ബിസ്മീറുമായി ആശുപത്രിയില്‍ എത്തുമ്പോള്‍ വാതിലുകളെല്ലാം അടച്ചിട്ട നിലയില്‍; ഡോക്ടര്‍ പുറത്തേക്ക് വന്നത് നിരവധി തവണ വിളിച്ചതിനും കോളിങ് ബെല്‍ അടിച്ചതിനും ശേഷം; ശ്വാസതടസം കലശലായപ്പോഴും പ്രാഥമിക ചികിത്സ പോലും വൈകി; വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ യുവാവ് മരിച്ച സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം

ബിസ്മീറുമായി ആശുപത്രിയില്‍ എത്തുമ്പോള്‍ വാതിലുകളെല്ലാം അടച്ചിട്ട നിലയില്‍

Update: 2026-01-25 11:49 GMT

തിരുവനന്തപുരം: വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ യുവാവ് മരണപ്പെട്ട സംഭവത്തില്‍ ആശുപത്രിക്ക് വീഴ്ച്ചയെന്ന് ആരോപണം. ശ്വാസതടസത്തെ തുടര്‍ന്ന് തിരുവനന്തപുരം കൊല്ലങ്കോണം സ്വദേശി ബിസ്മീര്‍ എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രി അധികൃതരോട് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് തേടി.

സംഭവത്തില്‍ ആശുപത്രിയില്‍ നിന്നുള്ള സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മരണപ്പെട്ട ബിസ്മിര്‍ ആശുപത്രിയില്‍ ഏറെ അസ്വസ്ഥനായി നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. ജനുവരി 19-നാണ് ശ്വാസ തടസ്സത്തെത്തുടര്‍ന്നാണ് വിളപ്പില്‍ശാല കൊല്ലംകൊണം സ്വദേശി ബിസ്മീര്‍ (37) വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയത്. ഭാര്യ ജാസ്മിനാണ് ബിസ്മിറിനെ ആശുപത്രിയില്‍ എത്തിച്ചത്.

ആശുപത്രിയില്‍ വാതിലുകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും നിരവധി തവണ വിളിച്ചതിനും കോളിങ് ബെല്‍ അടിച്ചതിനും ശേഷമാണ് ഡോക്ടര്‍ പുറത്തേക്ക് വന്നതെന്നാണ് പരാതിയില്‍ പറയുന്നത്. എന്നിട്ടും പ്രാഥമിക ചികിത്സ പോലും നല്‍കിയില്ലെന്നാണ് ജാസ്മിന്റെ പരാതി. കുടുംബാരോഗ്യകേന്ദ്രത്തില്‍ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ബിസ്മിര്‍ മരിച്ചു.

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിയ രോഗിക്ക് ജീവനക്കാര്‍ ഗേറ്റ് തുറന്നു നല്‍കാന്‍ തയ്യാറായില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. കുടുംബം വിളപ്പില്‍ശാല മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. രോഗിയുടെ നില മോശമായതിനാലാണ് മെഡിക്കല്‍ കോളേജിലേക്ക് അയച്ചതെന്നായിരുന്നു ആശുപത്രി അധികൃതര്‍ നല്‍കിയ വിശദീകരണം.

സംഭവം വിവാദമായതോടെ വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രി അധികൃതരോട് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് തേടി. ആരോഗ്യ വകുപ്പ് ഡയറക്ടറാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അഡീഷണല്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയത്. ആശുപത്രിയില്‍ നേരിട്ടെത്തിയാണ് അന്വേഷണം നടത്തേണ്ടത് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനും ആവശ്യം.

പ്രാഥമിക ചികിത്സ പോലും ഏറെ വൈകിയാണ് ഉണ്ടായതെന്ന് ബിസ്മീറിന്റെ ഭാര്യ ജാസമിന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ആശുപത്രിയുടെ ഗ്രില്ല് അകത്തുനിന്ന് പൂട്ടിയതിനെ തുടര്‍ന്ന് പത്ത് മിനിട്ടില്‍ അധികമാണ് ആശുപത്രി വരാന്തയില്‍ ബിസ്മീറിനും ഭാര്യക്കും കാത്തുനില്‍ക്കേണ്ടി വന്നത്. നിലവിളിച്ചു കരഞ്ഞിട്ടും ആശുപത്രി അധികൃതര്‍ സഹായിച്ചില്ലെന്നും ബിസ്മിറിന്റെ ഭാര്യ ജാസ്മിന്‍ പറഞ്ഞു. ആശുപത്രി അധികൃതര്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നുവെന്ന് സഹോദരനും പറയുന്നു.

