ഭൂകമ്പത്തില്‍ കുഞ്ഞിനെ നഷ്ടപ്പെട്ടതോടെ ജീവിതം സാമൂഹിക സേവനത്തിനായി ഉഴിഞ്ഞുവച്ചു; ഹമി നേപ്പാള്‍ എന്ന എന്‍ ജി ഒയുടെ തലവനായി യുവാക്കളുടെ കണ്ണിലുണ്ണിയായി; യൂണിഫോം ധരിച്ച് പുസ്തകങ്ങളുമായി പ്രക്ഷോഭത്തിനിറങ്ങാന്‍ ആഹ്വാനം ചെയ്തതോടെ ജനകീയ നേതാവായി; ജെന്‍ സി കരുത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ ആടിയുലയുമ്പോള്‍ സമരമുഖമായ സുഡാന്‍ ഗുരുങ് ആരാണ്?

സുഡാന്‍ ഗുരുങ് ആരാണ്?

Update: 2025-09-09 10:05 GMT

കാഠ്മണ്ഡു: ജെന്‍ സി പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രധാനമന്ത്രി തന്നെ രാജി വയ്ക്കുക. പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വീടുകള്‍ക്ക് തീയിടുക. ഞെട്ടിക്കുന്ന സംഭവങ്ങളാണ് നേപ്പാളില്‍ അരങ്ങേറുന്നത്. നേപ്പാള്‍ സമീപകാലത്ത് കണ്ട ഏറ്റവും വലിയ യുവജനപ്രക്ഷോഭത്തിന് അടിയന്തര കാരണമായത് 26 സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളുടെ നിരോധനമാണ്. ഫേസ്ബുക്കും, വാട്‌സാപ്പും, യുട്യൂബും, എക്‌സും എല്ലാം സെപ്റ്റംബര്‍ 4ന് പൊടുന്നനെ ഇല്ലാതായതോടെ അഴിമതിയില്‍ പൊറുതിമുട്ടിയ യുവാക്കള്‍ തെരുവിലേക്ക് ഇറങ്ങി. പ്രക്ഷോഭം ആളിപ്പടര്‍ന്നതോടെ, പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 20 പേര്‍ കൊല്ലപ്പെടുകയും 300 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രി രമേഷ് ലേഖക്ക് രാജി വച്ചതിന് പിന്നാലെ, നിരോധനം പിന്‍വലിച്ചെങ്കിലും പ്രക്ഷോഭം കൂടുതല്‍ തീവ്രമാകുകയായിരുന്നു.

ആരാണ് സുഡാന്‍ ഗുരുങ്?

നുഴഞ്ഞുകയറ്റക്കാരാണ് അക്രമത്തിന് തീകൊളുത്തിയതെന്ന് പറഞ്ഞ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിക്കും ഒടുവില്‍ രാജി വയ്‌ക്കേണ്ടി വന്നു. ഈ വന്‍പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത് ആരാണ്? 36 കാരനായ സുഡാന്‍ ഗുരുങ്ങാണ് ഈ പ്രക്ഷോഭത്തിന്റെ നായകന്‍. സുഡാന്‍ ഗുരുങ്ങിന്റെ 'ഹമി നേപ്പാള്‍' എന്ന എന്‍.ജി.ഒ. ഒരുജനകീയ പ്രസ്ഥാനമായി വളരുകയായിരുന്നു. ഹമി നേപ്പാളിന്റെ പ്രസിഡന്റാണ് സുഡാന്‍ ഗുരുങ്.


റാലികള്‍ സംഘടിപ്പിക്കാന്‍ തന്റെ എന്‍ ജി ഒ ഔദ്യോഗിക അനുമതി തേടിയിരുന്നുവെന്നും, വിദ്യാര്‍ഥികളോട് യൂണിഫോം ധരിച്ച് പുസ്തകങ്ങളും കയ്യിലേന്തി പ്രക്ഷോഭത്തില്‍ പങ്കാളികളാകാന്‍ ആഹ്വാനം ചെയ്‌തെന്നും ഗുരുങ് ഇന്‍സ്റ്റ പോസ്റ്റില്‍ സ്ഥിരീകരിച്ചിരുന്നു. പ്രക്ഷോഭത്തെ സമാധാനപരമായ ചെറുത്തുനില്‍പ്പ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സാമൂഹിക മാധ്യമങ്ങള്‍ നിരോധിക്കും മുമ്പ് പ്രതിഷേധ വഴികളും സുരക്ഷാ മുന്നറിയിപ്പുകളും ഹമി നേപ്പാള്‍ സോഷ്യല്‍ മീഡിയ വഴിയാണ് അറിയിച്ചിരുന്നത്.

