ശ്രീമതിയെ 'സെക്രട്ടറിയേറ്റില്‍' നിന്ന് വിലക്കിയ പിണറായി എസ് എഫ് ഐ ഒ കേസിലെ പ്രതിയുമായി അതീവ സുരക്ഷാ മേഖലകളില്‍ എത്തി; ഉന്നത തല അവലോകന യോഗത്തിലും പങ്കെടുത്തത് കുടുംബത്തോടൊപ്പം; കേന്ദ്ര സര്‍ക്കാരിന് അതൃപ്തി; സിപിഎമ്മിലും ആ ഫോട്ടോകള്‍ ഞെട്ടലാകുമ്പോള്‍; സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ അടുക്കളക്കാര്യമല്ലെന്ന് കടന്നാക്രമിച്ച് ചെന്നിത്തലയും

Update: 2025-04-28 06:42 GMT

തിരുവനന്തപുരം: വിഴിഞ്ഞം സന്ദര്‍ശനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബ സമേതം ഔദ്യോഗിക വിലയിരുത്തല്‍ യോഗത്തില്‍ പങ്കെടുത്തത് വിവാദത്തില്‍. ബോര്‍ഡ് യോഗ ഹാളില്‍ അടക്കം കുടുംബത്തോടൊപ്പം ഇരുന്നാണ് മുഖ്യമന്ത്രി വിശകലന യോഗത്തില്‍ പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗ് നടത്തുന്ന സാഹചര്യത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ അടക്കം വിലയിരുത്തി എന്നാണ് സൂചന. കേന്ദ്ര ഏജന്‍സിയായ എസ് എഫ് ഐ ഒ മാസപ്പടി കേസില്‍ കുറ്റപത്രം നല്‍കിയിട്ടുണ്ട്. ഗുരുതര ആരോപണങ്ങളാണ് ഇതില്‍ ഉയര്‍ത്തിയത്. സ്ഥലം എംഎല്‍എ പോലും വിളിക്കാത്ത മുഖ്യമന്ത്രിയുടെ വിഴിഞ്ഞം സന്ദര്‍ശനത്തില്‍ കുടുംബം എത്തിയതിനെ ആരും കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍ ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുപ്പിച്ചതാണ് ചോദ്യമായി മാറുന്നത്. കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തില്‍ തികഞ്ഞ അതൃപ്തിയിലാണ്. അതിനിടെ സിപിഎമ്മിലും ഈ സന്ദര്‍ശനം വിവാദത്തിലായിട്ടുണ്ട്. കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാര്‍ ആരും കുടുംബത്തോടൊപ്പം ഇത്തരം സാഹചര്യങ്ങളില്‍ സന്ദര്‍ശനം നടത്താറില്ലെന്നാണ് സിപിഎം നേതാക്കളുടെ പക്ഷം. എന്നാല്‍ കേരളത്തിലെ സിപിഎമ്മില്‍ പിണറായി വിജയന്‍ സര്‍വ്വ ശക്തനാണ്. അതുകൊണ്ട് തന്നെ ആരും പാര്‍ട്ടി വേദികളില്‍ ഈ ചര്‍ച്ച സജീവമാക്കില്ല. അതീവ സുരക്ഷാ മേഖലയായ വിഴിഞ്ഞത്ത് കൂടുതല്‍ കരുതലുകള്‍ അനിവാര്യമാണെന്ന് തിരിച്ചറിവില്‍ കേന്ദ്ര ഏജന്‍സികള്‍ എത്തിയിട്ടുണ്ട്. എസ് എഫ് ഐ ഒ കേസുണ്ടെങ്കിലും വീണാ വിജയന് ഒന്നും വരില്ലെന്ന സന്ദേശം നല്‍കാനാണ് വിഴിഞ്ഞത്ത് കുടുംബ സമേതം പിണറായി എത്തിയതെന്ന വിലയിരുത്തല്‍ സംസ്ഥാന ബിജെപി ഘടകത്തിനുമുണ്ട്.

