'നൂലില്‍ കെട്ടിയിറക്കുന്ന ആളിനെ പിന്നില്‍ നിന്നും കുത്തിയാല്‍ എന്തു സംഭവിക്കാം'! തൃത്താല മാറ്റത്തിന് തയ്യാറെടുക്കുമ്പോള്‍ പിന്നില്‍ നിന്ന് കുത്തരുതെന്ന ആവശ്യവുമായി ബല്‍റാം; പാര്‍ടിയല്ല ഞാനാണ് വലുത് എന്ന് പറഞ്ഞാല്‍ അത് ഈ നാട്ടില്‍ നടക്കില്ലെന്ന മുന്‍ ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവന ചര്‍ച്ചയാക്കാന്‍ സിപിഎം; താക്കീതിലും നിര്‍ദ്ദേശത്തിലും എല്ലാം ശുഭമാക്കാന്‍ കെപിസിസിയും; തൃത്താലയില്‍ അതിരുവിടുന്നത് ആര്?

Update: 2025-07-13 14:53 GMT

പാലക്കാട്: തൃത്താല മുന്‍ എംഎല്‍എയും കെപിസിസി വൈസ് പ്രസിഡന്റുമായ വി ടി ബല്‍റാം പാര്‍ടിയെ നശിപ്പിക്കുകയാണെന്ന കെപിസിസി എക്സിക്യൂട്ടീവ് അംഗം സി വി ബാലചന്ദ്രന്റെ അഭിപ്രായം വിവാദമാകുന്നു. കേരളം മാറ്റത്തിന് തയാറെടുക്കുമ്പോള്‍ പിന്നില്‍ നിന്ന് കുത്തരുതെന്നാണ് സിവി ബാലചന്ദ്രനുള്ള ബല്‍റാമിന്റെ മറുപടി. ഇതിനിടെ സിവി ബാലചന്ദ്രന്റെ പരസ്യ പ്രതികരണത്തെ കോണ്‍ഗ്രസ് നേതൃത്വം ഗൗരവത്തില്‍ കാണും. വിവാദം കത്തിക്കരുതെന്ന നിര്‍ദ്ദേശം ഇരു കൂട്ടര്‍ക്കും നല്‍കും. ബാലചന്ദ്രന്റെ പ്രതികരണത്തില്‍ കെപിസിസിയെ ബല്‍റാം പരാതി അറിയിച്ചിട്ടുണ്ട്. സിവി ബാലചന്ദ്രനെ താക്കീത് ചെയ്യാനും സാധ്യതയുണ്ട്. അതിനിടെ ബാലചന്ദ്രന്റെ പ്രസ്താവന വലിയ തോതില്‍ സിപിഎം ചര്‍ച്ചയാക്കുന്നുമുണ്ട്.

വലിയ വിമര്‍ശനമാണ് സിവി ബാലചന്ദ്രന്‍ നടത്തിയത്. അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് ബല്‍റാമിന്റെ കൈമുതല്‍. പാര്‍ടിക്കുവേണ്ടി ഒരു പ്രവര്‍ത്തനവും നടത്താതെ, ചില്ലിക്കാശിന്റെ അധ്വാനമില്ലാതെ നൂലില്‍ക്കെട്ടി ഇറക്കി എംഎല്‍എ ആയ നേതാവാണ്. പ്രവര്‍ത്തകരെ കണ്ടാല്‍ മിണ്ടില്ല, ഫോണ്‍ എടുക്കില്ല. പാര്‍ടിയല്ല ഞാനാണ് വലുത് എന്ന് പറഞ്ഞാല്‍ അത് ഈ നാട്ടില്‍ നടക്കില്ല. അത് അവസാനിപ്പിച്ചേ അടങ്ങൂ. ആളെ കാണാന്‍ നല്ല സുന്ദരനാണ്. പ്രവൃത്തി വിരുദ്ധമായാല്‍ എന്തുചെയ്യും. ആപ്പിള്‍ കാണാനും ആരോഗ്യത്തിനും നല്ലതാണെങ്കിലും അതിനകത്ത് വണ്ട് കയറിയാല്‍ പിടിച്ച് പുറത്തിടുകയല്ലാതെ എന്തുചെയ്യാന്‍ കഴിയുമെന്നും ബാലചന്ദ്രന്‍ ചോദിച്ചു. എരിതീയില്‍ എണ്ണയൊഴിക്കുകയാണ് പ്രധാനപണി. തങ്ങളൊക്കെ ഗ്രൂപ്പിന്റെ ആളുകളാണ്. എന്നാല്‍ ആരോടും പകയോ, ശത്രുതയോ പുലര്‍ത്താറില്ല. സ്ഥാനാര്‍ഥിയാകാന്‍ ആരുടെയും കൈയും കാലും പിടിക്കാറുമില്ല. എന്നാല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാല്‍ വിജയിപ്പിക്കാനാണ് പണിയെടുക്കുകയെന്നും മുന്‍ ഡിസിസി പ്രസിഡന്റുകൂടിയായ സി വി ബാലചന്ദ്രന്‍ പറഞ്ഞു. കപ്പൂര്‍ പഞ്ചായത്തിലെ കൊഴിക്കരയില്‍ കുടുംബയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാലചന്ദ്രന്റെ നൂലില്‍ കെട്ടിയിറക്കല്‍ പരമാര്‍ശത്തിന് പരോക്ഷ മറുപടിയുമായി ബല്‍റാം രംഗത്തു വന്നിരുന്നു. സിപ് ലൈനില്‍ തൂങ്ങി പോകുന്ന ഫോട്ടോ വി. ടി. ബല്‍റാം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. 'സ്‌നേഹം' എന്ന ക്യാപ്ഷനോടെയാണ് ബല്‍റാം ചിത്രം പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് തൃത്താലയില്‍ അടക്കം മാറ്റം വരാന്‍ പോവുകയാണെന്നും അത് ഇല്ലാതാക്കരുതെന്ന തരത്തിലെ ബല്‍റാമിന്റെ പ്രതികരണം. അതിനിടെ ബാലചന്ദ്രന്റെ കടന്നാക്രമണം അതിരുവിട്ടതായി എന്ന് കെപിസിസിയും വിലയിരുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ബാലചന്ദ്രനോട് പരിധി വിടരുതെന്ന് ആവശ്യപ്പെടും. ബല്‍റാമിനോട് പ്രകോപനം ഒഴിവാക്കാനും നിര്‍ദ്ദേശിക്കും. ഈ സാഹചര്യത്തിലാണ് വലിയ കടന്നാക്രമണത്തിന് പോകാതെ 'പിന്നില്‍ നിന്നും കുത്തരുത്' എന്ന പരാമര്‍ശവുമായി ബല്‍റാം എത്തുന്നത്.

