വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകം: കേരളത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ല; പ്രതികള്‍ക്കതിരെ കര്‍ശന നടപടി എടുക്കും; സര്‍ക്കാര്‍ പരിശോധിച്ച് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും; എല്ലവരും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകം: കേരളത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ല

Update: 2025-12-22 05:32 GMT

തിരുവനന്തപുരം: പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാംനാരായണന്‍ ബഗേലിന്റെ (31) കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികള്‍ക്കതിരെ കര്‍ശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാമാക്കി.

പാലക്കാട് എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റ അന്വേഷണം പുരോഗമിക്കുന്നുണ്ട്. കേസിന്റെ വിശദംശങ്ങള്‍ പരിശോധിച്ച് ആവശ്യമായ നിയമ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ പരിശോധിച്ച് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും. കേരളം പോലുള്ള പരിഷ്‌കൃത സമൂഹത്തിനെറ യശസ്സിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികള്‍ ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാംനാരായണന്‍ ബഗേലിന്റെ മൃതദേഹം സൂക്ഷിച്ച തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്നലെ ഛത്തീസ്ഗഡില്‍നിന്ന് ബന്ധുക്കള്‍ എത്തിയിരുന്നു. ഭാര്യ ലളിത, മക്കളായ അനൂജ്, ആകാശ്, ഭാര്യാ മാതാവ് ലക്ഷ്മിന്‍ ഭായ്, മൂന്നു ബന്ധുക്കള്‍ എന്നിവര്‍ ഞായറാഴ്ച ഉച്ചയോടെയാണ് എത്തിയത്.

25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കുറ്റവാളികള്‍ക്കെതിരെ എസ്.സി-എസ്.ടി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് മുന്നില്‍ കുത്തിയിരുന്നു. പ്രതിഷേധം തുടര്‍ന്നപ്പോള്‍ പാലക്കാട് ആര്‍.ഡി.ഒ സ്ഥലത്തെത്തി കുടുംബവുമായി സംസാരിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച് ശിപാര്‍ശ ചെയ്യാമെന്നും കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും ഐ.പി.എസ് റാങ്കുള്ള ഉദ്യോഗസ്ഥനുണ്ടാകുമെന്നും ജില്ല ഭരണകൂടം അറിയിച്ചു. ആള്‍ക്കൂട്ട ആക്രമണം, എസ്. എസി/ എസ്.ടി. നിയമപ്രകാരം കേസെടുക്കാമെന്നും ഉറപ്പ് നല്‍കി. ഉറപ്പ് കലക്ടര്‍ ഔദ്യോഗികമായി പുറത്തിറക്കിയാല്‍ മൃതദേഹം ഏറ്റെടുക്കാമെന്ന് കുടുംബവും അറിയിച്ചു.

ഛത്തീസ്ഗഡിലെ കര്‍ഹി വില്ലേജ് നിവാസിയാണ് രാംനാരായണന്‍. പത്തും എട്ടും വയസ്സുള്ള ആണ്‍മക്കളും രോഗിയായ അമ്മയും ഭാര്യയും അടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ അത്താണിയായിരുന്നു ഇദ്ദേഹം. മരണവാര്‍ത്ത അറിഞ്ഞ് ശനിയാഴ്ച ഗ്രാമത്തില്‍നിന്ന് തിരിച്ച കുടുംബം മൂന്ന് ട്രെയിനുകള്‍ കയറി കിലോമീറ്ററുകള്‍ താണ്ടിയാണ് കേരളത്തിലെത്തിയത്. വാര്‍ധക്യസഹജ അസുഖങ്ങള്‍ അലട്ടുന്നതിനാല്‍ രാംനാരായണിന്റെ അമ്മക്ക് ഒപ്പം വരാനായില്ല.

അതിക്രൂരമായ നരനായാട്ടാണ് കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് വാളയാറില്‍ അരങ്ങേറിയത്. നാല് ബി.ജെ.പിക്കാരടക്കം അഞ്ച് പേരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. 'ജസ്റ്റിസ് ഫോര്‍ രാം നാരായണ്‍ ഭാഗേല്‍ ആക്ഷന്‍ കമ്മറ്റി' പ്രവര്‍ത്തകരും 'മാനവീയം' സംഘടനയുടെ പ്രതിനിധികളും മറ്റും ചേര്‍ന്നാണ് ബന്ധുക്കളെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.

Tags:    

Similar News