വിജെഎഫ് നല്‍കുന്നത് സ്വകാര്യ നിക്ഷേപമുള്ള സാമ്പത്തിക ലാഭമില്ലാത്ത അടിസ്ഥാന വികസന പദ്ധതികള്‍ക്ക്; വിഴിഞ്ഞത്ത് ഒഴുകിയെത്തുക കോടികള്‍; വയബിലിറ്റ് ഗ്യാപ്പ് ഫണ്ടിന് അനുവദിക്കാത്തിന് പിന്നില്‍ ലാഭക്കണക്ക്; 65 കൊല്ലം അദാനി പണമുണ്ടാക്കുമ്പോള്‍ വായപ് അടയ്‌ക്കേണ്ടത് കേരളമോ? വിഴിഞ്ഞത്ത് സംഭവിക്കുന്നത്

Update: 2024-11-02 03:44 GMT

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖനിര്‍മാണത്തിനു കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) ദീര്‍ഘകാല ലാഭത്തില്‍ നിന്നു തിരിച്ചടയ്ക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ കേരളം പ്രതിഷേധം അറിയിക്കും. അടിസ്ഥാനസൗകര്യ വികസനത്തില്‍ സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സാമ്പത്തികമായി ലാഭകരമാകാത്ത പദ്ധതികള്‍ക്കു പ്രഖ്യാപിച്ച ധനസഹായമായ വിജിഎഫ് കേരളത്തിനു മാത്രം വായ്പയായി മാറ്റിയാണ് കേന്ദ്ര സര്‍ക്കാര്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ വിഴിഞ്ഞം പദ്ധതിയ്ക്ക് ലാഭം ഉറപ്പാണെന്നും അതുകൊണ്ട് തന്നെ ലാഭകരമല്ലാത്ത പദ്ധതിക്ക് കീഴില്‍ വരില്ലെന്നുമാണ് കേന്ദ്ര നിലപാട്. ട്രയല്‍ റണ്‍സമയത്തെ കണ്ടൈനര്‍ ഇറക്കില്‍ തന്നെ ഇതിന്റെ സൂചനകളുണ്ട്. ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് തന്നെ വിഴിഞ്ഞം ഉണ്ടാക്കാന്‍ പോകുന്ന ലാഭം കേന്ദ്രം തിരിച്ചറിയുന്നു. ഇതുകൊണ്ടാണ് പുതിയ നീക്കം.

തൂത്തുക്കുടി തുറമുഖത്തിന് സമാനമായി കേന്ദ്രം വിജിഎഫ് പ്രഖ്യാപിച്ചത് ധനസഹായമായാണ്. വായ്പാ വ്യവസ്ഥ ഒഴിവാക്കി ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനമന്ത്രിക്കു കത്തയച്ചുവെങ്കിലും വിഴിഞ്ഞത്തെ ലാഭക്കണക്കുകള്‍ വിനയായി മാറും. വിജിഎഫിന് തത്വത്തില്‍ അംഗീകാരം ലഭിച്ച ആദ്യത്തെ തുറമുഖ പദ്ധതിയാണ് വിഴിഞ്ഞം. 817.80 കോടി രൂപയാണ് വിജിഎഫ് ആയി കേന്ദ്രം അനുവദിക്കേണ്ടത്. ഇപ്പോള്‍ മുടക്കുന്ന തുകയ്ക്ക് ഭാവിയില്‍ തുറമുഖം ലാഭത്തിലെത്തുമ്പോഴേക്കുള്ള മൂല്യത്തിന് അനുസരിച്ചുള്ള തിരിച്ചടവ് (നെറ്റ് പ്രസന്റ് വാല്യു) വ്യവസ്ഥയാണ് കേന്ദ്രം മുന്നോട്ടു വയ്ക്കുന്നത്. ട്രയല്‍ റണിന്റെ ആദ്യ ഘട്ടങ്ങളില്‍ തന്നെ വിഴിഞ്ഞം വലിയ നേട്ടങ്ങളിലേക്ക് കുതിക്കുകയാണ്. വമ്പന്‍ കണ്ടൈനറുകള്‍ പോലും എത്തി. നികുതി ഇനത്തില്‍ മാസങ്ങള്‍ക്കുള്ളില്‍ കേരളത്തിന് അഞ്ചു കോടിയില്‍ അധികം കിട്ടി. അത്തരമൊരു പദ്ധതിയ്ക്ക് ലാഭകരമാകാത്ത പദ്ധതികള്‍ക്കു പ്രഖ്യാപിച്ച ധനസഹായം എങ്ങനെ നല്‍കുമെന്നാണ് കേന്ദ്രം ഉയര്‍ത്തുന്ന ചോദ്യം.