ഈമാസം 19ന് പുലര്‍ച്ചയാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് ബിസ്മീറിനെ വിളപ്പില്‍ശാലയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തുന്നത്. ശേഷം ഓക്‌സിജന്‍, സി പി ആര്‍ നെബുലൈസേഷന്‍ എന്നിവ നല്‍കാന്‍ തയ്യാറായില്ലെന്നാണ് കുടുംബം ഇപ്പോഴും ആവര്‍ത്തിക്കുന്നത്. നീതി വേണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കുടുംബം. ആശുപത്രി ജീവനക്കാര്‍ക്ക് എതിരെ ശക്തമായ നടപടി വേണമെന്നും ഭര്‍ത്താവിന്റെ മരണത്തിന്റെ ഉത്തരവാദികള്‍ ആശുപത്രി ജീവനക്കാര്‍ മാത്രമാണെന്നും ഭാര്യ ജാസ്മിന്‍ പറഞ്ഞു.

അതേസമയം വിഷയം യുഡിഎഫ് നേതാക്കള്‍ ഏറ്റെടുത്തിട്ടുണ്ട്. കാട്ടാക്കട മണ്ഡലത്തിലെ വിളപ്പില്‍ശാലയില്‍ നടന്നത് ഒരു അപകടമോ അപ്രതീക്ഷിത മരണമോ അല്ല അത് സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ 'സിസ്റ്റത്തിന്റെ' നിര്‍ദ്ദയമായ അനാസ്ഥ മൂലമുള്ള കൊലപാതകമാണെന്ന് അടൂര്‍പ്രകാശ് എംപി ആരോപിച്ചു. ശ്വാസം കിട്ടാതെ പിടഞ്ഞ് ജീവന്‍ രക്ഷിക്കണമെന്ന അപേക്ഷയുമായി സര്‍ക്കാര്‍ ആശുപത്രിയുടെ മുന്നിലെത്തിയ 37 കാരനായ ബിസ്മീറിന്, ഓക്‌സിജന്‍ പോലും നല്‍കാതെ ''പട്ടി കയറും'' എന്ന കാരണം പറഞ്ഞ് ഗേറ്റ് അടച്ചുവെച്ചത് മനുഷ്യത്വത്തിനെതിരായ ഗുരുതര കുറ്റകൃത്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഭവത്തില്‍ പ്രാഥമിക ചികിത്സ പോലും ലഭിച്ചില്ല. ഇതാണോ ഇന്ന് കേരള സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന ആരോഗ്യ മാതൃക എന്നും അദ്ദേഹം ചോദിച്ചു. ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ അടിയന്തര ചികിത്സ നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് സിസ്റ്റത്തെ തകര്‍ത്തിരിക്കുന്നു. അതിന്റെ വില കൊടുത്തത് ഒരു സാധാരണ തൊഴിലാളിയും അദ്ദേഹത്തിന്റെ കുടുംബവുമാണ്.

മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രയില്‍ ആംബുലന്‍സില്‍ പോലും ജീവന്‍ നിലനിര്‍ത്താനുള്ള സൗകര്യങ്ങളില്ലായിരുന്നുവെന്ന പരാതി അതീവ ഗൗരവമുള്ളതാണ്. അടിയന്തര സേവന സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ് എന്നതിന്റെ തെളിവാണിത്. ആശുപത്രികള്‍ ജീവന്‍ രക്ഷിക്കാനുള്ള ഇടങ്ങളാണ്. അവിടെ നിയമവും ചട്ടവും കാരണമായി മനുഷ്യജീവനെ ബലികൊടുക്കാന്‍ ഒരു ഉദ്യോഗസ്ഥനും സര്‍ക്കാരിനും അവകാശമില്ല. ഈ സംഭവത്തില്‍ സമഗ്രമായ,സ്വതന്ത്ര അന്വേഷണം നടത്തണം ഉത്തരവാദികളായ എല്ലാ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുക്കണമെന്നു അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു.

Tags:    

Similar News