പുടിന്‍ വിമര്‍ശകര്‍ ആയുസ്സ് എത്താതെ അകാലത്തില്‍ മരിക്കുന്നത് തുടരുന്നു; ദൂരൂഹ മരണങ്ങളുടെ കൂട്ടത്തിലേക്ക് പുടിനെ പരിഹസിച്ച റഷ്യന്‍ ഗായകന്റെ മരണവും; വാഡിം സ്ട്രോയ്കിന്റെ മരണം അപ്പാര്‍ട്ട്‌മെന്റിലെ പത്താം നിലയില്‍ നിന്നും താഴെവീണ്

പുടിന്‍ വിമര്‍ശകര്‍ ആയുസ്സ് എത്താതെ അകാലത്തില്‍ മരിക്കുന്നത് തുടരുന്നു

Update: 2025-02-09 01:41 GMT

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ വിമര്‍ശകര്‍ക്ക് പൊതുവേ ആയുസ്സ് കുറവാണ്. എന്തുകൊണ്ടാണ് അങ്ങനെ സംഭവുക്കുന്നത് എന്ന കാര്യം ഇപ്പോഴും ദൂരുഹമായി തുടരുന്നതാണ്. പുടിന്റെ നിശിത വിമര്‍ശകനായിരുന്ന പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിയുടെ മരണം അടക്കം ലോകം കാര്യമായി ചര്‍ച്ച ചെയ്തിരുന്നു. ഇതിന് മുമ്പും പുടിന്‍ വിമര്‍ശകര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ടുണ്ട്. ഈ പട്ടികയിലേക്ക് ഒടുവില്‍ എത്തുന്നത് റഷ്യയിലെ പ്രശസ്ത ഗായകനാണ്.

പുടിന്റെ വിമര്‍ശകനുമായ വാഡിം സ്ട്രോയ്കിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുക്രൈന്‍ സൈന്യത്തിന് സംഭാവന നല്‍കിയെന്ന് ആരോപിച്ച് ഇദ്ദേഹത്തിന് റഷ്യന്‍ കോടതി 20 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസ് വാഡിമിന്റെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ അപ്പാര്‍ട്ട്മെന്റില്‍ എത്തിയപ്പോഴാണ് മുകളില്‍ നിന്ന് താഴെ വീണ് മരിച്ച നിലയില്‍ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പത്താംനിലയിലെ ജനലില്‍ നിന്നാകാം അദ്ദേഹം വീണതെന്നാണ് പൊലീസിന്റെ നിഗമനം.

റഷ്യന്‍ അധിനിവേശത്തിനെതിരെ നിരന്തരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ടിരുന്ന വാഡിം പുടിനെ വിഡ്ഢിയെന്ന് വിശേഷിപ്പിച്ചത് വലിയ ചര്‍ച്ചയായിരുന്നു. രാഷ്ട്രീയ വിഷയങ്ങളില്‍ പുടിന്റെ നിത്യവിമര്‍ശകനായിരുന്നു അദ്ദേഹം. പുടിന്‍ വിമര്‍ശകരായ നിരവധി പേര്‍ സമാനരീതിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീഴുകയോ വിഷം തീണ്ടുകയോ ചെയ്ത് ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ചതിനാല്‍ പുടിന് നേരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ വീണ്ടും സംശയമുന നീളുകയാണെന്ന് എന്‍വൈ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റഷ്യന്‍ അധിനിവേശത്തെ നിരന്തരം വിമര്‍ശിച്ചിരുന്ന റഷ്യന്‍ ബാലെ നര്‍ത്തകന്‍ വ്ളാദിമിര്‍ ഷ്‌ക്ലിയറോവ് കഴിഞ്ഞ നവംബറില്‍ ഒരു കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് വീണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചതും ഏറെ ചര്‍ച്ചയായിരുന്നു. റഷ്യക്കെതിരെ അട്ടിമറി ഭീഷണിയുയര്‍ത്തിയ കൂലിപ്പടയാളി സംഘമായ വാഗ്നര്‍ ഗ്രൂപ്പ് തലവനായിരുന്നു യെവ്ഗനി പ്രിഗോഷിന്‍ അടക്കം ദുരൂഹമായി കൊല്ലപ്പെട്ടിരുന്നു. മോസ്‌കോയില്‍ നിന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്ക് പ്രിഗോഷിന്‍ ഉള്‍പ്പെടെ പത്തുപേര്‍ സഞ്ചരിച്ചിരുന്ന വിമാനം എംബറര്‍ ലഗസി 600 എക്സിക്യൂട്ടീവ് ജെറ്റ് അപകടം സംഭവിച്ചാണ് പ്രിഗോഷിന്‍ മരിക്കുന്നത്.

ഏകദേശം 30 സെക്കന്‍ഡുകള്‍ക്കുള്ളില്‍, വിമാനം 28,000 അടി ഉയരത്തില്‍ നിന്ന് 8,000 അടിയിലധികം താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ 30 സെക്കന്റ് മുന്‍പ് വരെ വിമാനം യാതൊരുവിധത്തിലുമുള്ള പ്രശ്നങ്ങളും കാണിച്ചിരുന്നില്ല. ഒന്നോ അതിലധികമോ ഭൂതല മിസൈലുകള്‍ ഉപയോഗിച്ച് വിമാനം വെടിവെച്ചിടുകയായിരുന്നു എന്നാണ് അഭ്യൂഹം. ഈ വര്‍ഷം ജൂണില്‍ റഷ്യയില്‍ നടത്തിയ അട്ടിമറി ശ്രമത്തിന് പിന്നാലെ പ്രിഗോഷിന്‍ റഷ്യ വിട്ട് ആഫ്രിക്കയിലേക്ക് കടന്നിരുന്നു.

