വയനാട്ടിലെ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് നിയമനത്തിന് കോഴ വാങ്ങിയതിന്റെ ഇരയായി വിജയനെ അവതരിപ്പിക്കും; കുടുംബത്തെ ചേര്‍ത്തു നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ എംഎല്‍എയെ അടക്കം പോലീസ് പ്രതിയാക്കുന്നത് നിയമോപദേശ കരുത്തില്‍; കോണ്‍ഗ്രസ് പ്രതിരോധത്തിലേക്ക്; വിജയന്റേയും മകന്റേയും ആത്മഹത്യ രാഷ്ട്രീയ ട്വിസ്റ്റാകുമ്പോള്‍

Update: 2025-01-09 05:01 GMT

ബത്തേരി: ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റെയും മരണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുമ്പോള്‍ ആത്മഹത്യാ കുറിപ്പിന്റെ കൈയ്യക്ഷര പരിശോധന നിര്‍ണ്ണായകമാകും. ഐസി ബാലകൃഷ്ണന്‍, എന്‍ഡി അപ്പച്ചന്‍, കെ എല്‍ പൗലോസ്, കെ കെ ഗോപിനാഥന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിപ്പട്ടികയിലുണ്ട്. വിജയന്‍ എഴുതിയ കത്തില്‍ പരാമര്‍ശിച്ച നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. ആത്മഹത്യാപ്രേരണ ആര്‍ക്കൊക്കെ എതിരെ എന്നതില്‍ പൊലീസ് ഉടന്‍ തീരുമാനമെടുക്കും. വയനാട്ടിലെ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് നിയമനത്തിന് കോഴ വാങ്ങിയെന്ന ആരോപണം കോണ്‍ഗ്രസിനെതിരെ ശക്തമായി തന്നെ സിപിഎം ഉന്നയിക്കും. ഇതിന് വേണ്ടി കൂടിയാണ് എംഎല്‍എയെ അടക്കം പ്രതികളാക്കുന്നത്. അറസ്റ്റ് ഭീഷണിയുള്ളതിനാല്‍ കേസില്‍ പ്രതിയാകുന്നവര്‍ അതിവേഗം മുന്‍കൂര്‍ ജാമ്യം തേടിയേക്കും. എംഎല്‍എയെ അടക്കം പോലീസ് ഉടന്‍ അറസ്റ്റു ചെയ്യാന്‍ ശ്രമിക്കുമെന്നാണ് സൂചന.

കേസ് മാനന്തവാടി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ബത്തേരി കോടതിയിലേക്ക് മാറ്റാന്‍ പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. അതിനിടെ ബത്തേരി ബാങ്ക് നിയമന തട്ടിപ്പില്‍ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. അമ്പലവയല്‍ സ്വദേശി ഷാജിയുടെ പരാതിയിലാണ് കേസ്. ഡിസിസി മുന്‍ ട്രഷറര്‍ കെ കെ ഗോപിനാഥന് എതിരെയാണ് പരാതി. 12 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും മൂന്ന് ലക്ഷം രൂപ നിയമനത്തിന് നല്‍കിയെന്നുമാണ് പരാതി. അങ്ങനെ ഈ കേസ് എല്ലാ അര്‍ത്ഥത്തിലും കടുപ്പിക്കുകയാണ് പോലീസ്. വയനാട്ടിലെ കോണ്‍ഗ്രസിനെ വെട്ടിലാക്കാനാണ് നീക്കം. അതേസമയം ഐസി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഎം നടത്തുന്ന പ്രതിഷേധം വരും ദിവസങ്ങളിലും തുടരും. പൊലീസും വിജിലന്‍സും അന്വേഷിക്കുന്നത് വിജയന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലല്ല എന്നതിനാല്‍ അന്വേഷണത്തിന് നിലവില്‍ തടസമില്ലെന്നാണ് വിലയിരുത്തല്‍. കേരളത്തിലെ രാഷ്ട്രീയം നിലവില്‍ യുഡിഎഫിന് അനുകൂലമാണെന്നാണ് വിലയിരുത്തല്‍. ഇതിനിടെയാണ് വയനാട്ടിലെ വിഷയം ഇടതുപക്ഷത്തിന് മുന്നിലേക്ക് വരുന്നത്. ഇതില്‍ പരമാവധി നേട്ടമുണ്ടാക്കാനാകും സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുക.

