ജേഡ് സര്‍വീസില്‍ ഇടംപിടിച്ചതോടെ ദക്ഷിണേഷ്യയുടെ ചരക്കുഗതാഗത മുഖമായി വിഴിഞ്ഞം മാറും; 2028നകം അടുത്തഘട്ടം പൂര്‍ത്തീകരിക്കുമ്പോള്‍ വിഴിഞ്ഞം തുറമുഖത്തിന്റെ കുറഞ്ഞ സ്ഥാപിതശേഷി പ്രതിവര്‍ഷം 30 ലക്ഷം ടിഇയു ആകും; വിഴിഞ്ഞം ചര്‍ച്ചയാക്കുന്നത് ചരക്കു നീക്കത്തിന്റെ അനന്തസാധ്യത
തിരുവനന്തപുരം : ലോകത്തിലെ പ്രധാന തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ജേഡ് സര്‍വീസ് എംഎസ്സി പ്രഖ്യാപിച്ചത് അതിനിര്‍ണ്ണായകം. വലിയ കപ്പലുകള്‍ക്ക് ബെര്‍ത്ത് ചെയ്യാന്‍ കഴിയുന്നതും ഉയര്‍ന്നതോതില്‍ കണ്ടെയ്‌നറുകള്‍ കൈമാറ്റം ചെയ്യാന്‍ കഴിയുന്നതുമായ തുറമുഖങ്ങളെ മാത്രമാണ് എംഎസ്സി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആ പട്ടികയിലേക്ക് ട്രയല്‍റണ്‍ ഘട്ടത്തില്‍ തന്നെ വിഴിഞ്ഞത്തെ ഉള്‍പ്പെടുത്തിയെന്നത് വലിയ നേട്ടമാണ്. ജേഡ് സര്‍വീസില്‍ ഇടംപിടിച്ചതോടെ ദക്ഷിണേഷ്യയുടെ ചരക്കുഗതാഗത മുഖമായി വിഴിഞ്ഞം മാറും. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി മോദി രാജ്യത്തിന് സമര്‍പ്പിക്കുന്നത് ഏറെ പ്രത്യേകതകളുള്ള വികസന മോഡലാണ്.
2023 ഒക്ടോബര്‍ 15 ന് ഷെന്‍ഹുവ എന്ന ചൈനീസ് കപ്പല്‍ വിഴിഞ്ഞം തീരത്ത് നങ്കൂരമിട്ടു. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയല്‍ അടിസ്ഥാനത്തില്‍ കപ്പലുകള്‍ വന്നു തുടങ്ങിയത്. 2024 ഡിസംബര്‍ 3 മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി. മൂന്നു മാസത്തോളം നീണ്ടുനിന്ന ട്രയല്‍ റണ്‍ വേളയില്‍ത്തന്നെ 272 ല്‍ പരം കൂറ്റന്‍ കപ്പലുകള്‍ വിഴിഞ്ഞത്തെത്തി. ഈ ഘട്ടത്തില്‍ തന്നെ അഞ്ചര ലക്ഷത്തിലധികം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്തതും തുറമുഖത്തിന്റെ അനന്തമായ സാധ്യതയാണ് കാട്ടിത്തരുന്നത്.
ദക്ഷിണേഷ്യയിലുള്ള ചൈനയിലെ ക്വിങ്ദാവോ, നിങ്‌ബോ ഷൗഷാന്‍, ഷാങ്ഹായ്, യാന്റിയന്‍ ദക്ഷിണ കൊറിയയിലെ ബുസാന്‍, സിംഗപ്പൂര്‍ എന്നീ വന്‍കിട തുറമുഖങ്ങളുടെ കൂട്ടത്തിലേക്കാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എത്തുന്നത്. സിംഗപ്പൂരില്‍നിന്ന് വിഴിഞ്ഞത്തെത്തുന്ന എംഎസ്സി കപ്പല്‍ അവിടെനിന്ന് സ്പെയിനിലെ വലന്‍സിയ തുറമുഖത്തേക്കും തുടര്‍ന്ന് ബാഴ്‌സലോണ തുറമുഖം വഴി അവസാന കേന്ദ്രമായ ഇറ്റലിയിലെ ജിയോയ ടൗറോ തുറമുഖത്തേക്കുമാണ് പോവുക.