2015 ഫെബ്രുവരി 27 നാണ് യുക്രെയ്‌നിലെ പ്രതിപക്ഷ നേതാവ് ബോറിസ് നെംത്സോവ് ക്രെംലിന് സമീപം വെടിയേറ്റ് കൊല്ലപ്പെടുന്നത്. യുക്രെയ്‌നിലെ റഷ്യന്‍ ഇടപെടലിനെ ചോദ്യം ചെയ്ത് പ്രതിഷേധിച്ചതിന് പിന്നാലെയാണ് മരണം.തന്റെ കാമുകിയുമൊത്ത് അത്താഴം കഴിച്ചതിന് ശേഷം മോസ്‌കോയിലെ ഒരു പാലത്തിലൂടെ നടക്കുകയായിരുന്നു അദ്ദേഹം. അജ്ഞാതനായ അക്രമി പുറകില്‍ നിന്ന് പല തവണ വെടിയുതിര്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കാമുകി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ബദ്ധശത്രുക്കളില്‍ ഒരാളായിരുന്നു ബെറെസോവ്സ്‌കി. 2013 മാര്‍ച്ചിലാണ് ലണ്ടന് പടിഞ്ഞാറ് ക്വീന്‍ എലിസബത്തിന്റെ വിന്‍ഡ്സര്‍ കാസിലിനടുത്തുള്ള ഒരു സമ്പന്ന ഇംഗ്ലീഷ് പട്ടണമായ അസ്‌കോട്ടിലെ ഒരു ആഡംബര മാളികയിലെ കുളിമുറിയില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ സ്‌കാര്‍ഫ് കെട്ടിയ നിലയിലായിരുന്നു മൃതദേഹം. സംശയാസ്പദമായ മറ്റ് സാഹചര്യങ്ങളോ ലക്ഷണങ്ങളോ ഇല്ലാത്തതിനാല്‍ ആത്മഹത്യ എന്ന പേരില്‍ പോലീസ് കേസ് അവസാനിപ്പിച്ചു. അദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചെങ്കിലും അന്വേഷണം ഉണ്ടായില്ല.

അലക്‌സാണ്ടര്‍ ലിറ്റ്വിനെങ്കോയാണ് ദുരൂഹമായി മരിച്ച മറ്റൊരാള്‍. മുന്‍ റഷ്യന്‍ എഫ്എസ്ബി ചാരനും പുടിന്‍ വിമര്‍ശകനുമായ അലക്‌സാണ്ടര്‍ 2006-ല്‍ റേഡിയോ ആക്ടീവ് ഐസോടോപ്പായ പൊളോണിയം-210 വിഷം കലര്‍ന്ന ചായ കുടിച്ചാണ് കൊല്ലപ്പെടുന്നത്. 1999-ലെ ചെചെന്‍ യുദ്ധം ആരംഭിക്കാന്‍ കാരണമായി ഉപയോഗിച്ചിരുന്ന മോസ്‌കോയിലെ അപാര്ട്‌മെംട് ബോംബ് സ്‌ഫോടനങ്ങള്‍ക്ക് ആസൂത്രണം ചെയ്തതും അഴിമതിയും ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ പുടിനെതിരെ അദ്ദേഹം ആരോപിച്ചിരുന്നു. യുകെ പൗരത്വം നേടിയ ലിറ്റ്വിനെങ്കോ ലണ്ടനില്‍ രണ്ട് റഷ്യന്‍ ചാരന്മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് വിഷം കലര്‍ന്ന ചായ കുടിച്ചത്. അന്വേഷണത്തില്‍ പുടിന്റെ അനുമതിയോടെ റഷ്യന്‍ ഏജന്റുമാര്‍ ലിറ്റ്വിനെങ്കോയെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയിരുന്നു.

റഷ്യയിലെ ലുക്കോയില്‍ എണ്ണക്കമ്പനിയുടെ ചെയര്‍മാന്‍ രവില്‍ മഗനോവ് മോസ്‌കോയിലെ ആശുപത്രി ജനാലയില്‍ നിന്ന് വീണാണ് മരിച്ചത്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ പരസ്യമായി വിമര്‍ശിച്ചയാളായിരുന്നു അദ്ദേഹം. അദ്ദേഹം അസുഖ ബാധിതനായി മരിച്ചു എന്നാണ് കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. റഷ്യയിലെ പലവ്യവസായികളും സമാനമായി കുടുംബത്തോടൊപ്പവും അല്ലാതെയും മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അന്വേഷങ്ങള്‍ പലപ്പോഴും എവിടെയും എത്താതെ പോകുന്നു.

പുടിനെയും ചെചെന്‍ നേതാവ് റംസാന്‍ കദിറോവിനെയും വിമര്‍ശിച്ച് വാര്‍ത്ത എഴുതിയ മാധ്യമപ്രവര്‍ത്തകയായിരുന്നു അന്ന പൊളിറ്റ്‌കോവ്‌സ്‌കയ. 2006 ല്‍ മോസ്‌കോയിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ വെടിയേറ്റാണ് അന്ന കൊല്ലപ്പെടുന്നത്. കൊലപാതകത്തിന് അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ആക്രമണത്തിന് ഉത്തരവിട്ടത് ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

Tags:    

Similar News