വഖഫ് ഭേദഗതി നിയമം പാസാകും മുമ്പ് ലക്ഷക്കണക്കിന് ഏക്കര്‍ സ്വന്തമാക്കാന്‍ രാജ്യമാകെ ഗൂഡാലോചന; കര്‍ണാടകയിലെ 1500 ഏക്കര്‍ ഭൂമി നേരം വെളുത്തപ്പോള്‍ വഖഫിന്റേതാക്കി റവന്യൂരേഖ; മുനമ്പത്തെ മനുഷ്യരറിയാതെ അവരുടെ ഭൂമിക്കും വ്യാജ പട്ടയം ഉണ്ടാകുമോ?

Update: 2024-10-29 02:17 GMT

കോഴിക്കോട്: കര്‍ണാടകത്തിലെ വിജയപുരയില്‍ കര്‍ഷകരുടെ കൈവശമുള്ള 1500 ഏക്കറോളം ഭൂമി വഖഫ് ബോര്‍ഡ് ഏറ്റെടുക്കാന്‍ നടത്തുന്ന നീക്കം വിവാദമാകുമ്പോള്‍ ചര്‍ച്ചയാകുന്നത് റവന്യൂ രേഖകളും. വഖഫ് ഭൂമിയാണെന്നു പറഞ്ഞാണ് ബോര്‍ഡ് ഏറ്റെടുക്കുന്നത്. പരമ്പരാഗതമായി തങ്ങള്‍ കൈവശംവെച്ച് അനുഭവിക്കുന്നതാണെന്ന് കര്‍ഷകരും അവകാശപ്പെടുന്നു. കര്‍ഷകരോട് ഭൂമി ഒഴിഞ്ഞുപോകണമെന്ന് റവന്യുവകുപ്പ് നോട്ടീസ് നല്‍കിയതോടെയാണ് പ്രശ്‌നം തുടങ്ങിയത്. ഈ നീക്കത്തിന് റവന്യൂ രേഖകളുടെ പിന്‍ബലവുമുണ്ട്. വഖഫ് ഭേദഗതി നിയമം പാസാകും മുമ്പ് ലക്ഷക്കണക്കിന് ഏക്കര്‍ സ്വന്തമാക്കാന്‍ രാജ്യമാകെ ഗൂഡാലോചനയെന്ന വാദം സജീവമാണ്. കര്‍ണാടകയിലെ 1500 ഏക്കര്‍ ഭൂമി നേരം വെളുത്തപ്പോള്‍ വഖഫിന്റേതാക്കി റവന്യൂരേഖ എത്തിയത് വലിയ പ്രതിഷേധമായി മാറുകയാണ്. ഇതിനിടെ മുനമ്പത്തെ മനുഷ്യരറിയാതെ അവരുടെ ഭൂമിക്കും വ്യാജ പട്ടയം ഉണ്ടാകുമോ ചോദ്യവും സജീവമാണ്. കേരളത്തില്‍ അടക്കം വഖഫ് ഭൂമി വിഷയം പുതിയ തലത്തില്‍ ചര്‍ച്ചയാക്കുകയാണ് മുമ്പത്തെ വിവാദം.

ഹോന്‍വാഡയിലെ കര്‍ഷകര്‍ കരമടക്കുന്ന സ്വത്തിനാണ് കര്‍ണ്ണാടക വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. 1200 ഏക്കര്‍ ഭൂമിയുടെ രേഖകള്‍ എത്രയും വേഗം വഖഫ് ബോര്‍ഡിന് സമര്‍പ്പിക്കണം എന്ന നോട്ടീസും കര്‍ഷകര്‍ക്ക് ലഭിച്ചു. 41 കര്‍ഷകര്‍ക്കാണ് നോട്ടീസ് ലഭിച്ചത്. സംസ്ഥാന ന്യൂനപക്ഷ വകുപ്പ് മന്ത്രിയും വഖഫ് നേതൃത്വം തമ്മില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ഇതിന് പിന്നാലെയാണ് ഇത്തരം നീക്കമുണ്ടായതെന്ന് കര്‍ഷകര്‍ ആരോപിച്ചു. കേരളം മുതല്‍ കശ്മീര്‍ വരെയുള്ള വഖഫ് ഭൂമി വിവാദം സജീവമാണ്. വഫഖ് നിയമം ഭേദഗതി വരുത്താനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് അവകാശവാദം കൂടുതല്‍ ശക്തമായത്. തമിഴ്‌നാട്ടില്‍ 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രാണപ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിനും ഗുജറാത്തിലെ ഭഗവാന്‍ ശ്രീകൃഷ്ണന്റെ രാജധാനിയായ ദ്വീപിനും വരെ വഖഫ് അവകാശവാദം ഉന്നയിച്ചു കഴിഞ്ഞവെന്ന വിവാദങ്ങള്‍ ചര്‍ച്ചകളിലുണ്ട്. കൊച്ചി മുനമ്പത്തേതിന് സമാനമായി ബിഹാറിലെ ഗോവിന്ദ്പുര ഗ്രാമവും തങ്ങളുടേതാണെന്ന പറഞ്ഞ് വഖഫ് എത്തിയിട്ടുണ്ട്.

