അഖാഡകളിലേക്ക് ഇനി വനിതകള്‍ തിരിച്ചെത്തും; ഹരിയാനയുടെ ഹൃദയമായ ജുലാനയില്‍ ജയിച്ചുകയറി 'രാജ്യത്തിന്റെ വീരപുത്രി'; വെറും കോണ്‍ഗ്രസ് നേതാവെന്ന് ബിജെപി ഇകഴ്ത്താന്‍ നോക്കിയെങ്കിലും വിനേഷ് ഫോഗട്ടിനെ ചേര്‍ത്തുപിടിച്ച് ഹരിയാനക്കാര്‍; രണ്ടുപതിറ്റാണ്ടിന് ശേഷം മണ്ഡലം പിടിച്ച് കോണ്‍ഗ്രസും

ഹരിയാനയുടെ ഹൃദയമായ ജുലാനയില്‍ ജയിച്ചുകയറി 'രാജ്യത്തിന്റെ വീരപുത്രി'

Update: 2024-10-08 10:40 GMT

ന്യൂഡല്‍ഹി: 'സത്യം ജയിച്ചു': ഹരിയാനയിലെ ജുലാന മണ്ഡലത്തില്‍ നിന്ന് ജയിച്ച ശേഷം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ഗുസ്തി താരവുമായ വിനേഷ് ഫോഗട്ടിന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. സംസ്ഥാനത്ത് എക്‌സിറ്റ് പോള്‍ ഫലങ്ങളെ നിഷ്പ്രഭമാക്കി ബിജെപി മൂന്നാം വട്ടവും വിജയത്തിലേക്ക് കുതിച്ചപ്പോഴും വിനേഷിന്റെ പോരാട്ട വീര്യത്തെ തളര്‍ത്താനായില്ല. 6015 വോട്ടുകള്‍ക്കാണ് ജുലാനയില്‍ വിജയം.

ബിജെപിയുടെ ക്യാപ്റ്റന്‍ യോഗേഷ് ഭൈരഗിയെയും ( മുന്‍ സൈനിക ഉദ്യേഗസ്ഥന്‍) ആം ആദ്മി പാര്‍ട്ടിയുടെ മുന്‍ പ്രൊഫഷണല്‍ ഗുസ്തി താരം കവിത ദലാലിനെയും ആണ് ഒളിമ്പ്യന്‍ കീഴടക്കിയത്. 50 കിലോ വിഭാഗം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍, 100 ഗ്രാം ഭാരക്കൂടുതലിന്റെ പേരില്‍, ഒളിമ്പിക്‌സില്‍ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ട് അതിന്റെ ആഘാതത്തില്‍ നിന്നും പൂര്‍ണമായി മുക്തയാകും മുമ്പേയാണ് സെപ്റ്റംബര്‍ ആറിന് കോണ്‍ഗ്രസില്‍ ചേര്‍ന്ന് രാഷ്ട്രീയ ഗോദായില്‍ മാറ്റുരച്ചത്. പാര്‍ട്ടിയില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ജുലാനയിലെ സ്ഥാനാര്‍ഥി ആകുകയും ചെയ്തു.

പുതിയ ഇന്നിങ്‌സിലെ വെല്ലുവിളികള്‍

'ഞാന്‍ ഒരു പുതിയ ഇന്നിങ്‌സ് ആരംഭിക്കുകയാണ്. ഞങ്ങള്‍ അനുഭവിച്ചത് പോലൊരു ദുരിതം കായിക താരങ്ങള്‍ ഇനി നേരിടരുത്', കോണ്‍ഗ്രസില്‍ ചേര്‍ന്നയുടന്‍ വിനേഷ് പറഞ്ഞിരുന്നു. ഗുസ്തി ഫെഡറേഷന്‍ തലവനായിരുന്ന മുന്‍ ബിജെപി എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് എതിരെയുള്ള പ്രക്ഷോഭത്തെ നയിച്ചതും വിനേഷായിരുന്നു. തങ്ങളെ തെരുവിലൂടെ പൊലീസ് വലിച്ചിഴച്ചപ്പോള്‍, ബിജെപി ഒഴിച്ചുളള മറ്റുകക്ഷികള്‍ എല്ലാം തങ്ങളുടെ വേദനയും കണ്ണീരും മനസ്സിലാക്കി ഒപ്പം നിന്നുവെന്നും വിനേഷ് അന്നുപറഞ്ഞിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടിയപ്പോള്‍, പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി കോണ്‍ഗ്രസിന് അടി പതറിയെങ്കിലും വിനേഷിന്റെ കുതിപ്പിനെ തടയാന്‍ ബിജെപിക്ക് കഴിഞ്ഞില്ല.

