത്രിക്കാൻ കഴിയാതായതോടെ സംഭവിച്ചത് വൻ ദുരന്തം; വിജയ് റാലി നടത്തിയത് മദ്രാസ് ഹൈക്കോടതിയുടെ മുന്നറിയിപ്പ് അവഗണിച്ച്
ചെന്നൈ: കരൂരിൽ നടന്ന തമിഴക വെട്രി കഴകം പാർട്ടിയുടെ വിജയ് നയിച്ച പ്രചാരണ റാലിയിൽ 10,000 പേരുടെ സാന്നിധ്യം ഉണ്ടാകുമെന്നാണ് അനുമതി കത്തിൽ പറഞ്ഞിരുന്നത്. എന്നാൽ റാലിയിൽ 50,000ത്തിലധികം പേർ എത്തിയതായാണ് റിപ്പോർട്ടുകൾ. കരൂരിലെ വിജയ്‌യുടെ റാലിയുടെ അനുമതി കത്തിൽ ഏകദേശം 10,000 പേരുടെ പങ്കാളിത്തം സംഘാടകർ പ്രതീക്ഷിച്ചിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 1.20 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വേദിയിൽ ഇത്രയധികം ആളുകൾ ഒത്തുകൂടിയതാണ് ദുരന്തത്തിന് കാരണമായത്.
അതേസമയം മദ്രാസ് ഹൈക്കോടതിയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് വിജയ് റാലി നടത്തിയതെന്ന വാർത്തകളും പുറത്ത് വരികയാണ്. കരൂരിൽ നടന്ന റാലിയിൽ ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ വിജയ് സ്വയം പോലീസിന്റെ സഹായം തേടുകയും പ്രസംഗം അവസാനിപ്പിക്കുകയുമായിരുന്നു. ഒരു ആഴ്ച മുൻപ്, സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന പ്രവർത്തകരെ നിയന്ത്രിക്കേണ്ടത് നേതാവാണെന്ന് മദ്രാസ് ഹൈക്കോടതി വിജയിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാൽ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുന്നതെന്ന് കോടതി ചോദിച്ചിരുന്നു. തിരുച്ചിറപ്പള്ളിയിൽ നടന്ന സമാനമായ ഒരു യോഗത്തിൽ ഒരാൾ കുഴഞ്ഞുവീണ് മരിച്ചതിനെ തുടർന്നായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. എന്നാൽ, ഇന്നലെ കരൂരിൽ നടന്ന റാലിയിൽ ജനക്കൂട്ടം നിയന്ത്രണാതീതമായി. പലരും കുഴഞ്ഞുവീഴുന്നതായി കണ്ടതിനെത്തുടർന്ന് വിജയ് പ്രസംഗത്തിനിടെ ടിവികെ നേതാക്കളോട് ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെട്ടു.
ഇതിനിടെ, അദ്ദേഹം ആൾക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികളും എറിഞ്ഞുകൊടുത്തു. ജനബാഹുല്യം കാരണം ആംബുലൻസുകൾക്ക് സംഭവസ്ഥലത്തേക്ക് പ്രവേശിക്കാൻ സാധിക്കാത്ത സാഹചര്യവുമുണ്ടായി. തുടർന്ന്, ആംബുലൻസുകൾക്ക് പ്രവേശിക്കാനുള്ള സൗകര്യമൊരുക്കാൻ മൈക്കിലൂടെ വിജയ് അഭ്യർത്ഥിക്കുകയും ജനങ്ങളോട് സംയമനം പാലിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. പരിപാടിയിൽ പങ്കെടുക്കാനെത്തിയവരുടെ എണ്ണം പ്രതീക്ഷിച്ചതിലും കവിഞ്ഞതിനെത്തുടർന്നാണ് ഇത്രയധികം ആളപകടങ്ങൾക്ക് കാരണമായതെന്ന് പ്രാഥമിക നിഗമനം.
കരൂരിൽ നടന്ന തമിഴഗ വെട്രി കഴകം പാർട്ടിയുടെ പ്രചാരണ റാലിയിൽ തിക്കിലും തിരക്കിലും 29-ലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർ ബോധരഹിതരാകുകയും ആശുപത്രിയിൽ ചികിത്സയിലായിരിക്കുകയും ചെയ്ത വാർത്ത ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് എഐഎഡിഎംകെ നേതാവ് ഇ പളനിസ്വാമി പറഞ്ഞു.
റാലിയില്‍ തിക്കും തിരക്കും കാരണം മൂന്നുകുട്ടികളും 10 സ്ത്രീകളും അടക്കം 30 പേര്‍ മരിച്ചു. ഇരുപതിലേറെ പേര്‍ തളര്‍ന്നുവീണു. ഇതില്‍ ആറുപേര്‍ കുട്ടികളാണ്. വിജയ് പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. അദ്ദേഹം പ്രസംഗം പൂര്‍ത്തിയാക്കാതെ മടങ്ങി. മൂന്നുകുട്ടികള്‍ ഐസിയുവിലാണ്. മരണസംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്. ആരോഗ്യ-വിദ്യാഭ്യാസ മന്ത്രിമാര്‍ കരൂരിലേക്ക് തിരിച്ചു. നിരവധി ആംബുലന്‍സുകളും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. കരൂര്‍ കളക്ടര്‍ ഉടന്‍ സ്ഥലത്തെത്താന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിര്‍ദ്ദേശം നല്‍കി.