'ഇന്ന് അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികം....; പ്രതിസന്ധികള്‍ സമ്മാനിക്കുന്ന വേദനകള്‍ക്കിടയിലും സ്‌നേഹത്തിന്റെ ഉണര്‍ത്തുകള്‍, പ്രതീക്ഷകള്‍...'; വിഎസിന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി മകന്‍ വി എ അരുണ്‍ കുമാര്‍
വിഎസിന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി മകന്‍ വി എ അരുണ്‍ കുമാര്‍
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ ഫേസ്ബുക്ക് കുറിപ്പുമായി മകന്‍ വി എ അരുണ്‍ കുമാര്‍. ഇന്ന് അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികമാണെന്ന് പറഞ്ഞുകൊണ്ടാണ് വി എ അരുണ്‍ കുമാറിന്റെ കുറിപ്പ്. 'പ്രതിസന്ധികള്‍ സമ്മാനിക്കുന്ന വേദനകള്‍ക്കിടയിലും സ്‌നേഹത്തിന്റെ ഉണര്‍ത്തുകള്‍, പ്രതീക്ഷകള്‍...' എന്ന് അദ്ദേഹം കുറിച്ചു. 1967-ലാണ് ആലപ്പുഴ മുല്ലയ്ക്കല്‍ നരസിംഹപുരം കല്യാണമണ്ഡപത്തില്‍വെച്ച് വി എസ് അച്യുതാനന്ദനും കെ വസുമതിയും വിവാഹിതരായത്. 58 -ാം വിവാഹ വാര്‍ഷക ദിനത്തില്‍ വി എസ് ആശുപത്രിയിലാണെന്നതാണ് ഏറെ സങ്കടകരമായ കാര്യം.
ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ്യുടി ആശുപത്രിയില്‍ ചികിത്സയിലാണ് വിഎസ്. കഴിഞ്ഞ മാസം 23 നാണ് ശ്വാസ സംബന്ധമായ പ്രശ്‌നങ്ങളടക്കം മൂര്‍ച്ഛിച്ചതോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന വി എസ് വെന്റിലേറ്റര്‍ സഹായത്തോടെയാണ് കഴിയുന്നത്. നെഫ്രോളജി വിദഗ്ധനടക്കം തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എത്തുന്ന വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം വി എസിന്റെ ആരോഗ്യ സ്ഥിതി ദിവസവും വിലയിരുത്തുന്നുണ്ട്. ഡയാലിസ് അടക്കം ചികിത്സകള്‍ തുടരാനാണ് നിര്‍ദ്ദേശം. 102 വയസുളള വി എസ് അച്യുതാനന്ദന്‍ ഏറെ നാളായി വിശ്രമ ജീവിതത്തിലായിരുന്നു.
അരുണ്‍ കുമാറിന്റെ കുറിപ്പ്
വര്‍ഷങ്ങള്‍!
ഇന്ന് അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികം..
പ്രതിസന്ധികള്‍ സമ്മാനിക്കുന്ന വേദനകള്‍ക്കിടയിലും സ്‌നേഹത്തിന്റെ ഉണര്‍ത്തുകള്‍, പ്രതീക്ഷകള്‍...
വി എസിന്റെ ജീവിതവും വിവാഹവും
1923 ല്‍ ആലപ്പുഴയിലെ പുന്നപ്രയെന്ന ചെറുഗ്രാമത്തില്‍ ജനിച്ച വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ ഒരു ജനതയുടെ വികാരമായി മാറിയ 'വി എസ്' എന്ന രണ്ടക്ഷരത്തിലേക്ക് മാറിയത് കേരളത്തിന്റെ സമര പോരാട്ടങ്ങളുടെ ചരിത്രം കൂടിയാണ്. സാമൂഹിക വ്യവസ്ഥിതിയോട് സമരം പ്രഖ്യാപിക്കും മുമ്പ് സ്വന്തം ജീവിതത്തോടായിരുന്നു വി എസ് ആദ്യം പോരാടിയത്. അച്ഛനും അമ്മയും ചെറുബാല്യത്തില്‍ തന്നെ നഷ്ടമായ വി എസിന് പിന്നീടങ്ങോട്ട് ജീവിതം തന്നെ സമരമാക്കി മാറ്റേണ്ടിവന്നു. പത്താംതരം ജയിച്ച് പഠിച്ച് മിടുക്കനാകണമെന്ന ആഗ്രഹം നടന്നില്ലെങ്കിലും വി എസ് ജീവിതസമരങ്ങളിലൂടെ കേരളജനതയുടെ ഹൃദയങ്ങളിലേക്ക് പഠിച്ച് മിടുക്കനായി കയറിപ്പറ്റി. പി കൃഷ്ണപിള്ളയുടെ കൈപിടിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിയ വി എസ് പിന്നീട് കൃഷ്ണപിള്ള കാട്ടിയ വഴിയേ നടന്നുകയറി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നതനായ നേതാവായി ചെറുപ്പത്തിലേ മാറിയ വി എസിന് പക്ഷേ വിവാഹത്തോട് താല്‍പര്യമില്ലായിരുന്നു. ഒടുവില്‍ എന്‍ സുഗതന്റെ ഉപദേശം സ്വീകരിച്ചാണ് 43 ാം വയസ്സില്‍ വി എസ് വിവാഹത്തിന് തയ്യാറായത്. അന്ന് വസുമതിക്ക് പ്രായം 29 ആയിരുന്നു. അത്യാഡംബരങ്ങളൊന്നുമില്ലാതെ 1967 ലെ ജൂലൈയില്‍ അമ്പലപ്പുഴ എം എല്‍ എ, വസുമതിയുടെ കൈ പിടിച്ചു നടന്നു. പിറ്റേന്നു നേരംപുലര്‍ന്നതും മണവാട്ടിയെ സഹോദരിയുടെ വീട്ടിലാക്കി പുതുമണവാളന്‍ നിയമസഭാസമ്മേളനത്തിനായി തിരുവനന്തപുരത്തേക്കു വണ്ടികയറിയതും പിന്നീടുള്ള ചരിത്രവും കേരളത്തിന് മനഃപാഠമാണ്. വി എസിന്റെ ജീവിതത്തില്‍ പിന്നീടെന്നും വസുമതി വലിയ കരുത്തായിരുന്നു. രാഷ്ട്രീയതാല്‍പര്യമൊന്നുമില്ലാതെ, കേരളത്തിന്റെ പ്രിയ സഖാവിനെ സ്‌നേഹിച്ചും പരിചരിച്ചും വസുമതി ഒപ്പം നിന്നു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്നു ഹെഡ് നഴ്‌സായി വിരമിക്കും വരെയും ശേഷവും വി എസിന്റെ രാഷ്ട്രീയ കയറ്റിറക്കങ്ങളുടെ അണിയറയിലെ നിശബ്ദ സാക്ഷിയാണ് വസുമതി. സന്തോഷ സൂചകമായി ഒരു പായസത്തിനപ്പുറം വിവാഹ വാര്‍ഷികത്തില്‍ വലിയ ആഘോഷങ്ങളൊന്നും ഇരുവര്‍ക്കും താത്പര്യമുണ്ടായിരുന്നില്ല. ഇന്നും അത് അങ്ങനെ തന്നെ തുടരുന്നു.