പാക്കിസ്ഥാന്റെ കല്ലുവച്ച നുണകള്‍ പൊളിഞ്ഞു; രാഷ്ട്രപതിക്കൊപ്പം പുഞ്ചിരിച്ച് കൊണ്ട് ദാ, ശിവാംഗി സിങ്; ഓപ്പറേഷന്‍ സിന്ദൂറിനിടെ റഫാല്‍ തകര്‍ത്തുവെന്നും ഇന്ത്യയുടെ ആദ്യ വനിതാ റഫാല്‍ പൈലറ്റിനെ തടവിലാക്കിയെന്നും അഞ്ചുമാസമായി വ്യാജ പ്രചാരണം; വ്യോമസേനയിലെ ഈ മിടുമിടുക്കി പൈലറ്റ് ആരാണ്?

ആരാണ് ശിവാംഗി സിംഗ്?

Update: 2025-10-29 11:16 GMT

അംബാല: പാകിസ്ഥാന്‍ സൈന്യം കെട്ടിച്ചമച്ച നുണകള്‍ക്ക് ശക്തമായ മറുപടിയുമായി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂറിനിടെ, പാക് സൈന്യം പിടികൂടി തടവിലാക്കിയെന്ന വ്യാജ വാര്‍ത്തയ്ക്ക് ഇരയായ റഫാല്‍ പൈലറ്റ് ശിവാംഗി സിംഗ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവിട്ടു. റഫാലില്‍ പറക്കാന്‍ അംബാല വ്യോമതാവളത്തില്‍ എത്തിയപ്പോളാണ് പാക് വാദങ്ങളെ തകര്‍ത്തുകൊണ്ട് ശിവാംഗിയുമായി കൂടിക്കാഴ്ച നടത്തിയത്.

17 ാം സ്‌ക്വാഡ്രണ്‍ കമാന്‍ഡിങ് ഓഫീസര്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ അമിത് ഗെഹാനി പറത്തിയ റഫാല്‍ യുദ്ധവിമാനത്തിലെ തന്റെ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് രാഷ്ട്രപതി, ശിവാംഗി സിംഗിനെ കണ്ടത്. 'ഓപ്പറേഷന്‍ സിന്ദൂറി'നിടെ ഇന്ത്യന്‍ വ്യോമസേനയ്ക്ക് റഫാല്‍ നഷ്ടപ്പെട്ടുവെന്നും പൈലറ്റ് തടവിലാക്കപ്പെട്ടുവെന്നും പാകിസ്ഥാന്‍ കള്ളപ്രചാരണം നടത്തിയിരുന്നു. എന്നാല്‍, ഈ കുപ്രചാരണങ്ങളെല്ലാം ഇപ്പോള്‍ അപ്രസക്തമായി.

ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാനമായ 'ഗോള്‍ഡന്‍ ആരോസ്' സ്‌ക്വാഡ്രണിന്റെ ഭാഗമായ സ്‌ക്വാഡ്രണ്‍ ലീഡര്‍ ശിവാംഗി സിംഗ്, ഈ വര്‍ഷം മെയ് മാസത്തില്‍ പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഭീകരവാദ ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ റാഫേല്‍ വിമാനം പറത്തിയ പൈലറ്റാണ്. 2017-ല്‍ വ്യോമസേനയില്‍ ചേര്‍ന്ന, വാരണാസി സ്വദേശിനിയായ ശിാംഗി( 29) 2020-ല്‍ റാഫേല്‍ പറത്താന്‍ യോഗ്യത നേടുന്നതിന് മുമ്പ് മിഗ്-21 ബൈസണ്‍ വിമാനങ്ങളും പറത്തിയിരുന്നു.



ശിവാംഗിക്ക് എതിരെ വ്യാജ പ്രചാരണങ്ങള്‍

വ്യോമസേനയിലെ ആദ്യ വനിതാ റഫാല്‍ പൈലറ്റ് കൂടിയായ സ്‌ക്വാഡ്രണ്‍ ലീഡര്‍ ശിവാംഗി സിങ്ങിനെതിരെ പാകിസ്ഥാനില്‍ നിന്നുള്ള സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വ്യാപകമായ വ്യാജ പ്രചരണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. റഫാല്‍ വിമാനം തകര്‍ത്തുവെന്നും ശിവാംഗി സിംഗ് സിയാല്‍കോട്ടിന് സമീപം വിമാനത്തില്‍ നിന്ന് പുറത്തേക്ക് ചാടിയ ശേഷം തടവിലാക്കപ്പെട്ടുവെന്നുമായിരുന്നു വ്യാജ വീഡിയോ പ്രചാരണം. എന്നാല്‍, ഫാക്ട് ചെക്കില്‍, ഇതെല്ലാം പൊള്ളയായ പ്രചാരണമെന്ന് നേരത്തെ വ്യക്തമായിരുന്നു.

