'മൂന്ന് വ്ളോഗര്‍മാര്‍ പ്രശ്നമുണ്ടാക്കി; ബഹളം സൃഷ്ടിച്ച് ബോട്ട് കണ്ട്രോള് ക്യാബിനിലെ പ്രവേശിക്കാന്‍ പാടില്ലാത്തയിടത്തേക്ക് അതിക്രമിച്ചു കയറാനും ശ്രമിച്ചു; ജീവനക്കാര്‍ തടഞ്ഞപ്പോള്‍ വീണ്ടും അകത്തു കടക്കാന്‍ ശ്രമിച്ചു'; ബോട്ടുകള്‍ കൂട്ടിയിടിച്ചില് വാട്ടര്‍ മെട്രോയുടെ വിശദീകരണം ഇങ്ങനെ
'മൂന്ന് വ്ളോഗര്‍മാര്‍ പ്രശ്നമുണ്ടാക്കി
കൊച്ചി: കൊച്ചിയില്‍ വാട്ടര്‍ മെട്രോ കൂട്ടിയിടിച്ച സംഭവത്തില്‍ വില്ലന്മാരായത് മൂന്ന് വ്ലോഗര്മാരെന്ന് വിശദീകരിച്ചു കെ.ഡബ്ല്യു.എം.എല്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമമെന്നും വാട്ടര്‍മെട്രോ അധികൃതര്‍ വിശദീകരിച്ചു. ഫോര്‍ട്ട്കൊച്ചിക്കും വൈപ്പിനുമിടയിലുള്ള റോ റോ ക്രോസിങ്ങിനിടെ വേഗം കുറച്ചപ്പോഴാണ് ബോട്ടുകള്‍ കൂട്ടിമുട്ടാന്‍ ഇടയായതെന്നും അധികൃതര്‍ വ്യക്തമാക്കി. ബോട്ടില്‍ മൂന്ന് യൂട്യൂബര്‍മാര്‍ പ്രശ്നമുണ്ടാക്കിയെന്നും പ്രവേശനമില്ലാത്ത ഭാഗത്തേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇതാണ് പ്രശ്നം പിടിവിട്ടു പോകാന്‍ ഇടയാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.
ഞായറാഴ്ച വൈകീട്ട് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് വാട്ടര്‍മെട്രോ ബോട്ടുകള്‍ കൂട്ടിയിടിച്ച സംഭവത്തേക്കുറിച്ച് അധികൃതര്‍ വ്യക്തമാക്കിയത്. ഫോര്‍ട്ട് കൊച്ചിക്ക് സമീപം രണ്ട് ബോട്ടുകള്‍ സഞ്ചരിക്കുകയായിരുന്നു. റോറോ ക്രോസ് ചെയ്യുന്നതിനാല്‍, വേഗം കുറച്ചപ്പോഴാണ് പരസ്പരം ഉരസിയത്. അടിയന്തര നടപടികളുടെ ഭാഗമായി അലാറം ഉയര്‍ത്തുകയും എമര്‍ജന്‍സി വാതിലുകള്‍ സ്വയം തുറക്കുകയും ചെയ്തു. ബോട്ടുകളും യാത്രക്കാരും തികച്ചും സുരക്ഷിതരായിരുന്നുവെന്നും വാട്ടര്‍ മെട്രോ അധികൃതര്‍ പറഞ്ഞു.
എന്നാല്‍ ഒരു ബോട്ടിലുണ്ടായിരുന്ന മൂന്ന് വ്ളോഗര്‍മാര്‍ ബഹളം സൃഷ്ടിക്കുകയും ബോട്ട് കണ്ട്രോള് ക്യാബിനിലെ പ്രവേശിക്കാന്‍ പാടില്ലാത്ത ഇടത്തേക്ക് അതിക്രമിച്ചുകയറാനും ശ്രമിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ഇത് ബോട്ടിലെ ജീവനക്കാര്‍ അനുവദിച്ചില്ല. എന്നാല്‍ ഇവര്‍ അകത്തു കടക്കാന്‍ ശ്രമിക്കുകയും മോശമായി പെരുമാറിയതായി പിന്നീട് പരാതിപ്പെടുകയും ചെയ്തു. സംഭവത്തില്‍ കെ.ഡബ്ല്യു.എം.എല്‍ ആഭ്യന്തര അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഫോര്‍ട്ട് കൊച്ചിക്ക് സമീപത്താണ് അപകടമുണ്ടായത്. ഫോര്‍ട്ട് കൊച്ചിയില്‍നിന്ന് തിരികെ ഹൈകോര്‍ട്ട് ടെര്‍മിനേലിലേക്ക് വരികയായിരുന്ന മെട്രോയും ഫോര്‍ട്ട് കൊച്ചിയിലേക്ക് പോവുകയായിരുന്ന മെട്രോയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഫോര്‍ട്ട് കൊച്ചിയില്‍നിന്ന് തിരികെ ഹൈകോര്‍ട്ട് ടെര്‍മിനേലിലേക്ക് വരുകയായിരുന്ന മെട്രോ പിറകോട്ടെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. യാത്രക്കാര്‍ പരിഭ്രാന്തരായെങ്കിലും ജീവനക്കാര്‍ സമാധാനിപ്പിക്കുകയായിരുന്നു.
കൂട്ടിയിടിയില്‍ ഇരു ബോട്ടുകളും ആടിയുലഞ്ഞതിനെത്തുടര്‍ന്നു കുട്ടികളടക്കമുള്ള യാത്രക്കാര്‍ പരിഭ്രാന്തരായി. മെട്രോ അധികൃതര്‍ക്കു പരാതി നല്കുമെന്നു യാത്രക്കാര്‍ പറഞ്ഞു. ബോട്ടുകള്‍ കൂട്ടിയിടിച്ചതില്‍ ജീവനക്കാരുടെ അശ്രദ്ധ ഉള്‍പ്പെടെ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് അന്വേഷണം നടത്തുമെന്നും വാട്ടര്‍ മെട്രോ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.