അതിനിടെ വിഴിഞ്ഞം തുറമുഖത്തിന്റെ അവലോകന യോഗത്തില്‍ ഭാര്യയേയും മകളേയും കൊച്ചുമകനെയും ഒപ്പമിരുത്തിയ മുഖ്യമന്ത്രിയുടെ നടപടി അങ്ങേയറ്റം അപമാനകരവും അപലപനീയവുമാണെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ എന്നത് പിണറായി വിജയന്റെ അടുക്കളക്കാര്യമല്ല. ഗുരുതരമായ അഴിമതി ആരോപണത്തില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട പ്രതിയാണ് വീണാ വിജയന്‍. അത്തരമൊരാളെ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ അവലോകന യോഗത്തില്‍ എങ്ങനെയാണ് പങ്കെടുപ്പിക്കാന്‍ ആവുന്നത്. മുഖ്യമന്ത്രിയുടെ കുടുംബക്കാര്യമല്ല വിഴിഞ്ഞം തുറമുഖ പദ്ധതി.. ഇത്തരം സംഭവങ്ങള്‍ ഇനി ഉണ്ടാകാന്‍ പാടില്ലെന്നും രമേശ് ചെന്നിത്തല ആഞ്ഞടിച്ചു. ഇതോടെ സംഭവം കൂടുതല്‍ വിവാദത്തിലാകുകയാണ്. വിഴിഞ്ഞം തുറമുഖം കമ്മിഷന്‍ ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് സുരക്ഷ അതിശക്തമാക്കും. വിഴിഞ്ഞവും സമീപ പ്രദേശങ്ങളും കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ഉള്‍ക്കടലില്‍ നേവിയടക്കം പരിശോധന ശക്തമാക്കി. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കര്‍ശന നിരീക്ഷണവും പരിശോധനയും. കമ്മിഷന്‍ ചടങ്ങിനെത്തുന്ന ഓരോരുത്തരെയും വിശദമായ പരിശോധനയ്ക്കു വിധേയമാക്കാനാണ് തീരുമാനം. മേയ് രണ്ടിനാണ് ഉദ്ഘാടനം. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ കുടുംബവുമായുള്ള സന്ദര്‍ശനം വിവാദമാകുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പികെ ശ്രീമതിയെ പങ്കെടുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ പ്രവര്‍ത്തനത്തിന്റെ പേരില്‍ കേന്ദ്ര കമ്മറ്റിയില്‍ എത്തിയ ആള്‍ കേരളത്തിലെ യോഗത്തില്‍ പങ്കെടുക്കേണ്ടെന്നാണ് മുഖ്യമന്ത്രി നിലപാട് എടുത്തതത്രേ. എന്നാല്‍ വിഴിഞ്ഞത്ത് ഔദ്യോഗിക കാര്യത്തിനെത്തുമ്പോള്‍ കുടുംബത്തേയും കൊണ്ടു പോകുന്നു. ഇതില്‍ ഇരട്ടത്താപ്പുണ്ടെന്നാണ് സിപിഎമ്മുകാരും പറയുന്നത്.



