ലെസ്റ്ററിലെ റഷീ മേഡ് എന്ന കൊച്ചുപട്ടണത്തിന്റെ പേര് ഗുജറാത്തിലും ശ്രദ്ധ നേടിയത് അസാധാരണ കാഴ്ചയായി; 20000 പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തില്‍ ലെസ്റ്ററില്‍ നിന്നും ഗുജറാത്തിലേക്ക് സഹായമായി എത്തിയത് ഒരു സ്‌കൂള്‍ തന്നെ; വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ബിബിസി അയച്ച ഭാസ്‌കര്‍ സോളങ്കി ഒരു നാടിനെ കൈപിടിച്ചുയര്‍ത്തിയത് യുകെയില്‍ ഇന്ത്യക്കാരുടെ കൂടി വിജയഗാഥയായി മാറുമ്പോള്‍

ലെസ്റ്ററിലെ റഷീ മേഡ് എന്ന കൊച്ചുപട്ടണത്തിന്റെ പേര് ഗുജറാത്തിലും ശ്രദ്ധ നേടിയത് അസാധാരണ കാഴ്ചയായി

Update: 2026-01-03 05:00 GMT

ലണ്ടന്‍: നിങ്ങളൊക്കെ പോയി രക്ഷപെട്ടില്ലേ? ഇത്തരത്തില്‍ ഒരിക്കല്‍ എങ്കിലും നാട്ടുകാരില്‍ നിന്നോ പ്രിയപെട്ടവരില്‍ നിന്നോ കേള്‍ക്കാത്ത യുകെ മലയാളികള്‍ ആരും കാണില്ല. ഒരാള്‍ നാട് വിട്ടാല്‍ സ്വന്തം കാര്യം നോക്കി ജീവിക്കുന്നവരായി മാറും എന്നാണ് പൊതുവെ ഏതു നാട്ടുകാരുടെയും തെറ്റിദ്ധാരണ. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ തന്നെ 20 കോടി രൂപയോളം വരുന്ന സഹായ പ്രവര്‍ത്തനങ്ങളാണ് യുകെയിലും കേരളത്തിലുമായി ഏറ്റെടുത്തത്. എന്നാല്‍ ഇങ്ങനെയൊക്കെ ആണെങ്കിലും യുകെ മലയാളികള്‍ക്ക് അഭിമാനത്തോടെ ചൂണ്ടിക്കാട്ടാന്‍ ഒരു പ്രോജക്ട് കേരളത്തില്‍ എടുത്തു കാണിക്കാനില്ല എന്നത് വസ്തുതയാണ്.

കേരളത്തില്‍ നടക്കാന്‍ പ്രയാസമുള്ളതു ഗുജറാത്തില്‍ സാധിക്കുമ്പോള്‍ ഗ്ലോസ്ടര്‍ മലയാളി സമൂഹവും പുല്‍ക്കൂട് എന്ന വാട്‌സാപ്പ് കൂട്ടായ്മയും ഒക്കെ സ്വന്തം നിലയില്‍ ഏതാനും പേര്‍ക്ക് വീടുകള്‍ വച്ച് നല്‍കിയിട്ടുണ്ടെങ്കിലും ഒരു നാടിന്റെ മാറ്റത്തിനായി ചെയ്യാന്‍ കഴിയുമായിരുന്ന കാര്യങ്ങളില്‍ വേണ്ടത്ര ദിശാബോധം ഉള്ള ചിന്ത യുകെ മലയാളികള്‍ക്ക് ഉണ്ടായില്ല എന്ന നല്ലപാഠമാണ് ഇപ്പോള്‍ യുകെയിലെ ഗുജറാത്തി സമൂഹം പഠിപ്പിക്കുന്നത് , പ്രേത്യേകിച്ചും ലെസ്റ്ററിലെ ഗുജറാത്തികള്‍.

വേണമെങ്കില്‍ ദുരന്തം തകര്‍ത്ത വയനാട്ടിലും മറ്റും ഏറ്റെടുക്കാമായിരുന്ന ചില കൈത്താങ്ങുകള്‍ യുകെ മലയാളികള്‍ക്ക് സാധിക്കാതെ പോയതില്‍ കേരളത്തില്‍ നിന്നുമുള്ള ചുവപ് നാടയുടെ കുരുക്കുകളും പ്രധാന കാരണമാണ് . പ്രളയകാലത്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സഹായം നല്‍കിയതിന്റെ തെളിവ് കിട്ടാന്‍ അലഞ്ഞതിന്റെ കഥകള്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് തന്നെ പറയാനുള്ളപ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്ക് കൈകൊടുക്കുവാന്‍ ഒരനുഭവമുള്ളവര്‍ പിന്നെ മടിക്കും എന്നതും പ്രധാന കാരണങ്ങളില്‍ ഒന്നാണ് . എന്നാല്‍ മറ്റു പല സംസ്ഥാനങ്ങളിലും ഇത്തരം നിയമ കുരുക്കുകള്‍ തടസ്സമാകുന്നില്ല എന്നതും ഭൂകമ്പം തകര്‍ത്ത ഗുജറാത്തില്‍ എന്നെന്നും ഓര്‍മ്മിക്കാനുള്ള ഒരു സ്‌കൂള്‍ തന്നെ തയാറാക്കിയ ലെസ്റ്ററിലെ ഇന്ത്യക്കാരും ബ്രിട്ടീഷുകാരും ഇപ്പോള്‍ തെളിയിക്കുകയാണ്.