വിനേഷ് മത്സരരംഗത്ത് ഇറങ്ങിയതിനെ ബിജെപി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഒളിമ്പിക് മെഡല്‍ തെറ്റായി നിഷേധിക്കപ്പെട്ട രാജ്യത്തിന്റെ പുത്രിയല്ല, മറിച്ച് കോണ്‍ഗ്രസ് നേതാവാണ് വിനേഷെന്ന് പല ബിജെപി നേതാക്കളും വിമര്‍ശിച്ചിരുന്നു. വിനേഷിന്റെ കസിനും ബിജെപി നേതാവുമായ ബബിത ഫോഗട്ട് വിനേഷിനെ മത്സരിപ്പിച്ചതിലൂടെ കോണ്‍ഗ്രസ് ഫോഗട്ട് കുടുംബത്തില്‍ ഭിന്നിപ്പുണ്ടാക്കിയെന്നും ആരോപിച്ചിരുന്നു.




2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബബിത ഫോഗട്ട് സംസ്ഥാനത്തെ ചാര്‍ക്കി ദാദ്രിയില്‍ നിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. ഹരിയാനയില്‍, രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന രണ്ടാമത്തെ പ്രമുഖ വനിതാ ഗുസ്തി താരമാണ് വിനേഷ് ഫോഗട്ട്. കൊമേര്‍ഷ്യല്‍ പൈലറ്റും, മുന്‍ സൈനിക ക്യാപ്റ്റനുമായ യോഗേഷ് ഭൈരഗിയെ ബിജെപി വിനേഷിന്റെ എതിരാളിയാക്കിയെങ്കിലും ഫലമുണ്ടായില്ല. കോവിഡ് കാലത്ത് വിദേശത്ത് കുടുങ്ങി പോയ ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാനുള്ള ദൗത്യത്തില്‍ സുപ്രധാന പങ്കുവഹിച്ചതും ചെന്നൈയിലെ വെള്ളപ്പൊക്കകാലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ കാട്ടിയ മികവും അടക്കം നിരവധി നേട്ടങ്ങളുടെ കഥ പറയാനുണ്ട് ഈ 35 കാരന്. ബിജെപി ഹരിയാന യൂത്ത് വിങ്ങിന്റെ പ്രസിഡന്റുമാണ്. എന്തായാലും വിനേഷിനെ തടുത്തു നിര്‍ത്താന്‍ യോഗേഷ് ഭൈരഗിക്കായില്ല.




അഖാഡകളില്‍ ഇനി വനിതാ താരങ്ങള്‍ നിറയുമോ?