വ്യാജ പ്രചരണങ്ങളില്‍ ഒന്നില്‍, മരങ്ങള്‍ക്കിടയില്‍ ഒരു കയറില്‍ പാരചൂട്ട് കുടുങ്ങി തൂങ്ങിക്കിടക്കുന്ന ഒരാളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ വീഡിയോ നേരത്തെ തന്നെ ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചിരുന്നു. മാര്‍ച്ച് 16-ന് ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള സമാചാര്‍ ഫസ്റ്റ് എന്ന വാര്‍ത്താ പോര്‍ട്ടല്‍ ആണ് ഈ വീഡിയോ ആദ്യമായി പങ്കുവെച്ചത്. വിനോദസഞ്ചാര കേന്ദ്രമായ കുളുവില്‍ പാരഗ്ലൈഡിങ്ങിനിടെയുണ്ടായ ശക്തമായ കാറ്റില്‍പ്പെട്ട് അപകടത്തില്‍ പെട്ടയാളുടെ ദൃശ്യങ്ങളായിരുന്നു അത്. ശിവാംഗി സിങ്ങുമായി ഈ സംഭവത്തിന് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.




മറ്റൊന്നില്‍, നിലത്ത് കിടക്കുന്ന ഒരു യുവതിയുടെ ചിത്രമാണ് ഉപയോഗിച്ചത്. 2023 ജൂണ്‍ ഒന്നിന് ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ ഒരു പരിശീലന ജെറ്റ് ചാമരാജ് നഗറില്‍ തകര്‍ന്ന് വീണതുമായി ബന്ധപ്പെട്ടതായിരുന്നു ആ വാര്‍ത്ത.



ചിത്രത്തില്‍ യുവതിക്കൊപ്പം മറ്റൊരു എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനെയും നിലത്ത് കിടക്കുന്നതായി കാണാം. ആ അപകടത്തില്‍പ്പെട്ടത് പരിശീലന വിമാനമായ കിരണ്‍ ആയിരുന്നു. വിങ് കമാന്‍ഡര്‍ തേജ്പാല്‍, ചീഫ് ട്രെയിനര്‍ ഭൂമിക എന്നിവരായിരുന്നു പൈലറ്റുമാര്‍. ഇവര്‍ക്ക് കാര്യമായ പരിക്കുകളൊന്നും സംഭവിച്ചില്ലെന്നും വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. ഈ ചിത്രവും ശിവാംഗി സിങ്ങുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായിരുന്നു.




ആരാണ് ശിവാംഗി സിംഗ്?

വാരാണസിയില്‍ ജനിച്ച ശിവാംഗി സിംഗിന് കുട്ടിക്കാലത്ത് ന്യൂഡല്‍ഹിയിലെ വ്യോമസേന മ്യൂസിയം സന്ദര്‍ശിച്ചതോടെയാണ് പറക്കാന്‍ മോഹമായത്. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പഠിക്കുമ്പോള്‍ എന്‍സിസി വ്യോമവിഭാഗത്തില്‍ അംഗമായതോടെയാണ് വ്യോമസേനയിലേക്കുള്ള വഴി തിരിച്ചുവിട്ടത്. ഹൈദരാബാദിലെ വ്യോമസേന അക്കാദമിയിലാണ് പറക്കല്‍ പരിശീലനത്തിനായി ചേര്‍ന്നത്. 2017 ല്‍, വനിതാ പോര്‍വിമാന പൈലറ്റുകളുടെ രണ്ടാമത്തെ ബാച്ചിന്റെ ഭാഗമായി കമ്മീഷന്‍ ചെയ്യപ്പെട്ടു.




മിഗ് 21 ബൈസണാണ് ആദ്യം പറത്തിയത്. 2020 ല്‍ റഫാല്‍ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആ വര്‍ഷം തന്നെ റഫാല്‍ പറത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ പൈലറ്റായി. ഫ്രാന്‍സിലെ എക്‌സര്‍സൈസ് ഓറിയോണ്‍ 2023 (Exercise Orion 2023) ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സൈനികാഭ്യാസങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.

കിഴക്കന്‍ ലഡാക്ക്, LoC (നിയന്ത്രണരേഖ) ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ അതിര്‍ത്തി മേഖലകളില്‍ റഫാല്‍ പറത്തിയിട്ടുണ്ട്.അടുത്തിടെ, തമിഴ്‌നാട്ടിലെ താംബരത്തുള്ള ഫ്‌ലയിംഗ് ഇന്‍സ്ട്രക്ടേഴ്‌സ് സ്‌കൂളില്‍ വെച്ച് എയര്‍ മാര്‍ഷല്‍ തേജുബീര്‍ സിംഗ്, ശിവാംഗി സിംഗിനെ അനുമോദിച്ചിരുന്നു. 2025 ഒക്ടോബര്‍ 9-ന് അവര്‍ക്ക് ക്വാളിഫൈഡ് ഫ്‌ലയിംഗ് ഇന്‍സ്ട്രക്ടര്‍ (QFI) ബാഡ്ജ് ലഭിച്ചതിനായിരുന്നു ഇത്.

Tags:    

Similar News