ഇപ്പോഴത്തെ കണക്കുകൂട്ടലില്‍ തിരിച്ചടവ് ഏകദേശം 10,000 12,000 കോടി രൂപയാകുമെന്നു മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു. വലിയ തുക പദ്ധതിക്കായി മുടക്കുകയും വര്‍ഷങ്ങള്‍ക്കു ശേഷം മാത്രം വരുമാനം ലഭിച്ചു തുടങ്ങുകയും ചെയ്യുന്ന വ്യവസ്ഥയിലാണ് നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖത്തിനു വേണ്ടി ചെലവഴിക്കുന്നത്. വിജിഎഫ് തിരിച്ചടയ്‌ക്കേണ്ടി വന്നാല്‍ സംസ്ഥാനത്തിനു സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും കത്തില്‍ പറയുന്നു. എന്നാല്‍ ലാഭം കിട്ടുമ്പോള്‍ പണം തിരിച്ചടച്ചാല്‍ മതിയെന്ന നിലപാട് കേന്ദ്രം എടുത്തേക്കും. അതിനിടെ വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ വയബിലിറ്റി ഗ്യാപ് ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ തിരിച്ചടയ്ക്കണമെന്ന കേന്ദ്ര നിബന്ധന സംസ്ഥാനത്തോടുള്ള ചതിയും വിവേചനവുമാണെന്ന് മന്ത്രി വി.എന്‍.വാസവന്‍ പ്രതികരിച്ചിട്ടുണ്ട്.

പദ്ധതിയുടെ അവസാനവട്ട ട്രയല്‍ റണ്‍ പുരോഗമിക്കുകയാണ്. പദ്ധതിക്കാവശ്യമായ 8867 കോടി രൂപയില്‍ 5595 കോടി രൂപ സംസ്ഥാന സര്‍ക്കാരാണ് ചെലവഴിക്കുന്നത്. ഇതില്‍ 2159 കോടി രൂപ ചെലവഴിച്ചു. കേന്ദ്ര ഫണ്ട് ഒരു രൂപ പോലും ലഭിച്ചതുമില്ല. വിജിഎഫ് ലഭ്യമാക്കുന്നതിനുള്ള കരാര്‍ ഉണ്ടാക്കുന്നത് കേന്ദ്രസര്‍ക്കാരും അദാനി കമ്പനിയും തുക നല്‍കുന്ന ബാങ്കും തമ്മിലാണ്. എന്നാല്‍ തിരിച്ചടയ്ക്കാനുള്ള കരാര്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മില്‍ വേണമെന്നതു വിചിത്രമായ നിബന്ധനയാണെന്നും മന്ത്രി പറയുന്നു. ഇതും കേരളം ചര്‍ച്ചയാക്കും. തുക തിരിച്ചടയ്‌ക്കേണ്ട ബാധ്യത അദാനിയുടേതാക്കി മാറ്റാനും സര്‍ക്കാര്‍ ശ്രമിച്ചേക്കും.