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍, വിനേഷ് ഫോഗട്ട് കായിക മന്ത്രിയാകുമെന്ന് പല വനിതാ ഗുസ്തി താരങ്ങളും പ്രതീക്ഷിച്ചിരുന്നു. ഒരുകാലത്ത് ഹരിയാനയിലെ അഖാഡകളിലെ ഗോദായില്‍ മാറ്റുരയ്ക്കാന്‍ ധാരാളം പെണ്‍കുട്ടികളും ആണ്‍കുട്ടികളും എത്തിയിരുന്നു. വലിയ മത്സരങ്ങളില്‍ മെഡലുകള്‍ നേടിയാല്‍ കിട്ടുന്ന സര്‍ക്കാര്‍ ജോലിയായിരുന്നു പലരുടെയും ആകര്‍ഷണം. 2023 ല്‍ വിനേഷ് ഫോഗട്ടും സാക്ഷി മാലിക്കും ബജ്‌റങ് പൂനിയയും അടക്കമുള്ളവര്‍ ലൈംഗിക പീഡനാരോപണം നേരിട്ട ഗുസ്തി ഫെഡറേഷന്‍ മേധാവിയും ബിജെപി എംപിയും ആയിരുന്ന ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന് എതിരെ സമരത്തിന് ഇറങ്ങിയതോടെ കാര്യങ്ങള്‍ എല്ലാം മാറി മറിഞ്ഞു. അഖാഡകളില്‍ വനിതാ ഗുസ്തിതാരങ്ങളുടെ കൊഴിഞ്ഞുപോക്ക് വര്‍ദ്ധിച്ചു. വിനേഷ് ഫോഗട്ട് കായിക മന്ത്രിയായാല്‍ കൂടുതല്‍ വനിതാ ഗുസ്തി താരങ്ങള്‍ അഖാഡകളിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷ ഉയര്‍ന്നിരുന്നു. വിനേഷ് മന്ത്രിയായില്ലെങ്കിലും എംഎല്‍എ ആയുള്ള സാന്നിധ്യം ഒരു പക്ഷേ വനിതകള്‍ക്ക് പ്രചോദനമായേക്കും.



ഹരിയാനയുടെ ഹൃദയത്തില്‍ വീരപുത്രി

ജിണ്ഡ് ജില്ലയുടെ ബാഗമായ ജുലാന ഹരിയാനയുടെ ഹൃദയം എന്നാണ് അറിയപ്പെടുന്നത്. 2019 ല്‍ ജെജെപിയുടെ അമര്‍ജീത്ത് ദണ്ഡ 61,942 വോട്ടിനാണ് ജുലാനയില്‍ നിന്ന് ജയിച്ചത്. ജനറല്‍ സീറ്റായ ജുലാനയില്‍ ജനസംഖ്യ 15,561. പുരുഷന്മാര്‍ 53 ശതമാനവും സ്ത്രീകള്‍ 47 ശതമാനവും,

കൗണ്ടിങ് ആരംഭിച്ചപ്പോള്‍ വിനേഷിന് ലീഡ് കിട്ടിയെങ്കിലും ഒരുഘട്ടത്തില്‍ പിന്നിലായിരുന്നു. എന്നാല്‍, പിന്നീട് ലീഡ് പിടിച്ച് ഭേദപ്പെട്ട ഭൂരിപക്ഷത്തിന് ജയിച്ചുകയറുകയും ചെയ്തു. രണ്ടുപതിറ്റാണ്ടിന് ശേഷമാണ് കോണ്‍ഗ്രസ് ജുലാന തിരിച്ചുപിടിച്ചതെന്ന പ്രത്യേകതയും ഉണ്ട്.

ഒളിമ്പിക്‌സിലെ മെഡല്‍ നഷ്ടത്തോടെ വിനേഷിന് കൈവന്ന രാജ്യത്തിന്റെ വീരപുത്രി എന്ന പരിവേഷവും തിരഞ്ഞെടുപ്പില്‍ നേട്ടമായി എന്നുകരുതാം. വിനേഷ് ഉള്‍പ്പെടുന്ന ജാട്ട് വിഭാഗം പ്രബലമായ ജുലാനയില്‍ ജാതി സമവാക്യങ്ങളും തുണയായി. ജെജെപിയും ഐഎന്‍എല്‍ഡിയും ആംആദ്മി പാര്‍ട്ടി എല്ലാം ജാട്ട് വിഭാഗക്കാരെ സ്ഥാനാര്‍ഥികളാക്കി പോരിന് വീര്യം കൂട്ടി. പിന്നാക്ക വിഭാഗത്തില്‍ പെട്ട യോഗേഷ് ഭൈരഗിയെ കളത്തിലിറക്കി ജാട്ടിതര വോട്ടുകളുടെ ധ്രൂവീകരണത്തിന് ബിജെപി ശ്രമിച്ചെങ്കിലും വിനേഷിന് മുമ്പില്‍ ആ തന്ത്രവും പാളി.

Tags:    

Similar News