ശബരിമലയില്‍ നിന്ന് മാരീചന്മാരെ മാറ്റി നിര്‍ത്തും; കീഴ്ശാന്തിയായി വരുന്നവര്‍ മേല്‍ശാന്തിയെ സഹായിച്ചാല്‍ മാത്രം മതി; ഓരോരുത്തരുടെയും ചുമതലകള്‍ നിര്‍വചിച്ചു നല്‍കും; ശബരിമലയിലെ വിശ്വാസികള്‍ക്ക് ആത്മവിശ്വാസമുണ്ടാകുന്ന രീതില്‍ സമൂല മാറ്റമാണ് ലക്ഷ്യമിടുന്നത്; തീര്‍ത്ഥാടകരുടെ ക്ഷേമത്തിനാകും മുന്‍ഗണനയെന്ന് കെ ജയകുമാര്‍

ശബരിമലയില്‍ നിന്ന് മാരീചന്മാരെ മാറ്റി നിര്‍ത്തും

Update: 2025-11-09 13:26 GMT

തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് മാരീചന്മാരെ മാറ്റി നിര്‍ത്തുമെന്ന് നിയുക്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍. ഓരോരുത്തരുടെയും ചുമതലകള്‍ നിര്‍വചിച്ചു നല്‍കും. അവരവരുടെ ജോലികള്‍ മാത്രമേ ചെയ്യുന്നുള്ളവെന്ന് ഉറപ്പാക്കും. തീര്‍ത്ഥാടകരുടെ ക്ഷേമത്തിനാകും മുന്‍ഗണനയെന്നും ജയകുമാര്‍ പറഞ്ഞു.

ശബരിമലയിലെ വിശ്വാസികള്‍ക്ക് ആത്മവിശ്വാസമുണ്ടാകുന്ന രീതില്‍ സമൂല മാറ്റമാണ് ലക്ഷ്യമിടുന്നത്. ശബരിമലയുടെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്ന് മാറ്റികൊണ്ടുപോകുന്ന മാരീചന്മാരെ തീര്‍ച്ചയായും മാറ്റിനിര്‍ത്തും. വരുന്ന ആളുകള്‍ക്ക് ഭംഗിയായി ശബരിമലയില്‍ അയ്യപ്പ ദര്‍ശനം സാധ്യമാകണം. അതിനുള്ള നടപടികളാണ് ആദ്യമെടുക്കുക. പലകാര്യങ്ങള്‍ക്കായി ശബരിമലയെ ആളുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ട്.

വളരെക്കാലമായുള്ള സ്ഥാപിത താത്പര്യം അതിനുപിന്നിലുണ്ടാകും. സമ്പൂര്‍ണ നവീകരണമാണ് ലക്ഷ്യം. ശബരിമലയില്‍ വിശ്വാസമുള്ളവര്‍ക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന തരത്തില്‍ നല്ല ഒരു തീര്‍ത്ഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യം. എല്ലാം നന്നായി നടക്കുന്നുവെന്ന രീതിയില്‍ പുനക്രമീകരിക്കാന്‍ ശ്രമിക്കും. മേല്‍ശാന്തിക്കൊപ്പം കീഴ്ശാന്തിയായി വരുന്നവര്‍ ആ ജോലി ചെയ്താല്‍ മതിയാകും. കീഴ്ശാന്തിയുടെ ജോലി മേല്‍ശാന്തിയെ സഹായിക്കലാണ്. അത് ചെയ്തമാല്‍ മതിയാകുമെന്നും കെ ജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ ദേവസ്വം ബോര്‍ഡിന് ഘടനാപരമായ ഒരുപാട് പ്രശ്നങ്ങളുണ്ടെന്നും സ്വര്‍ണക്കടത്ത് തന്നെ അതിശയപ്പെടുത്തിയില്ലെന്നും കെ ജയകുമാര്‍ നേരത്തെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 'ശബരിമലയിലെ നിലവിലെ സിസ്റ്റം വളരെ ദുര്‍ബലമാണ്. ലൂപ്പ് ഹോള്‍സ് ഒരുപാടുണ്ട്. കോടതിയുടെ മേല്‍നോട്ടം ഉണ്ടെന്നത് വലിയ ആശ്വാസമാണ്. ബോര്‍ഡ് നടത്തിക്കൊണ്ടുപോകുന്നവരുടെ പ്രൊഫഷണലിസവും വലിയൊരു ഘടകമാണ്.