നിര്‍മാണക്കാലയളവുള്‍പ്പെടെ 2034 വരെ ആദ്യത്തെ 15 വര്‍ഷം ലാഭവിഹിതം പൂര്‍ണമായും അദാനി ഗ്രൂപ്പിനാകും. 16-ാം വര്‍ഷം മുതല്‍ ഒരുശതമാനം വീതം ലാഭവിഹിതം സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന് (വിസില്‍) നല്‍കും. ഇത് 40 വര്‍ഷം വരെ ഓരോ ശതമാനം വര്‍ധിച്ച് 25 ശതമാനം വരെയാകും. ഈ സാഹചര്യത്തില്‍ തുക തിരിച്ചു പിടിക്കണമെങ്കില്‍ അദാനിയില്‍ നിന്ന് വേണമെന്നാണ് കേരളത്തിന്റെ നിലപാട്.

വാണിജ്യപ്രവര്‍ത്തനം തുടങ്ങുംമുന്‍പുതന്നെ ലോകത്തെ പ്രമുഖ കപ്പല്‍ കമ്പനികള്‍ വിഴിഞ്ഞത്ത് താത്പര്യം പ്രകടിപ്പിച്ചെത്തുന്നത് ആഗോളരംഗത്തെ പ്രതിസന്ധികള്‍കൂടി കണക്കിലെടുത്താണ്. ലോകത്തെ ഏറ്റവും വലിയ കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയും (എം.എസ്.സി.) അടക്കം വിഴിഞ്ഞത്തെ പ്രതീക്ഷയോടെ കാണുന്നു. ഇന്ത്യയിലേക്കും തിരിച്ചുമുള്ള ചരക്ക് നിലവില്‍ കൈകാര്യംചെയ്യുന്ന ട്രാന്‍സ്ഷിപ്മെന്റ് തുറമുഖങ്ങളായ കൊളംബോയിലും സിങ്കപ്പൂരിലും ചരക്കിറക്കാന്‍ നാലും അഞ്ചും ദിവസം പുറങ്കടലില്‍ കാത്തുകിടക്കേണ്ടിവരുന്നതാണ് പെട്ടെന്നുതന്നെ വിഴിഞ്ഞത്തേക്ക് കപ്പല്‍ കമ്പനികളുടെ ശ്രദ്ധതിരിയാന്‍ കാരണം. ഇതു കാരണം വന്‍ ലാഭം വിഴിഞ്ഞത്തിനുണ്ടാകും. ഇതെല്ലാം തിരിച്ചറിഞ്ഞാണ് കേന്ദ്രത്തിന്റെ മലക്കം മറിയല്‍.

വിഴിഞ്ഞത്ത് അടുത്ത രണ്ടുഘട്ടങ്ങളും പൂര്‍ത്തിയാകുന്നതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നടത്തിപ്പവകാശം 65 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിലേക്ക് എത്തിച്ചേരും. കരാര്‍പ്രകാരം 40 വര്‍ഷത്തേക്കാണ് തുറമുഖത്തിന്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് നല്‍കിയിരുന്നത്. സ്വന്തംനിലയില്‍ തുക മുടക്കി രണ്ടുംമൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ നടത്തിപ്പവകാശം 20 വര്‍ഷത്തേക്കുകൂടി അദാനി ഗ്രൂപ്പിന് നല്‍കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ഓഖി, പ്രളയം തുടങ്ങിയ മനുഷ്യ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങള്‍മൂലമാണ് 2019-ല്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതി വൈകിയതെന്ന അദാനി ഗ്രൂപ്പിന്റെ വാദം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.

അതിനാല്‍ നിര്‍മാണക്കാലയളവ് അഞ്ചുവര്‍ഷംകൂടി നീട്ടി നല്‍കിയിട്ടുമുണ്ട്. ഇതോടെ 2075 വരെ ആകെ 65 വര്‍ഷത്തേക്ക് തുറമുഖം അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാകും. ഈ സാഹചര്യത്തില്‍ സംസ്ഥാനം പണം തിരിച്ചടയ്ക്കണമന്ന് പറയുന്നത് അനീതിയാണെന്ന വാദം ശക്തമാണ്.

Tags:    

Similar News