''തൃത്താല ഫെസ്റ്റ്' എന്ന പേരില്‍ എല്ലാ വര്‍ഷവും നടന്നുവരാറുള്ള പരിപാടി നാടിന്റെ ഒരു പൊതു ആഘോഷമായിട്ടാണ് സംഘടിപ്പിക്കപ്പെടാറുള്ളതെന്ന് കെപിസിസിസി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാമിന്റെ പ്രസ്താവനയും വലിയ ചര്‍ച്ചയായിരുന്നു. മതപരിപാടിയായല്ല ദേശോത്സവമായാണ് തൃത്താല ഫെസ്റ്റ് നടക്കാറുള്ളതെന്നും ഇത്തവണത്തെ ഫെസ്റ്റിന് മന്ത്രി എം.ബി.രാജേഷ്, എം.പി. അബ്ദുസ്സമദ് സമദാനി, ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ട് എന്നിവരൊക്കെ ആശംസകളര്‍പ്പിച്ചിട്ടുണ്ടെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ബല്‍റാം വ്യക്തമാക്കി. ഇവര്‍ ആശംസകള്‍ അര്‍പ്പിച്ചതിന്റെ സപ്ലിമെന്റും അദ്ദേഹം പങ്കുവെച്ചു. ദേശോത്സവത്തിന്റെ ഭാഗമായി നടന്ന ആന എഴുന്നള്ളത്തില്‍ ഹമാസ്- ഹിസ്ബുല്ല നേതാക്കളുടെ ചിത്രങ്ങളും ഇടം പിടിച്ചിരുന്നു. ഇതിനെതിരെ സംഘ്പരിവാര്‍ വിദ്വേഷ പ്രചാരണവുമായി രംഗത്ത് എത്തിയതിന്റെ പശ്ചാതത്തിലാണ് ബല്‍റാമിന്റെ പ്രതികരണം.

''ഇസ്രയേല്‍-ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഫലസ്തീന്‍ ജനതക്കും അവരുടെ സ്വാതന്ത്ര്യാഭിലാഷങ്ങള്‍ക്കുമൊപ്പമാണ് സംഘികളല്ലാത്ത മുഴുവന്‍ ഇന്ത്യക്കാരും. ഇന്ത്യാ സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടും ഇതേ ദിശയില്‍ത്തന്നെയാണ്. ഹമാസ് എന്ന സംഘടനയുടെ നേതാക്കളെ ഗ്ലോറിഫൈ ചെയ്യണോ എന്നത് വേറെ വിഷയമായി ചര്‍ച്ച ചെയ്യാവുന്നതാണ്. എന്നാല്‍ ഈ വിഷയത്തെ മുസ്ലിം വിരുദ്ധ ഹേയ്റ്റ് ക്യാമ്പയിന് ഉപയോഗിക്കുന്ന സംഘ് പരിവാറിനെ കൃത്യമായിത്തന്നെ പ്രതിരോധിക്കേണ്ടതുണ്ട്. അതിനായി തൃത്താല എന്ന നാട് ഒരുമിച്ച് തന്നെ നിലയുറപ്പിക്കും''- ഫേസ്ബുക്കില്‍ അദ്ദേഹം വ്യക്തമാക്കി. ഈ വിവാദം മാറും മുമ്പാണ് സിവി ബാലചന്ദ്രന്റെ അഭിപ്രായവും എത്തിയത്.

Tags:    

Similar News