പോലീസ് പിന്തുടര്‍ന്ന് എത്തിയത് എന്റെ വീട്ടില്‍; അമ്മ പ്രസവിച്ച് കിടന്നിരുന്ന സമയം; അഞ്ച് ദിവസം പ്രായമായ കുഞ്ഞിനൊപ്പം കിടന്നോളാന്‍ വീട്ടുകാര്‍ പറഞ്ഞു; അവസാനം പോകാൻ നേരം ചെറിയ നുള്ള് കൊടുത്തു; വി.എസ് പോലീസിനെ വട്ടംകറക്കിയ കഥ ഓര്‍ത്തെടുക്കുമ്പോള്‍
കോട്ടയം: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി. എസ്. അച്യുതാനന്ദന്‍ വിടപറയുമ്പോള്‍ അദ്ദേഹത്തിന്റെ സമരപോരാട്ടങ്ങളും ഒളിവു ജീവിതവുമാക്കെ ചര്‍ച്ചയാകുകയാണ്. വി. എസിനെ അവസാനയാത്രയാക്കാന്‍ ഒട്ടനവധിയാളുകള്‍ ആണ് എത്തിയിരുന്നത്. അക്കൂട്ടത്തില്‍ ജോസഫ് എന്നയാള്‍ വി. എസ് തന്റെ വീട്ടില്‍ വച്ച് രക്ഷപ്പെട്ട കഥ ഓര്‍ത്തെടുക്കുകയാണ്. ഒരിക്കല്‍ വി. എസ്. ആലപ്പുഴയിലെ കാവാലത്ത് സുഹൃത്തായ കാവാലം കളരിക്കല്‍ ജോര്‍ജിന്റെ വീട്ടില്‍ എത്തിയ വിവരമറിഞ്ഞ പോലീസ് എത്തി.
നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന വി. എസ്. അച്യുതാനന്ദന്‍ പോലീസില്‍ പിടികൊടുക്കാതെ നടക്കുകയായിരുന്നു പോലീസ് വീട്ടിലേയ്ക്ക് എത്തുന്നതറിഞ്ഞ് രക്ഷപ്പെടാന്‍ ഒരു വഴിയുമില്ല. വീട്ടിലുണ്ടായിരുന്ന സഹോദരിമാര്‍ കുഞ്ഞിനൊപ്പം കയറി കിടന്നോളാന്‍ വി. എസിനോട് പറഞ്ഞു.
https://youtu.be/qwD03zTrRR8?si=N5vEYQTco-MPpBYr
ഈ സമയം കുഞ്ഞിന്റെ മാതാവ് തൊട്ടപ്പുറത്തെ സ്ഥലത്തേയ്ക്ക് മാറി പോയിരുന്നു. പരിസരമെങ്ങും പരിശോധിച്ച പോലീസിന് വി.എസിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വീട്ടിനുള്ളില്‍ പരിശോധിക്കാന്‍ ഒരുങ്ങുമ്പോള്‍ കുഞ്ഞിനൊപ്പം പുതച്ചു മൂടി കിടന്ന വി.എസ്. കുഞ്ഞിനെ ചെറുതായൊന്നു നുള്ളി. കുഞ്ഞിന്റെ കരച്ചില്‍ കേട്ടപ്പോള്‍ ഒപ്പം കിടക്കുന്നത് മാതാവാണെന്ന ധാരണയില്‍ പോലീസ് മടങ്ങി.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഈ കഥ വി. എസ്. അച്യുതാനന്ദന്റെ സംസ്‌ക്കാര ചടങ്ങിനെത്തിയപ്പോള്‍ ജോസഫാണ് ഓര്‍മ്മിപ്പിച്ചത്. ജോസഫിന്റെ സഹോദരിയായ രാജമ്മ ആയിരുന്നു അഞ്ച് വയസ് പ്രായമുള്ള കുഞ്ഞ്. ഇപ്പോള്‍ 85 വയസ്സുള്ള രാജമ്മ ഇപ്പോഴും ജീവിച്ചിരിക്കുന്നു. മുഖയമന്ത്രിയായിരുന്നപ്പോള്‍ പണ്ടൊരിക്കല്‍ ആലപ്പുഴയില്‍ ഉദ്ഘാടനം വേളയിലെത്തിയപ്പോള്‍ വി. എസിനെ കുടുംബാംഗങ്ങള്‍ ചെന്ന് കണ്ടിരുന്നു. പിതാവുമായുള്ള ബന്ധം ഓര്‍മ്മപ്പിച്ചപ്പോള്‍ തന്നെ ചേര്‍ത്തു പിടിച്ച് സ്നേഹം പ്രകടിപ്പിച്ചതായും ജോസഫ് ഓർത്തെടുത്തു.