ഇക്കഴിഞ്ഞ 19ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാന്‍ പി.കെ. ശ്രീമിതി എത്തിയെങ്കിലും പിണറായി വിജയന്‍ അനുവദിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രായത്തില്‍ ഇളവ് നല്‍കിയത് സംസ്ഥാനത്തിന് ബാധകമല്ലെന്നും അതിനാല്‍ എകെജി ഭവനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചാല്‍ മതിയെന്നുമാണ് മുഖ്യമന്ത്രി ശ്രീമതിയോട് പറഞ്ഞത്. ഇത് സംബന്ധിച്ച് അഭിപ്രായം പറയേണ്ട ജനറല്‍ സെക്രട്ടറി എം.എ. ബേബി ഒന്നും പറഞ്ഞതുമില്ല. എന്നാല്‍ അഭിപ്രായം പറയേണ്ടത് ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുമാണെന്ന് പറഞ്ഞ എം.വി. ഗോവിന്ദന്‍ വിവാദമായതോടെ മലക്കംമറിഞ്ഞു. പാര്‍ട്ടിയുടെ സംഘടനാപരമായ തീരുമാനമെന്നാണ് ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. 75 വയസ് പൂര്‍ത്തിയായതിനാല്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവായി. അതിനാല്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കാനാണ് കേന്ദ്ര കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയത്. കേന്ദ്രകമ്മിറ്റിയില്‍ എടുക്കുന്നത് കേരളത്തില്‍ പ്രവര്‍ത്തിക്കാനല്ലെന്നും പറഞ്ഞു. എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുമെന്നും കേരളത്തില്‍ ഉണ്ടെങ്കില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും പി.കെ. ശ്രീമതി വ്യക്തമാക്കി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റാണ് പി.കെ. ശ്രീമതി. അതിനാല്‍ പ്രത്യേക ക്ഷണിതാവാക്കി പങ്കെടുപ്പിക്കാം. അതിനും പിണറായി വിജയന്‍ അനുമതി നല്‍കിയില്ല. ഇതിനിടെയാണ് സിപിഎം കേന്ദ്രങ്ങളില്‍ വിഴിഞ്ഞം വിഷയം ചര്‍ച്ചയാകുന്നത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണം മേയില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രണ്ടുമുതല്‍ നാലുഘട്ടം വരെ ഒറ്റത്തവണയായാണ് നിര്‍മാണം. ഒന്നാംഘട്ടം മെയ് രണ്ടിന് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും. അതേ ആഴ്ചയോ തൊട്ടടുത്ത ആഴ്ചയോ രണ്ടാംഘട്ടനിര്‍മാണം തുടങ്ങാനാണ് ആലോചന. അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ഇതിനുള്ള 9560 കോടി മുടക്കും. മൂന്ന് വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. ഈ ഘട്ടത്തില്‍ 1200 മീറ്റര്‍ ബെര്‍ത്ത്, 920 മീറ്റര്‍ പുലിമുട്ട് എന്നിവ നിര്‍മിക്കും. കണ്ടെയ്നര്‍ സൂക്ഷിക്കാനുള്ള യാര്‍ഡുകളും നിര്‍മിക്കും. പുതിയ ബര്‍ത്തിന്റെ ഓരോ 100 മീറ്ററും ഷിപ് ടു ഷോര്‍ ക്രെയിന്‍ സ്ഥാപിക്കും.1200 മീറ്ററില്‍ 12 ഷിപ് ടു ഷോര്‍ ക്രെയിനുകളുണ്ടാകും. കണ്ടെയ്നര്‍ നീക്കത്തിന് 36 യാര്‍ഡ് ക്രെയിന്‍ സ്ഥാപിക്കും. ഒന്നാംഘട്ടം 24 യാര്‍ഡ് ക്രെയിനും എട്ട് ഷിപ് ടു ഷോര്‍ ക്രെയിനുമാണ് ഉള്ളത്. രണ്ടാംഘട്ടം ബര്‍ത്തിന്റെ മൊത്തം നീളം 2000 മീറ്ററും പുലിമുട്ടിന്റെ നീളം 3880 മീറ്ററുമാകും. കണ്ടെയ്നര്‍ കൈകാര്യശേഷി വര്‍ഷം 45 ലക്ഷമാകും. 1220 മീറ്റര്‍ നീളമുള്ള മള്‍ട്ടിപര്‍പ്പസ് ബര്‍ത്തുകള്‍, 250 മീറ്റര്‍ നീളമുള്ള ലിക്വിഡ് ബര്‍ത്തുകള്‍ (പുലിമുട്ടിനോടനുബന്ധിച്ച്), ലിക്വിഡ് കാര്‍ഗോ സംഭരണ സൗകര്യ വികസനം എന്നിവ രണ്ടാംഘട്ടത്തില്‍. യാര്‍ഡ് നിര്‍മാണത്തിനും മറ്റ് സൗകര്യങ്ങള്‍ക്കുമായി കടല്‍ നികത്തി 77.17 ഹെക്ടര്‍ ഭൂമിയുണ്ടാക്കും. സ്വകാര്യഭൂമി ഏറ്റെടുക്കില്ല. 2045ല്‍ പൂര്‍ത്തിയാകേണ്ട പ്രവൃത്തിയാണ് 17 വര്‍ഷംമുമ്പ് പൂര്‍ത്തിയാക്കുക. ഇതെല്ലാം അവലോകനം ചെയ്യാനാണ് മുഖ്യമന്ത്രി കുടുംബ സമേതം കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് എത്തിയത്.



