ഏഷ്യാനെറ്റ് വരാതെ ഞങ്ങള്‍ ചര്‍ച്ചയ്ക്കില്ല; അന്ന് പാലക്കാട് ജില്ലാ കളക്ടറെ ബന്ദിയാക്കിയപ്പോള്‍ അയ്യങ്കാളി പടയ്ക്ക് വാശി; വെറും കളിത്തോക്കും നൂലുണ്ടയും പ്ലാസ്റ്റിക് പൈപ്പും കൊണ്ട് മണിക്കൂറുകള്‍ ബന്ദിയാക്കിയ ആ കളക്ടര്‍ ഇന്നും വാര്‍ത്തകളില്‍; ദേശീയ പാതയില്‍ കൂരിയാട് തകര്‍ന്ന റോഡ് നിര്‍മ്മിച്ചത് ഡോ.ഡബ്ബ്യൂ ആര്‍ റെഡ്ഡി ഡയറക്ടറായ കെ എന്‍ ആര്‍ സി കമ്പനി; റെഡ്ഡിയുടെ കേരള ബന്ധം ഇങ്ങനെ

റെഡ്ഡിയുടെ കേരള ബന്ധം ഇങ്ങനെ

Update: 2025-05-23 14:02 GMT

തിരുവനന്തപുരം: ആറ് വരി ദേശീയ പാത 66 മലപ്പുറം കൂരിയാട് ഭാഗത്തെ റോഡ് തകര്‍ന്നതോടെ ഹൈദരാബാദ് ആസ്ഥാനമായ കെ എന്‍ ആര്‍ സി എല്‍ എന്ന നിര്‍മ്മാണ കമ്പനിയെ കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരിക്കുകയാണ്. ഈ കമ്പനിയുടെ വെബ്‌സൈറ്റില്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരെ തിരഞ്ഞാല്‍ ആദ്യം കാണുക ഡോ. ഡബ്ല്യു ആര്‍ റെഡ്ഡിയുടെ പേരാണ്. കമ്പനിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ആന്‍ഡ് ഇന്‍ഡിപെന്‍ഡന്റ് ചെയര്‍മാന്‍. ഡോ. ഡബ്ല്യു ആര്‍ റെഡ്ഡിക്ക് പഴയൊരു കേരള ബന്ധമുണ്ട്. അതാണിപ്പോള്‍ ചര്‍ച്ചയാകുന്നത്.


 



ബന്ദിയായ റെഡ്ഡി

ഡോ. വ്ദാരു രാംപുല്ല റെഡ്ഡി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളിലായി 33 വര്‍ഷത്തോളം മുതിര്‍ന്ന പദവികളില്‍ ജോലി നോക്കിയ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്നു. 29 വര്‍ഷം മുമ്പ് റെഡ്ഡി പാലക്കാട് കളക്ടറായിരുന്നു. അക്കാലത്താണ് അയ്യങ്കാളി പടയുടെ നാല്‍വര്‍ സംഘം ഡബ്ല്യു ആര്‍ റെഡ്ഡിയെ മണിക്കൂറുകളോളം ബന്ദിയാക്കിയത്. ഈ സംഭവത്തെ ആധാരമാക്കി പിന്നീട് പട എന്ന പേരില്‍ കമല്‍ കെ.എം, കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ് തുടങ്ങിയവരെ മുഖ്യകഥാപാത്രങ്ങളാക്കി സിനിമ പുറത്തിറക്കിയിരുന്നു.




