'മുനമ്പത്തെ ഭൂമി വഖഫിന്റേത് തന്നെ; നിയമവിരുദ്ധ കൈയേറ്റത്തിന് 12 പേര്‍ക്കാണ് ഇതുവരെ നോട്ടീസ് അയച്ചത്; രേഖകള്‍ നല്‍കിയാല്‍ വിടുതല്‍ നല്‍കും; താമസക്കാരുടെ അവകാശം അംഗീകരിക്കും; ആരെയും പെട്ടന്ന് കുടിയൊഴിപ്പിക്കില്ല'; നിലപാട് വ്യക്തമാക്കി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍

മുനമ്പത്തെ ഭൂമി വഖഫിന്റേത് തന്നെ; നിയമവിരുദ്ധ കൈയേറ്റമുണ്ട്

Update: 2024-11-05 06:30 GMT
മുനമ്പത്തെ ഭൂമി വഖഫിന്റേത് തന്നെ; നിയമവിരുദ്ധ കൈയേറ്റത്തിന് 12 പേര്‍ക്കാണ് ഇതുവരെ നോട്ടീസ് അയച്ചത്; രേഖകള്‍ നല്‍കിയാല്‍ വിടുതല്‍ നല്‍കും; താമസക്കാരുടെ അവകാശം അംഗീകരിക്കും; ആരെയും പെട്ടന്ന് കുടിയൊഴിപ്പിക്കില്ല; നിലപാട് വ്യക്തമാക്കി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍
  • whatsapp icon

കൊച്ചി: മുനമ്പം വിഷയത്തില്‍ നിലപാട് വ്യക്താക്കി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം കെ സക്കീര്‍. മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ താമസക്കാരുടെ അവകാശം അംഗീകരിക്കുമെന്ന് എം.കെ സക്കീര്‍ പറഞ്ഞു. ആധാരങ്ങള്‍ സൃഷ്ടിച്ച് നിയമവിരുദ്ധമായി കൈയേറുന്ന രീതിയുണ്ട്. 12 പേര്‍ക്കാണ് ഇതുവരെ നോട്ടീസ് അയച്ചത്. അവര്‍ക്ക് രേഖകള്‍ ഹാജരാക്കാം. ഇത് വഖഫ് ബോര്‍ഡ് പരിശോധിക്കും. ആര്‍ക്കും രേഖകള്‍ നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.

വിഷയവുമായി ബന്ധപ്പെട്ട് നവംബര്‍ 16ന് സര്‍ക്കാര്‍ യോഗം ചേരുന്നുണ്ട്. അതില്‍ രേഖകള്‍ നല്‍കും. സര്‍ക്കാര്‍ എന്ത് തീരുമാനം എടുത്താലും അത് അംഗീകരിക്കുമെന്നും എം.കെ സക്കീര്‍ പറഞ്ഞു. കഠിനമായ ഒരു കാര്യവും ചെയ്തിട്ടില്ല. നോട്ടീസ് അയക്കുക മാത്രമാണ് ചെയ്തത്. ആധാരം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരമാണ് നോട്ടീസ് അയയ്ക്കുന്നത്. ഒട്ടേറെ പേരുടെ ഭൂമി വഖഫ് അല്ലെന്ന് കണ്ടെത്തി വിടുതല്‍ നല്‍കിയിട്ടുണ്ടെന്നും എം.കെ സക്കീര്‍ പറഞ്ഞു.

ഭൂമി വഖഫിന്റേതാണെന്ന് പറയുന്ന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വിഷയം കോടതി തീരുമാനിക്കട്ടെയെന്ന നിലപാടാണ് ബോര്‍ഡിനുള്ളതെന്നും വ്യക്തമാക്കി. ഇന്നും നാളെയുമായി വഖഫ് ബോര്‍ഡ് യോഗങ്ങള്‍ ചേരുന്നുണ്ട്. എന്നാല്‍ ഈ യോഗങ്ങളില്‍ മുനമ്പം വിഷയം ചര്‍ച്ച ചെയ്യില്ലെന്നും സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ചര്‍ച്ചയെന്നും സക്കീര്‍ പറഞ്ഞു.

ഈ വിഷയം 1962ല്‍ തുടങ്ങിയതാണ്. ഒരു വ്യക്തി സ്ഥാപനത്തിന് നല്‍കിയ ഭൂമി തന്നെയാണിത്. ഭൂമി വഖഫിന്റെത് തന്നെയാണെന്നും ആ ഭൂമി സംരക്ഷിക്കുക എന്നത് ബോര്‍ഡിന്റെ ചുമതലയാണെന്നും സക്കീര്‍ പറഞ്ഞു. ഈ വിഷയത്തില്‍ വഖഫ് ബോര്‍ഡ് യാതൊരു ആശങ്കകളും ഉണ്ടാക്കിയിട്ടില്ലെന്നും ബാഹ്യ ശക്തികളുടെ ഇടപെടല്‍ ഉണ്ടോ എന്ന് അറിയില്ലെന്നും പറഞ്ഞ ചെയര്‍മാന്‍ വഖഫിന്റെ പ്രവര്‍ത്തനത്തിന് കേന്ദ്ര നിയമം ഉണ്ടെന്നും അതനുസരിച്ചേ മുന്നോട്ട് പോകൂവെന്നും തറപ്പിച്ചുപറഞ്ഞു.