സാങ്കേതിക വിദ്യ കൂടുതല്‍ നടപ്പിലാക്കിയാല്‍ നിരവധി പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ കഴിയും. സ്പോണ്‍സര്‍ഷിപ്പ് നല്ലൊരു കാര്യമാണ്. എന്നാല്‍ സ്പോണ്‍സര്‍മാരുമായി ഡീലുചെയ്യാനുള്ള സംവിധാനം ശബരിമലയില്‍ ഇല്ല. അതുകൊണ്ടാണ് ഇടനിലക്കാര്‍ വരുന്നത്. ശബരിമലയിലെ നിലവിലെ സിസ്റ്റം ഇടനിലക്കാരെ പ്രോത്സാഹിപ്പിക്കുന്നതാണ്. നിഷ്പക്ഷവും കുറ്റമറ്റതുമായ ഒരു സിസ്റ്റം വന്നാല്‍ ശബരിമല പ്രശ്നങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോകാനാവും -കെ ജയകുമാര്‍ പറഞ്ഞു.

'ദേവസ്വം ബോര്‍ഡിന്റെ ഭരണം കൂടുതല്‍ ആധുനിക വത്കരിക്കണം. ആചാരവുമായി ബന്ധപ്പെട്ടതായതുകൊണ്ട് സര്‍ക്കാരോഫീസുപോലെ ശബരിമലയെ നടത്തിക്കൊണ്ടുപോവുക ബുദ്ധിമുട്ടാണ്.ഭക്തരുമായി സംവാദം, വസ്തുനിഷ്ഠത, സുതാര്യത എന്നിവ ഉണ്ടാകണം. തീര്‍ച്ചയായും ബോര്‍ഡിന്റെ ഭരണം നവീകരിക്കേണ്ടതുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി ആധുനികവല്‍ക്കരണത്തിനുള്ള അവസരമായി മാറുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.സിസ്റ്റങ്ങള്‍ എല്ലാം സുതാര്യമായ രീതിയില്‍ അഴിച്ചുപണിയണം.

ഒരു സീസണ്‍ കഴിഞ്ഞാല്‍ അടുത്ത സീസണുവേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങണം. ഇതിനുവേണ്ടിയുള്ള ഫുള്‍ടൈം സംവിധാനങ്ങള്‍ ഉണ്ടാവണം. ബോര്‍ഡിന്റെ കീഴിലുളള മൊത്തം ക്ഷേത്രങ്ങളില്‍ ഒന്ന് എന്നനിലയില്‍ ശബരിമലയെ കാണരുത്. അങ്ങനെ കണ്ടാല്‍ ഒരിക്കലും പ്രശ്നങ്ങള്‍ തീരില്ല. ഭക്തരുടെ പൈസകാെണ്ടാണ് ബാേര്‍ഡ് നടത്തിക്കൊണ്ടുപോകുന്നത് എന്ന ധാരണവേണം. അതിനാല്‍ ഭക്തരുടെ വിശ്വാസം കാത്തുസൂക്ഷിക്കേണ്ടത് ബോര്‍ഡിന്റെ ജോലിയാണ്. ഒന്നിലും മായംചേര്‍ക്കാന്‍ പാടില്ല.

എല്ലാത്തിലും വിശ്വാസത്തിന്റെ ഒരു നൈര്‍മല്യം ഉണ്ടാവണം.വഴിപാടുകളുടെ പവിത്രതയും ഗുണനിലവാരവും അവര്‍ ഉറപ്പാക്കണം'- അദ്ദേഹം വ്യക്തമാക്കി.ദേവസ്വത്തിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളിലെ പണം മറ്റുപലര്‍ക്കും കൊടുക്കുന്നു എന്നുള്ളത് വെറും ദുഷ് പ്രചരണം മാത്രമാണെന്നും ദേവസ്വം ബോര്‍ഡിന്റെ പണം സര്‍ക്കാരിനുപോലും എടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

'ദേവസ്വം ക്ഷേത്രങ്ങളില്‍ നിന്നുള്ള പണം സര്‍ക്കാര്‍ മറ്റ് കാര്യങ്ങള്‍ക്കായി ചെലവഴിക്കുന്നുവെന്ന് വ്യാപകമായ തെറ്റായ പ്രചാരണമുണ്ട്. ഇതിലൂടെ ധ്രുവീകരണവും ആശയക്കുഴപ്പം സൃഷ്ടിക്കലുമാണ് ലക്ഷ്യമിടുന്നത്. ബോര്‍ഡില്‍ നിന്ന് ഒരു പൈസ പോലും സര്‍ക്കാര്‍ വാങ്ങുന്നില്ല. അത് അസാധ്യമാണ്. കോടതി അനുമതിയില്ലാതെ ബോര്‍ഡിന് സ്ഥിരനിക്ഷേപം പിന്‍വലിക്കാന്‍ പോലും കഴിയില്ല. സര്‍ക്കാരിന്റെ ഫണ്ട് വകമാറ്റത്തിന്റെ അവകാശവാദങ്ങള്‍ തികച്ചും അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണ്'- ജയകുമാര്‍ പറഞ്ഞു.

Tags:    

Similar News