അസ്വാഭാവിക മരണത്തിന് രജിസ്റ്റര്‍ ചെയ്ത കേസാണ് ഇപ്പോള്‍ പൊലീസിന് മുന്നിലുള്ളത്. സ്വമേധയാ വിജിലന്‍സ് നടത്തുന്ന പ്രാഥമിക പരിശോധനയാണ് മറ്റൊന്ന്. രണ്ടിലും കുടുംബം പരാതിക്കാരല്ല. അതിനാല്‍ തന്നെ കോണ്‍ഗ്രസ് നേതൃത്വവും കുടുംബവും തമ്മിലെ ഒത്തുതീര്‍പ്പ് പ്രകാരം കേസ് പിന്‍വലിക്കാനും സാധിക്കില്ല. കുടുംബം മയപ്പെടുത്താനാണ് നിലവില്‍ സാധ്യത. സാമ്പത്തിക ഇടപാട് ആരോപണം ഉയര്‍ന്ന ഐസി ബാലകൃഷ്ണന്‍ രാജിവെക്കും വരെ സമരം തുടരുമെന്നാണ് എല്‍ഡിഎഫിന്റെ പ്രഖ്യാപനം. ഇന്നലെ രാത്രി ബത്തേരി ടൗണില്‍ എല്‍ഡിഎഫ് നൈറ്റ് മാര്‍ച്ച് നടത്തിയാണ് പ്രതിഷേധിച്ചത്. വിജിലന്‍സിന് മുന്നില്‍ മൂന്ന് പരാതിക്കാരുടെ മൊഴികളാണുള്ളത്. ഐസി ബാലകൃഷ്ണനെയും എന്‍ഡി അപ്പച്ചനെയും കുറ്റപ്പെടുത്തി മൂന്ന് പരാതിക്കാരും മൊഴി നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ ഈ കോണ്‍ഗ്രസ് നേതാക്കളെ ഈ കേസുകളില്‍ പ്രതികളാക്കുക എളുപ്പമല്ല. കുടുംബത്തിന്റെ പരാതി പരിഹരിച്ചാലും ഈ വിഷയം നിലനില്‍ക്കും. കുടുംബത്തെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ കണ്ടിരുന്നു. എല്ലാ പ്രശ്‌നവും ഏറ്റെടുക്കാമെന്നും അറിയിച്ചു. ഇതിനിടെയാണ് പോലീസ് പുതിയ നടപടികളിലേക്ക് കടക്കുന്നത്.

ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിജയന്റെ ബന്ധുക്കളുടെ മൊഴിയെടുത്തിരുന്നു. കടബാധ്യതയെ കുറിച്ചും ചോദിച്ചറിഞ്ഞിരുന്നു. ബാധ്യതകള്‍ ഏറ്റെടുക്കുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ കുടുംബം വായ്പകളുടെ വിവരങ്ങള്‍ ശേഖരിക്കും. ഇതിനിടെയാണ് കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചത്. വിജയന്റെയും മകന്റെയും മരണത്തില്‍ ആത്മഹത്യപ്രേരണയ്ക്കാണ് പൊലീസ് കേസെടുക്കുന്നത്. കഴിഞ്ഞ മാസം 27ന് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. വിജയന്റെ ആത്മഹത്യക്കുറിപ്പ് വന്നതോടെയാണ് പുതിയ വകുപ്പുകൂടി ചേര്‍ത്തത്. കോണ്‍ഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കുന്ന നടപടിയാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്.

അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിരുന്നു. നേരത്തെ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തതെങ്കിലും ബുധനാഴ്ച ആത്മഹത്യപ്രേരണ വകുപ്പ് കൂടി ചേര്‍ത്തിരുന്നു. കഴിഞ്ഞ ദിവസമാണ് എന്‍.എം. വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നത്. നിയമനത്തിന്റെ പേരില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ കോഴ വാങ്ങിയെന്നാണ് ആത്മഹത്യകുറിപ്പില്‍ പരാമര്‍ശിക്കുന്നത്. വലിയ ബാധ്യതകളുണ്ടായിട്ടും തന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും ഏഴ് പേജിലേറെയുള്ള ആത്മഹത്യ കുറിപ്പില്‍ ആരോപണമുണ്ട്. സാമ്പത്തിക ബാധ്യതയെ കുറിച്ചും കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്റേയും ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്റേയും പേരുകളും എന്‍.എം. വിജയന്‍ എഴുതിയ കത്തിലുണ്ട്. വിജയന്റെ കുടുംബമാണ് കത്ത് പുറത്തുവിട്ടത്. ഇതിനോടൊപ്പം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് വിജയന്‍ എഴുതിയ കത്തും പുറത്തുവന്നിട്ടുണ്ട്.

കത്തിലും കോഴയെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. വിജയന്റെ ആത്മഹത്യക്ക് പിന്നാലെ സുല്‍ത്താന്‍ ബത്തേരി ബാങ്കിലെ നിയമന ക്രമക്കേട് ചര്‍ച്ചയായിരുന്നു. അതിനിടെ, കത്തിലെ ആരോപണങ്ങള്‍ ഐ.സി. ബാലകൃഷ്ണന്‍ നിഷേധിച്ചിരുന്നു. ഇ.ഡി, വിജിലന്‍സ് ഉള്‍പ്പെടെ ഏതുതരത്തിലുള്ള അന്വേഷണം നേരിടാനും തയാറാണെന്നും കോഴ വാങ്ങിയിട്ടില്ലെന്നും ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Similar News