1996 ലാണ് സംഭവം. ഇ കെ നായനാരാണ് മുഖ്യമന്ത്രി. 1975 ല്‍ പാസാക്കിയ 'ആദിവാസി ഭൂനിയമ'ത്തില്‍ നായനാര്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നതാണ് അയ്യങ്കാളി പടയെ ചൊടിപ്പിച്ചത്. ആദിവാസികളില്‍ നിന്ന് കയ്യേറിയ ഭൂമി പിടിച്ചെടുത്ത് അവര്‍ക്ക് തന്നെ തിരികെ നല്‍കണം എന്നതായിരുന്നു ആദിവാസി ഭൂനിയമത്തിന്റെ കാതല്‍. 1971 ന് ശേഷം കയ്യേറിയ ഭൂമി തിരികെ പിടിച്ച് നല്‍കാനായിരുന്നു സുപ്രീം കോടതി നിര്‍ദ്ദേശമെങ്കിലും, നായനാര്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നു. 1971 എന്ന വര്‍ഷം 1986 ആക്കി മാറ്റി. ആദിവാസികളില്‍ നിന്ന് കയ്യേറിയ ഭൂമിക്ക് പകരം മറ്റെവിടെയെങ്കിലും ഭൂമി നല്‍കിയാല്‍ മതിയെന്നും നിയമ ഭേദഗതിയില്‍ വ്യവസ്ഥ കൊണ്ടുവന്നു. അന്നത്തെ എല്‍.ഡി.എഫ് - യു.ഡി.എഫ് എം.എല്‍.എമാര്‍ ഒന്നടങ്കം ബില്ലിനെ അനുകൂലിച്ചു. സര്‍ക്കാര്‍ ഭേദഗതിയില്‍ പ്രതിഷേധിച്ചാണ് 1996 ഒക്ടോബര്‍ 4ന് നാല് യുവാക്കള്‍ പാലക്കാട് കളക്ട്രേറ്റില്‍ കടന്നുകയറി കളക്ടറെ ബന്ദിയാക്കിയത്.

അന്ന് മലയാളത്തിലെ ഏക സ്വകാര്യ ചാനലായ ഏഷ്യാനെറ്റ് എത്താതെ തങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാവില്ലെന്നായിരുന്നു കളക്ടറെ ബന്ദിയാക്കിയ യുവാക്കളുടെ ആവശ്യം. കല്ലറ ബാബു, അജയന്‍ മണ്ണൂര്‍, കാഞ്ഞങ്ങാട് രമേശന്‍, വിളയോടി ശിവന്‍കുട്ടി എന്നിവരായിരുന്നു ആ നാല് പേര്‍. ആദിവാസി ഭൂനിയമം ഭേദഗതി ചെയ്യുന്ന സര്‍ക്കാര്‍ നടപടിയില്‍ നിന്ന് പിന്മാറുക, കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ആദിവാസി ഫണ്ട് എങ്ങനെ വിനിയോഗിക്കുന്നു എന്നറിയിക്കുക എന്നതായിരുന്നു ബന്ദിയാക്കിയവരുടെ പ്രധാന ആവശ്യങ്ങള്‍.

ഒടുവില്‍, അയ്യങ്കാളി പടയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സമ്മതിച്ചതോടെയാണ് കളക്ടറെ മോചിപ്പിക്കാന്‍ നാല്‍വര്‍ സംഘം തയ്യാറായത്. ഏഷ്യാനെറ്റ് ക്യാമറയ്ക്ക് മുന്നിലായിരുന്നു മോചനം. 'കളിത്തോക്കും, ഒരു നൂലുണ്ട കൊണ്ടും, പ്ലാസ്റ്റിക് പൈപ്പും, ഇലക്ട്രിക് വയര്‍ കൊണ്ടും ഭരണകൂടത്തെ കഴിഞ്ഞ ആറു മണിക്കൂറുകള്‍ ഞങ്ങള്‍ പിടിച്ചു നിര്‍ത്തുകയായിരുന്നു. ഇത് തെളിയിക്കുന്നത് എല്ലാ പിന്തിരിപ്പന്മാരും വെറും കടലാസ് പുലികള്‍ ആണെന്നാണ്. മാവോ അങ്ങനെയാണ് പറഞ്ഞിട്ടുള്ളത്'-എന്നും നാല്‍വര്‍ സംഘം പറഞ്ഞിരുന്നു. ഒത്തുതീര്‍പ്പ് വ്യവസ്ഥയുടെ പേരില്‍ നാല് പേരെയും വിട്ടയച്ചെങ്കിലും പിന്നീട് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തെ കുറിച്ച് ഡബ്ല്യു ആര്‍ റെഡ്ഡി പറഞ്ഞത്