മുസ്ലിം സമുദായം ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് ഭൂമി എടുക്കുകയല്ല ഇതെന്നും ഭൂമിയുടെ പേരില്‍ സാമുദായിക സ്പര്‍ധ ഉണ്ടാകരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അതേസമയം, മുനമ്പം വിഷയം ചര്‍ച്ച ചെയ്യാനായി സര്‍ക്കാര്‍ ഈ മാസം 16ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കു പുറമേ മന്ത്രിമാരായ കെ.രാജന്‍, പി.രാജീവ്, മന്ത്രി വി അബ്ദുറഹ്‌മാന്‍, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം.കെ.സക്കീര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങള്‍ സംരക്ഷിക്കുന്നതു സംബന്ധിച്ചായിരിക്കും ചര്‍ച്ച. ഈ വിഷയത്തിലെ കേസില്‍ കോടതിയിലെ സ്ഥിതി എന്താണെന്നും പരിശോധിക്കും.

ഇടതു സര്‍ക്കാരുകളുടെ ഭാഗത്തെ വീഴ്ചയാണു പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന പ്രതിപക്ഷ ആരോപണം രാഷ്ട്രീയമായി തിരിച്ചടിയാകരുതെന്ന കരുതലിലാണ് സര്‍ക്കാര്‍. ക്രിസ്ത്യന്‍ സംഘടനകള്‍ ഇടപെട്ടതും ഭൂമിതര്‍ക്കത്തെ മറ്റു രീതികളില്‍ വ്യാഖ്യാനിക്കാന്‍ ബിജെപി നടത്തുന്ന തീവ്ര ശ്രമത്തെയും സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുണ്ട്. സര്‍വകക്ഷി യോഗം വിളിക്കണമെന്നാണു പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ ആവശ്യം. എന്നാല്‍ ഉന്നതതല യോഗം വിളിക്കാനാണു സര്‍ക്കാര്‍ തീരുമാനിച്ചത്. അതിനു ശേഷം സര്‍വകക്ഷി യോഗത്തെക്കുറിച്ച് ആലോചിക്കാമെന്നാണു സര്‍ക്കാരിലെ ധാരണ.

വി.എസ്.അച്യുതാനന്ദന്‍, പിണറായി സര്‍ക്കാരുകളുടെ വീഴ്ചകളാണു മുനമ്പത്തെ തര്‍ക്കത്തിനു കാരണമായി പ്രതിപക്ഷം പറയുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തു വഖഫ് ബോര്‍ഡ് ഈ ഭൂമിയില്‍ അവകാശം ഉന്നയിക്കില്ലെന്ന നിലപാടു സ്വീകരിച്ചിരുന്നു. തുടര്‍ന്നു വന്ന പിണറായി സര്‍ക്കാര്‍ ഇതില്‍ താല്‍പര്യത്തോടെ നീങ്ങിയില്ല. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും മുന്‍കൈ എടുത്തു മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചിരുന്നു. മുനമ്പത്തെ ജനങ്ങളെ കുടിയിറക്കാന്‍ പറ്റില്ലെന്ന നിലപാടാണ് അവരുടേത്. യുഡിഎഫിന്റെ നിലപാടു സുതാര്യമാണെന്നും വിഷയത്തെ സര്‍ക്കാര്‍ വഷളാക്കുന്നെന്നുമാണു പ്രതിപക്ഷത്തിന്റെ പ്രചാരണം.

അതേസമയം ആളുകളെ ഇറക്കിവിടരുതെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും വിഷയം രമ്യമായി പരിഹരിക്കുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കിയിരുന്നു. 'നിയമപരമായി എല്ലാ വശങ്ങളും ഉറപ്പുവരുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അവിടെ താമസിക്കുന്നവരുടെ ജാതിയോ മതമോ അല്ല നോക്കുന്നത്. രാഷ്ട്രീയ സമയവായവുമല്ല വേണ്ടത്. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. വിറ്റവര്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അത് വേറെ രീതിയില്‍ പരിശോധിക്കേണ്ട കാര്യമാണ്. പലരും നല്‍കിയ കുറിപ്പുകള്‍, സംഘടനകള്‍ നല്‍കിയ പാരതികള്‍ എല്ലാം പരിശോധിക്കുന്നുണ്ട്. നിയമസങ്കീര്‍ണ്ണതകളാണ് പ്രശ്നം. ഉന്നത തലയോഗമാണ് പ്രധാനം. അതിനകത്തെ നിയമസങ്കീര്‍ണ്ണതയും കുരുക്കുമാണ് അഴിക്കേണ്ടത്', പി രാജീവ് പറഞ്ഞു.

Tags:    

Similar News