2015-ലെ ഭൂകമ്പത്തില്‍ തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടതിന് ശേഷമാണ് ഗുരുങ് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ സജ്ജമായത്. ഭൂകമ്പത്തെത്തുടര്‍ന്നാണ് അദ്ദേഹം 'ഹമി നേപ്പാള്‍' രൂപീകരിച്ചത്. മുമ്പ് ഇവന്റ് ഓര്‍ഗനൈസര്‍ ആയിരുന്ന ഗുരുങ് പിന്നീട് പൗരസേവന പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുകയായിരുന്നു. ഈ പ്രക്ഷോഭത്തിലൂടെ നേപ്പാളിലെ യുവത്വത്തിന്റെ മുഖമായി അദ്ദേഹം മാറിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. പാര്‍ലമെന്റ് സമുച്ചയത്തിലേക്ക് പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികള്‍ വിവിധ മുദ്രാവാക്യങ്ങള്‍ മുഴക്കി തെരുവുകള്‍ നിറഞ്ഞു. ഒരിക്കല്‍ പരിപാടികളുടെ സംഘാടകന്‍ മാത്രമായിരുന്ന സുഡാന്‍ ഗുരുങ് സാമൂഹിക സേവനത്തില്‍ കാട്ടിയ ആത്മാര്‍ഥതയാണ് യുവാക്കളുടെ പ്രിയങ്കരനാക്കിയത്. ബി പി കൊയ്രാള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസില്‍, ധാരന്റെ 'ഘോപ ക്യാമ്പ്' പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ചരിത്രവും ഇദ്ദേഹത്തിനുണ്ട്. ഡിജിറ്റല്‍ കാലഘട്ടത്തില്‍ യുവാക്കളുടെ നിരാശകളെ ചിട്ടയായ സമാധാനപരമായ പ്രവര്‍ത്തനങ്ങളിലേക്ക് വഴിതിരിച്ചുവിടുന്നതില്‍ ഗുരുങ് വിജയിച്ചു.



ജെന്‍ സി കരുത്തില്‍ ആടിയുലഞ്ഞ് സര്‍ക്കാര്‍

ജനറേഷന്‍ Z (ജെന്‍ സീ)യുടെ പ്രതിഷേധ കൊടുങ്കാറ്റിനിടെ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയെ സ്ഥാനഭ്രഷ്ടനാക്കണമെന്നും സര്‍ക്കാര്‍ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് യുവാക്കള്‍ തെരുവിലിറങ്ങി. 'കെ.പി. ചോര്‍, ദേശ് ഛോഡ്' (കെ.പി. ശര്‍മ ഒലി കള്ളനാണ്, രാജ്യം വിടൂ) എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ കാഠ്മണ്ഡു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ അണിനിരന്നത്. വിദ്യാര്‍ത്ഥികളെ കൊല്ലരുതെന്നും രാജ്യത്തെ അഴിമതി അവസാനിപ്പിക്കണമെന്നും ഉള്ള ആവശ്യങ്ങളും ഉയര്‍ന്നു.

പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ 19 പേര്‍ കൊല്ലപ്പെട്ടതോടെ പ്രക്ഷോഭത്തിന്റെ തീവ്രത വര്‍ധിച്ചു. ചൊവ്വാഴ്ച കാഠ്മണ്ഡുവിന്റെ വിവിധ ഭാഗങ്ങളിലും സംസ്ഥാനങ്ങളിലെ മറ്റ് മേഖലകളിലും പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെയും പ്രസിഡന്റ് രാം ചന്ദ്ര പൗഡേലിന്റെയും സ്വകാര്യ വസതികള്‍ക്ക് തീയിട്ടു. പ്രസിഡന്റിന്റെ വീട്ടിനുള്ളില്‍ കയറി സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. വിവിധ മന്ത്രിമാരുടെ വീടുകള്‍ക്കും ആക്രമണമുണ്ടായി. ഇതിനിടെ, കഴിഞ്ഞദിവസം രാജി വെച്ച ആഭ്യന്തര മന്ത്രി രമേഷ് ലേഖകിന്റെ വീടിന് നേരെയും ആക്രമണം നടന്നു.

പ്രതിഷേധക്കാരുടെ പ്രധാന ആവശ്യമായ പ്രധാനമന്ത്രിയുടെ രാജിക്ക് വഴങ്ങിയതോടെ നേപ്പാളില്‍ രാഷ്ട്രീയപരമായ വലിയ മാറ്റങ്ങള്‍ക്കാണ് കളമൊരുങ്ങുന്നത്.

Tags:    

Similar News