1954 ല്‍ നെഹ്‌റുവിന്റെ കാലത്താണ് ആദ്യ വഖഫ് നിയമം പാസാക്കിയത്. 2013 ല്‍ രണ്ടാം മന്‍മോഹന്‍ മന്ത്രിസഭ കൊണ്ടുവന്ന നിയത്തിലൂടെ അവര്‍ക്ക് കൂടുതല്‍ അധികാരം ലഭിച്ചു. നിലവിലെ വഖഫ് നിയമപ്രകാരം രാജ്യത്തെ ഏത് ഭൂമിക്കും വഖഫിന് അവകാശം ഉന്നയിക്കാം. ഇതിന് പിന്നാലെ നിലവിലെ ഉടമസ്ഥരോട് രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടും. ഇത് വഖഫ് അംഗീകരിക്കുന്നില്ലെങ്കില്‍ വഖഫ് ട്രീബ്യൂണലിനെ സമീപിക്കണം. എന്നാല്‍ ട്രീബ്യൂണലിന്റെ നിയന്ത്രണവും വഖഫിന് സ്വന്തമാണ്. ഇത്തരം പശ്ചാത്തലത്തിലാണ് മോദി സര്‍ക്കാര്‍ പുതിയ നിയമനിര്‍മ്മാണം കൊണ്ടുവരുന്നത്. മുസ്ലീലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ക്കുന്നുണ്ടെങ്കിലും ശൈത്യകാല സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിനിടെയാണ് പുതിയ നീക്കങ്ങള്‍. മുനമ്പത്ത് അടക്കം വലിയ വിവാദം ഉയര്‍ന്നിട്ടുണ്ട്.

ശരിയത്ത് നിയമത്തിന് അനുകൂല നിലപാടുകള്‍ മാത്രമാണ് വഖഫ് നിയമത്തില്‍ പാലിക്കപ്പെടുന്നതെന്ന ചര്‍ച്ചയുമായി ക്രൈസ്തവ സഭാ നേതൃത്വങ്ങള്‍ രംഗത്തുണ്ട്. വഖഫ് ട്രൈബ്യൂണലിന് സിവില്‍ കോടതിയുടെ സമാനത നല്‍കിയിരിക്കുകയാണ്. ഒരു വസ്തു വഖഫ് സ്വത്ത് അല്ലെന്ന് വഖഫ് ബോര്‍ഡിന് അറിയാമെങ്കില്‍ പോലും അത് വഖഫാണെന്ന് പറഞ്ഞ് സ്ഥലം കയ്യേറാന്‍ ശ്രമിക്കുകയാണ്. മുനമ്പത്ത് നീതി നിഷേധിക്കപ്പെടുകയാണെന്നും അവര്‍ പറയുന്നു. മുനമ്പം - കടപ്പുറം പ്രദേശത്തെ 610 കുടുംബങ്ങളുടെ ഭൂമിയിലുള്ള അവകാശത്തിന്‍മേല്‍ ഉയര്‍ന്നിട്ടുള്ള തര്‍ക്കങ്ങളുടെ പരിഹാരത്തിനായി എം.എ നിസാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുനഃ പരിശോധിക്കാന്‍ സാധ്യത ഒരുക്കണമെന്ന് ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളെ കുടിയിറക്കുന്ന തരത്തിലുള്ള യാതൊരു നടപടികളും ഒരു കാരണവശാലും അംഗീകരിക്കില്ലെന്നാണ് അവരുടെ നിലപാട്. വിജയപുരത്തേതിന് സമാനമായി റവന്യൂ രേഖകള്‍ എത്തിയാല്‍ മുനമ്പത്തും പ്രശ്‌നം രൂക്ഷമാകും.

കൊച്ചി മുനമ്പം വേളാങ്കണ്ണി കടപ്പുറത്തെ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ എല്ലാ രേഖകളുമുള്ള ഭൂമി 2019ല്‍ വഖഫ് ബോര്‍ഡിന്റെ ആസ്തി പട്ടികയില്‍ ഒരുളുപ്പുമില്ലാതെ ഉള്‍പ്പെടുത്തി. കേസായപ്പോള്‍, കുടുംബങ്ങളെ ഒഴിപ്പിക്കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച്, കുടുംബങ്ങള്‍ക്കു പോക്കുവരവ് നടത്തിക്കൊടുക്കാന്‍ അനുവദിച്ചു. പക്ഷേ, ഇതിനെതിരേ കേരള വഖഫ് സംരക്ഷണ വേദി നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് സ്റ്റേ അനുവദിച്ചു. 95ലെ കരിനിയമം വാളായി മാറി. സ്ഥലത്തിന്റെ അവകാശം തങ്ങള്‍ക്കാണെന്നു കാണിച്ച് വഖഫ് ബോര്‍ഡ് 2022 ജനുവരി 13ന് റവന്യുവകുപ്പിനു നോട്ടീസ് കൊടുക്കുകയും ചെയ്തു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന വഖഫ് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ദിവസങ്ങള്‍ക്കുമുന്പ് നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി. ഇതെല്ലാം പൊതുസമൂഹത്തില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്.