'1996 ഒക്ടോബര്‍ 4 ന് സംഭവിച്ചത് യാഥാര്‍ഥ്യമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം നാടകത്തിന്റെ അംശമില്ലായിരുന്നു. നാലുപേര്‍ എന്നെ ബന്ദിയാക്കി. അവര്‍ ആയുധധാരികളായിരുന്നു. ആത്യന്തികമായി എല്ലാവര്‍ക്കും അതിജീവനം ആണല്ലോ പ്രശ്‌നം. അതേസമയം, ഒടുവില്‍ മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍, അവരുടെ കയ്യില്‍ ഉണ്ടായിരുന്നത് കളിത്തോക്കും വ്യാജ സ്‌ഫോടക വസ്തുക്കളും ആണെന്ന് അവര്‍ പറഞ്ഞു'- 2022 ല്‍ ദി ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഡബ്ല്യു ആര്‍ റെഡ്ഡി പറഞ്ഞു. കേരള സര്‍ക്കാരിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി, നികുതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, മില്‍മ, കേരളാ വാട്ടര്‍ അതോറിട്ടി മാനേജിങ് ഡയറക്ടര്‍ എന്നീ നിലകളിലൊക്കെ സേവനമനുഷ്ഠിച്ച 1986 ബാച്ചിലെ ഐ എ എസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

വെറും നാടകം മാത്രമായിരുന്നു അത് എന്ന മാധ്യമ റിപ്പോര്‍ട്ടുകളെ റെഡ്ഡി വിലയിരുത്തുന്നത് ഇങ്ങനെയാണ്: ' അവര്‍ ആയുധധാരികള്‍ ആയിരുന്നു എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. ആരെങ്കിലും അവരുടെ ബാഗ് പരിശോധിച്ച് അവരുടെ അവകാശവാദം ശരിയാണോ എന്ന് തിട്ടപ്പെടുത്തിയോ? ഇല്ല, അവര്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ വഴിതിരിച്ചുവിടാനും രക്ഷപ്പെടാനും അന്ന് അവര്‍ക്ക് സാധിച്ചു. മാധ്യമങ്ങള്‍ അത് മുഖവിലയ്ക്ക്‌ എടുത്തു. അത് മാധ്യമ പ്രവര്‍ത്തനത്തിന്റെ പരാജയമായി ഞാന്‍ കണക്കാക്കുന്നു'.




ഡബ്ല്യു ആര്‍ റെഡ്ഡിയുടെ അറിവോടെയുള്ള ബന്ദി നാടകമെന്നും പിന്നീട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കേരള രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്നായിരുന്നു റെഡ്ഡിയുടെ മറുപടി. ' അധികാരത്തിലിരുന്നവര്‍ക്ക് മുഖം രക്ഷിക്കാനായിരുന്നു അത്തരം ആരോപണങ്ങള്‍. അക്കാലത്ത് അത്തരം ആരോപണങ്ങള്‍ തീര്‍ച്ചയായും എനിക്ക് ബുദ്ധിമുട്ടുണ്ടാക്കി. എന്നിരുന്നാലും ഞാന്‍ രാഷ്ട്രീയക്കാരെ പഴിക്കുന്നില്ല. അത്തരത്തിലാണ് കേരളത്തിലെ രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നത്. യഥാര്‍ഥ വിഷയം വേറെ എന്തെങ്കിലും ആയിരിക്കും, പക്ഷേ പുറത്തു അധികാര ഗ്രൂപ്പുകളുടെ താല്‍പര്യത്തിന് ഒത്ത മറ്റൊന്നും. അതാണ് യഥാര്‍ഥ നാടകം'- ഡോ. ഡബ്ല്യു ആര്‍ റെഡ്ഡി പഴയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സംഭവത്തെ തുടര്‍ന്ന് റെഡ്ഡിയെ കൊല്ലത്തേക്ക് മാറ്റിയെങ്കിലും അതൊരു പ്രതികാര നടപടിയായി അദ്ദേഹം കാണുന്നുമില്ല.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡവലപ്‌മെന്റിന്റെയും, പഞ്ചായത്തി രാജിന്റെയും ഡയറക്ടര്‍ ജനറലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് ഡോ ഡബ്ല്യു ആര്‍ റെഡ്ഡി. കാര്‍ഷിക മന്ത്രാലയം ജോയിന്റ് സെക്രട്ടറിയായും പഴ്‌സോണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പ് ഡയറക്ടറായും ചുമതല വഹിച്ചു. കെ എന്‍ ആര്‍ സി എല്‍ നിര്‍മ്മാണ കമ്പനി ഡയറക്ടര്‍ ബോര്‍ഡംഗം എന്ന നിലയിലാണ് ഇപ്പോള്‍ ഡോ.ഡബ്ല്യു ആര്‍ റെഡ്ഡി വാര്‍ത്തകളില്‍ നിറയുന്നത്.

Tags:    

Similar News