ട്രയല്‍ റണ്‍ കാലത്തുതന്നെ നേട്ടങ്ങള്‍ക്കുമേല്‍ നങ്കൂരമിട്ടാണ് വിഴിഞ്ഞം രാജ്യന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ കപ്പലുകള്‍ ഉള്‍പ്പെടേ 250ഓളം കപ്പലുകള്‍ വിഴിഞ്ഞത്തെത്തി. ഇവയില്‍ പലതും ആദ്യമായാണ് ഒരു ഇന്ത്യന്‍ തുറമുഖത്ത് എത്തുന്നത്. മാസം ഒരു ലക്ഷം കണ്ടെയ്‌നറുകള്‍ വരെ കൈകാര്യം ചെയ്ത് ചരക്ക് കൈമാറ്റത്തില്‍ ദക്ഷിണേന്ത്യയിലെ മുന്‍നിര തുറമുഖമായി ഇതിനകം വിഴിഞ്ഞം മാറി. എട്ട് മാസത്തെ ട്രയല്‍ റണ്‍ കാലം ലോകത്തിന് മുന്നില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളുടെ പ്രകാശനം കൂടിയായിരുന്നു. ലോക വ്യാപാര ഭൂപടത്തിലേക്കുള്ള ഇന്ത്യയുടെ സമുദ്ര കവാടമെന്ന വിളിപ്പേര് അന്വര്‍ഥമാക്കുന്ന നേട്ടങ്ങളാണ് ഈ കലയളവില്‍ വിഴിഞ്ഞം നേടിയത്. 2024 ജൂലൈ 11. വിഴിഞ്ഞ് ആദ്യ മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാണ്ടോ നങ്കൂരമിട്ടു. പിന്നെ വിഴിഞ്ഞത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ലോകത്തെ വന്‍കിട കപ്പലുകള്‍ ഒന്നൊന്നായി വിഴിഞ്ഞം തീരമണഞ്ഞു. ഇതുവരെയെത്തിയത് 250ഓളം കപ്പലുകള്‍ . എം.എസ്.സി തുര്‍ക്കിയ, ക്ലോഡിയ ഗിറാഡെറ്റ് തുടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ കപ്പലുകള്‍ ഉള്‍പ്പെടേ. കണ്ടെയ്‌നര്‍ കൈമാറ്റത്തിലും വിഴിഞ്ഞം റെക്കോഡുകള്‍ ഭേദിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ 51 കപ്പലുകളാണ് വിഴിഞ്ഞം തീരമണിഞ്ഞത്. 1.08 ലക്ഷം കണ്ടെയനറുകള്‍ കൈകാര്യം ചെയ്തു. ഫെബ്രുവരിയില്‍ എത്തിയ 40 കപ്പലുകളില്‍ നിന്നായി 78,833 ടിഇയു കണ്ടെയ്‌നറുകളാണ് കൈകാര്യം ചെയത്. ദക്ഷിണേന്ത്യയിലെ 15 തുറമുഖങ്ങളില്‍ കണ്ടെയ്‌നര്‍ കൈമാറ്റത്തില്‍ വിഴിഞ്ഞം ഒന്നാമതെത്തി.

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയാണ് എം.എസ്.സി. എം.എസ്.സിയുടെ വിഖ്യാതമായ ജെയ്ഡ് സര്‍വ്വീസിന്റെ ഭാഗമാണ് ഇപ്പോള്‍ വിഴിഞ്ഞം. ഇതിലൂടെ ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ വ്യാപാര ഗതാഗത ശൃഘലയുടെ ഭാഗമായി വിഴിഞ്ഞം. ചൈനകിഴക്കേഷ്യമിഡിലീസ്റ്റ് എന്നീ പ്രധാന കപ്പല്‍ വ്യാപാര മേഖല ഉള്‍പ്പെടുന്നതാണ് ജെയ്ഡ് സര്‍വ്വീസ്. ഇതുവഴി 15000ലധികം ടി.ഇ.യു കണ്ടെയ്‌നര്‍ ശേഷിയുള്ള എം.എസ്,സിയുടെ കപ്പലുകളെല്ലാം വിഴിഞ്ഞത്തെത്തും. കൊളംബോ, സിംഗപ്പൂര്‍ തുങ്ങിയ പോര്‍ട്ടുകളെ ബന്ധപ്പെടാതെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ചൈന, തെക്ക് കിഴക്കേഷ്യ, മിഡിലീസ്റ്റ് രാജ്യങ്ങളിലേക്ക് നേരിട്ടെത്തിക്കാം.

Tags:    

Similar News