2028നകം തുറമുഖ നിര്‍മാണത്തിന്റെ അടുത്തഘട്ടം പൂര്‍ത്തീകരിക്കുമ്പോള്‍ വിഴിഞ്ഞം തുറമുഖത്തിന്റെ കുറഞ്ഞ സ്ഥാപിതശേഷി പ്രതിവര്‍ഷം 30 ലക്ഷം ടിഇയു ആകും. ഇതിനായി 10000 കോടി രൂപയുടെ ചെലവാണ് കണക്കാക്കുന്നത്. ഈ തുക പൂര്‍ണമായും അദാനി പോര്‍ട്ട്സാകും വഹിക്കുക. വിഴിഞ്ഞം യഥാര്‍ഥ മള്‍ട്ടിമോഡല്‍ ഹബ്ബാണ്. ദേശീയപാത 66ലേക്ക് ചുരുങ്ങിയ സമയത്തില്‍ പ്രവേശനം സാധ്യമാക്കുന്ന റോഡ് കണക്ടിവിറ്റി, ഭാവിയിലെ വര്‍ധിച്ച ചരക്കുഗതാഗതം സുഗമമാക്കാന്‍ കേരളത്തിലെ ആദ്യത്തെ ക്ലോവര്‍ലീഫ് ഇന്റര്‍ചേഞ്ച് എന്നിവ പദ്ധതിയുടെ ഭാഗമാണ്. നിര്‍മാണം ഉടന്‍ ആരംഭിക്കുന്ന റെയില്‍പാത രാജ്യത്തിന്റെ റെയില്‍ ശൃംഖലയുമായി തുറമുഖത്തെ നേരിട്ട് ബന്ധിപ്പിക്കും.
തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണം മേയില്‍ തുടങ്ങും. രണ്ടുമുതല്‍ നാലുഘട്ടംവരെ ഒറ്റത്തവണയായാണ് നിര്‍മാണം. അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ഇതിനുള്ള 9560 കോടി മുടക്കും. മൂന്ന് വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. ഈ ഘട്ടത്തില്‍ 1200 മീറ്റര്‍ ബെര്‍ത്ത്, 920 മീറ്റര്‍ പുലിമുട്ട് എന്നിവ നിര്‍മിക്കും. കണ്ടെയ്നര്‍ സൂക്ഷിക്കാനുള്ള യാര്‍ഡുകളും നിര്‍മിക്കും. പുതിയ ബര്‍ത്തിന്റെ ഓരോ 100 മീറ്ററും ഷിപ് ടു ഷോര്‍ ക്രെയിന്‍ സ്ഥാപിക്കും.1200 മീറ്ററില്‍ 12 ഷിപ് ടു ഷോര്‍ ക്രെയിനുകളുണ്ടാകും. കണ്ടെയ്നര്‍ നീക്കത്തിന് 36 യാര്‍ഡ് ക്രെയിന്‍ സ്ഥാപിക്കും. ഒന്നാംഘട്ടം 24 യാര്‍ഡ് ക്രെയിനും എട്ട് ഷിപ് ടു ഷോര്‍ ക്രെയിനുമാണ് ഉള്ളത്. രണ്ടാംഘട്ടം ബര്‍ത്തിന്റെ മൊത്തം നീളം 2000 മീറ്ററും പുലിമുട്ടിന്റെ നീളം 3880 മീറ്ററുമാകും. കണ്ടെയ്നര്‍ കൈകാര്യശേഷി വര്‍ഷം 45 ലക്ഷമാകും.
1220 മീറ്റര്‍ നീളമുള്ള മള്‍ട്ടിപര്‍പ്പസ് ബര്‍ത്തുകള്‍, 250 മീറ്റര്‍ നീളമുള്ള ലിക്വിഡ് ബര്‍ത്തുകള്‍ (പുലിമുട്ടിനോടനുബന്ധിച്ച്), ലിക്വിഡ് കാര്‍ഗോ സംഭരണ സൗകര്യ വികസനം എന്നിവ രണ്ടാംഘട്ടത്തില്‍ വരും. യാര്‍ഡ് നിര്‍മാണത്തിനും മറ്റ് സൗകര്യങ്ങള്‍ക്കുമായി കടല്‍ നികത്തി 77.17 ഹെക്ടര്‍ ഭൂമിയുണ്ടാക്കും. സ്വകാര്യഭൂമി ഏറ്റെടുക്കില്ല. 2045ല്‍ പൂര്‍ത്തിയാകേണ്ട പ്രവൃത്തിയാണ് 17 വര്‍ഷംമുമ്പ് പൂര്‍ത്തിയാക്കുക.