2008 ല്‍ സര്‍ക്കാര്‍ നിയോഗിച്ച എം.എ നിസാര്‍ അധ്യക്ഷനായ സമിതിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നത്. ഈ കമ്മീഷന്‍ യാഥാര്‍ത്ഥ്യം മനസിലാക്കാതെയും രേഖകള്‍ പരിശോധിക്കാതെയും ബന്ധപ്പെട്ടവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാതെയും വഖഫ് ബോര്‍ഡിന്റെ ഏകപക്ഷീയമായ അവകാശവാദം അംഗീകരിച്ച് മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്ന നിഗമനത്തില്‍ എത്തുകയയായിരുന്നു. ഇതേതുടര്‍ന്നാണ് ഫറൂഖ് കോളെജിന് സമ്മാനമായി ലഭിച്ച 404 ഏക്കര്‍ ഭൂമി 2019 ല്‍ വഖഫ് ഭൂമിയാണെന്ന് വഖഫ് ബോര്‍ഡിന്റെ ആസ്തി പട്ടികയില്‍ എഴുതിചേര്‍ക്കുന്നത്. ഇന്നത്തെ ഗുരുതരമായ സാഹചര്യങ്ങള്‍ പരിഗണിച്ച് എം.എ നിസാര്‍ കമ്മറ്റിയുടെ തീരുമാനം പുനഃപരിശോധിക്കാന്‍ ഒരു പുതിയ കമ്മറ്റിയെ നിയോഗിക്കാനും, എല്ലാ കാലത്തും ഫറൂഖ് കോളേജ് അധികൃതര്‍ എടുത്ത പ്രസ്തുത സ്ഥലം വഖഫ് ഭൂമി അല്ലെന്ന കാര്യം ശരിയാണ് എന്ന സത്യാവസ്ഥ സമയബന്ധിതമായി പുറത്തുകൊണ്ടുവരാനും സര്‍ക്കാര്‍ തയാറാകണമെന്നുമാണ് ആവശ്യം.

1975 ല്‍ കേരള ഹൈക്കോടതിയുടെ വിധിയില്‍ ഫറൂഖ് കോളേജിന് സമ്മാനമായി ലഭിച്ചതാണന്ന് വ്യക്തമാക്കുന്നുണ്ട്. ഈ വസ്തുതകള്‍ നിസാര്‍ കമ്മറ്റി പരിഗണിച്ചിട്ടില്ല.

ഫറൂഖ് കോളേജ് ഈ ഭൂമി വിറ്റ വകയില്‍ 33 ലക്ഷം രൂപ സമാഹരിക്കുകയും ഫറൂഖ് കോളേജിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ തുക ഇതിനകം വിനിയോഗി ച്ചിട്ടുള്ളതാണ്. വീണ്ടും വഖഫ് ബോര്‍ഡ് ഒരിക്കല്‍ പരിഹാരം വാങ്ങി കൈമാറിയ ഭൂമിയില്‍ അവകാശവാദം ഉന്നയിക്കുന്നത് അന്യായമാണെന്നാണ് പൊതുവില്‍ ഉയരുന്ന വിലയിരുത്തല്‍. വഖഫ് ബില്ലുമായി ബന്ധപ്പെട്ട സംയുക്ത പാര്‍ലമെന്ററി സമിതി യോഗത്തിലെ പ്രതിപക്ഷ നാടകം തുടരുന്നു. വിവിധ പാര്‍ട്ടികളിലെ മുസ്ലിം എംപിമാര്‍ ഇന്നലെ യോഗത്തില്‍ നിന്നു പ്രതിഷേധിച്ചിറങ്ങിപ്പോയി. കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ്, സമാജ് വാദി പാര്‍ട്ടി എംപി മൊഹിബുള്ള നദ്വി, എഐഎംഐഎം എംപി അസാദുദ്ദീന്‍ ഒവൈസി എന്നിവരാണ് യോഗം ബഹിഷ്‌കരിച്ചത്. ഇവര്‍ മൂവരും പ്രത്യേക യോഗം ചേര്‍ന്ന് സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ നിന്നു മാറി നില്‍ക്കാന്‍ തീരുമാനിച്ചു.

Tags:    

Similar News