പത്ത് ദിവസത്തേക്ക് ശൂന്യാകാശത്ത് പോയ സുനിത വില്യംസും സഹപ്രവര്‍ത്തകനും എട്ടു മാസമായിട്ടും മടങ്ങിയില്ല; ബൈഡന് ഉപേക്ഷിച്ച ശാസ്ത്രജ്ഞരെ തിരിച്ചെത്തിക്കാന്‍ മസ്ക്കിനെ ചുമതലപ്പെടുത്തി ട്രംപ്; പ്രസ്താവനയില്‍ നാസക്ക് എതിര്‍പ്പ്
പത്ത് ദിവസത്തേക്ക് ശൂന്യാകാശത്ത് പോയ സുനിത വില്യംസും സഹപ്രവര്‍ത്തകനും എട്ടു മാസമായിട്ടും മടങ്ങിയില്ല
വാഷിങ്ടണ്‍: എട്ട്് മാസം മുമ്പ് ബഹിരാകാശത്ത് കുടുങ്ങിയ ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസിനേയും സഹപ്രവര്‍ത്തകരേയും തിരികെയെത്തിക്കാന്‍ സ്പേസ് എക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്ക്കിന്റെ സഹായം തേടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇവരെ തിരിച്ചു കൊണ്ട് വരാനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ ബൈഡന് ഭരണകൂടം ഒരു സമ്പൂര്‍ണ്ണ പരാജയമായിരുന്നു.
ഇലോണ്‍ മസ്ക് തന്നെ സമൂഹ മാദ്ധ്യമമായ എക്സില്‍ പങ്കുവച്ചതാണ് ഈ വാര്‍ത്ത. ഇത്രയും കാലം ബഹിരാകാശ ശാസ്ത്രജ്ഞരെ അന്തരീക്ഷത്തില്‍ ഉപേക്ഷിച്ചതിന് ബൈഡന് ഭരണകൂടത്തെ മസ്ക് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഉള്ള രണ്ട് ബോയിംഗ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശയാത്രികരായ സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവരുടെ തിരിച്ചുവരവ് സാധ്യമാക്കാന്‍ ട്രംപ് തന്നോട് അഭ്യര്‍ത്ഥിച്ചതായാണ് മസ്ക് പറഞ്ഞത്.
പ്രസിഡന്റ് ജോ ബൈഡന്റെ കീഴിലുള്ള മുന്‍ ഭരണകൂടം, ബഹിരാകാശയാത്രികര്‍ ഇത്രയും കാലം ഐഎസ്എസില്‍ കുടുങ്ങിപ്പോയിട്ടും ഒരു നടപടിയും സ്വീകരിക്കാത്തത് ഭയാനകമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാസങ്ങള്‍ക്ക് മുമ്പ് നാസ അവരുടെ ക്രൂ-9 ദൗത്യത്തിന്റെ ഭാഗമായി സ്പേസ് എക്സിനെയും ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും ബഹിരാകാശയാത്രികര്‍ കുടുങ്ങിക്കിടക്കുന്നില്ലെന്നും അവര്‍ നല്ല ആരോഗ്യത്തിലാണെന്നും കഴിവുള്ള വ്യക്തികളുടെ പരിചരണത്തിലാണെന്നും നാസ ആവര്‍ത്തിച്ച് വ്യക്തമാക്കുകയായിരുന്നു.
സുനിത വില്ല്യംസിനെയും വില്‍മോറിനെയും തിരിച്ചെത്തിക്കാന്‍ നാസ സ്പെയ്സ് എക്സിനോട് ബന്ധപ്പെട്ടെങ്കിലും ബൈഡന് സര്‍ക്കാര്‍ ഇത് നീട്ടികൊണ്ട് പോവുകയായിരുന്നുവെന്ന് മസ്ക് പറഞ്ഞു. 10 ദിവസം നീളുന്ന ദൗത്യത്തിനായാണ് സുനിത വില്ല്യംസും ബുച്ച് വില്‍മോറും ബഹിരാകാശത്ത് എത്തിയത്. സ്പെയ്സ് എക്സിന്റെ സ്റ്റാര്ലൈനറിനാണ് തിരിച്ചത്. എന്നാല്‍, പേടകത്തിന് സാങ്കേതിക പ്രശ്നങ്ങള്‍ വന്നതോടെ ഇരുവരും ഐഎസ്എസില്‍ കുടുങ്ങി.
ഏഴ് ദിവസം കണക്ക് കൂട്ടിയ യാത്ര ഇപ്പോള്‍ ആറുമാസം പിന്നിട്ടു. അതിനിടെ സ്റ്റാര്‍ലൈനര്‍ പേടകം തിരിച്ചിറക്കി. നാസയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം മാര്‍ച്ചോടെ മാത്രമേ ഇരുവരെയും തിരികെയെത്തിക്കാനാകൂ. സ്പേസ് എക്സ് വിക്ഷേപിച്ച ക്രൂ 9 പേടകത്തില്‍ ഇവരെ തിരികെ കൊണ്ട് വരാനാണ് തീരുമാനം. നേരത്തെ ക്രൂ 9 ദൗത്യത്തില്‍ നാല് സഞ്ചാരികളെ ബഹിരാകാശ നിലയത്തിലെത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.
എന്നാല്‍ സ്റ്റാര്‍ലൈനര്‍ സഞ്ചാരികളെ തിരികെ എത്തിക്കേണ്ടതിനാല് രണ്ടുപേരെ ഒഴിവാക്കുകയായിരുന്നു. അതേസമയം സുനിത വില്ല്യംസും ബുച്ച് വില്‍മോറും ഒറ്റപ്പെട്ടിട്ടില്ലെന്നും ആരോഗ്യത്തോടെയും ആത്മധൈര്യത്തോടെയുമായാണ് അവര്‍ ബഹിരാകാശത്ത് കഴിയുന്നതെന്നും നാസ പ്രതികരിച്ചു.