ജോസഫിന്റെ വാക്കുകൾ...
വി. എസ്. അച്യുതാനന്ദന്‍ എന്റെ അച്ഛന്റെ കൂടെ കാവാലത്ത് ഒളിവിലിരുന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ച് പാർട്ടിയെ വളർത്തി കൊണ്ട് വന്ന ആളാണ്. സിവിലും ക്രിമിനലുമായി എന്റെ അച്ഛനും അമ്മയ്ക്കും 49 കേസ് ഉണ്ടായിരിന്നു. അതെല്ലാം മറ്റ് പാർട്ടിക്കാർ ചെയ്തതാണ്. അന്ന് ഇടതും വലതുമേ ഉള്ളു. ഒരു ദിവസം എന്റെ അച്ഛനെ കാണാനായി വി.എസ് വരുമ്പോൾ..പെട്ടെന്ന് പോലീസുകാർ വന്നു എന്റെ വീട് ചെറ്റകുടിലാണ്.
അപ്പോൾ ഒരാൾ ഓടി വന്ന് പറഞ്ഞു. ഇപ്പോൾ ഇവിടെ പോലീസ് വളയും വി. എസിനെ പിടിക്കും അന്നേരം എന്റെ അമ്മ പെങ്ങളെ പ്രസവിച്ചിട്ട് വെറും അഞ്ച് ദിവസമേ ആയിട്ടുള്ളു. എന്നിട്ട് കുഞ്ഞിന്റെ കൂടെ കിടന്നോളാന്‍ വീട്ടുകാര്‍ പറഞ്ഞു. ശേഷം ഒരു തുണിയിട്ട് പുതപ്പിച്ചിട്ട് അമ്മ മാറി കളഞ്ഞു. അമ്മ എന്നിട്ട് ഒരു കുടവും എടുത്ത് വെള്ളം കോരാൻ പോയി.
അപ്പോഴേക്കും അവിടെ പോലീസുകാർ വന്നു. എന്റെ രണ്ടു മൂത്ത പെങ്ങളോട് ചോദിച്ചു.വി. എസ് ഇതിലെ വന്നോ എന്ന് ചോദിച്ചു ഞങ്ങൾക്ക് അറിയത്തില്ല എന്ന് പറഞ്ഞു. വന്നാൽ അറിയിക്കണമെന്ന് പറഞ്ഞു. അങ്ങനെ പ്രവർത്തിച്ചു വന്ന ഒരു നേതാവായിരുന്നു വി.എസ് അച്യുതാനന്ദന്‍. കേരളത്തിന്റെ മുഖ്യമന്ത്രി ആയപ്പോഴും അദ്ദേഹത്തെ ഞാൻ കണ്ടിരുന്നു. അതുകൊണ്ട് എനിക്ക് ഒരിക്കലും അദ്ദേഹത്തെ മറക്കാൻ പറ്റത്തില്ല. ഇതുപോലൊരു രാഷ്ട്രീയ നേതാവ് ഇനി ഉണ്ടാവാത്തില്ലെന്നും ജോസഫ് പറയുന്നു.