ഭുജ് ഭൂകമ്പം തകര്‍ത്ത നാടിന്റെ കഥ ബിബിസിയില്‍ , കരളുരുകി കരഞ്ഞത് ലെസ്റ്ററിലെ ഇന്ത്യക്കാരും പരിചയക്കാരായ നാട്ടുകാരും

വയനാട് മലയിടിച്ചില്‍ ഉണ്ടായപ്പോള്‍ യുകെ മലയാളികളുടെ നെഞ്ചു പിടിഞ്ഞത് പോലെ 2001 ലെ ഭൂകമ്പത്തില്‍ ഭുജ് എന്ന നാട് കല്ലിന്മേല്‍ കല്ലില്ലാത്ത വിധം തകര്‍ന്നു കിടക്കുന്ന കാഴ്ച ബിബിസിയിലൂടെ കാണേണ്ടി വന്ന ലെസ്റ്ററിലെ ഗുജറാത്തികള്‍ക്കും അവരുടെ പരിചയക്കാരായ ബ്രിട്ടീഷുകാര്‍ക്കും ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും ഒക്കെ കണ്ണീര്‍ തങ്ങളെ തേടി എത്തുകയാണ് എന്ന നേരനുഭവം കൂടി ആയി മാറുകയായിരുന്നു . സോഷ്യല്‍ മീഡിയ സജീവം ഇല്ലാത്ത അക്കാലത്തു ഭുജിലെ വേദന നിറഞ്ഞ കാഴ്ചകള്‍ കാണാനുള്ള ഏക അവസരം ബിബിസി റിപ്പോര്‍ട്ടുകളായിരുന്നു . ബിബിസി അയച്ച വാര്‍ത്ത സംഘത്തിലെ ക്യാമറമാന്‍ ഭാസ്‌കര്‍ സോളാങ്കിക്കാകട്ടെ അതൊരു വാര്‍ത്തലോകം മാത്രമായിരുന്നില്ല സ്വന്തം നാട്ടുകാരുടെ വേദന കാണേണ്ടി വന്ന കദന നിമിഷങ്ങള്‍ കൂടി ആയിരുന്നു.

വാര്‍ത്തകളിലൂടെ ദുരന്ത ഭീകരത മനസിലാക്കിയ ലെസ്റ്ററിലെ ഗുജറാത്തി സമൂഹം സാധ്യമായ നിലയിലൊക്കെ പണവും മറ്റും സഹായങ്ങളും അതിവേഗം സ്വന്തം നാട്ടിലെത്തിച്ചു . എങ്കിലും അത് മാത്രം പോരല്ലോ എന്ന ഭാസ്‌കര്‍ സോളാങ്കിയുടെ ചെറു ചിന്തയാണ് ഇപ്പോള്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അഭയമൊരുക്കിയ സ്ഥാപനമായ റഷീ മീഡ് എന്ന സെക്കണ്ടറി സ്‌കൂളിന്റെ കഥ , ഒരു നാടിന്റെ തന്നെ ദിശഗതി മാറ്റുവാന്‍ തല ഉയര്‍ത്തി നില്‍ക്കുന്ന അഭിമാന സ്തംഭം . ഒരു പക്ഷെ ആ സ്‌കൂളിന് മുന്നിലൂടെ കടന്നു പോകുന്നവര്‍ക്ക് ഇതെന്താ ഇങ്ങനെ ഒരു പേരെന്ന് തോന്നിയാല്‍ മാത്രം പുറത്തു വരുന്ന മനുഷ്യ നന്മയുടെ ജീവനുള്ള കഥയാണ് ഈ സ്‌കൂളിന്റേത് . നൂറുകണക്കിന് ഗ്രാമങ്ങളെ തകര്‌ത്തെറിഞ്ഞ ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്നും അവിടവിടെ കാണാനാകുന്ന വിധത്തില്‍ തന്നെയാണ് ഈ പ്രദേശങ്ങള്‍ എന്നതും ദുരന്ത വ്യാപ്തി എത്ര വലുതായിരുന്നു എന്ന് കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും ഓര്‍മ്മിക്കപ്പെടുകയാണ്.

ലെസ്റ്ററില്‍ പഠിച്ചു വളര്‍ന്ന ഭാസ്‌കര്‍ സോളങ്കി ലോകത്തിന്റെ പല ഭാഗത്തും യുദ്ധങ്ങളും പ്രകൃതി ദുരന്തങ്ങളും ഒക്കെ കണ്ടിട്ടുണ്ടെങ്കിലും ഭുജ് ഭൂകമ്പം അദ്ദേഹത്തെ കരള്‍ പിടിച്ചു വലിയ്ക്കുന്ന കാഴ്ചകള്‍ നല്‍കിയാണ് യുകെയിലേക്ക് മടക്കി അയച്ചത് . ഇത്തരം റിപ്പോര്‍ട്ടിങ് കേന്ദ്രങ്ങളില്‍ എത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ പലപ്പോഴും മാനസിക പ്രയാസത്തിലേക്ക് സ്വയം വീഴുന്ന കാഴ്ചകളും ലോകം ഏറെ കേട്ടിട്ടുള്ളതാണ് . ഭുജ് കാഴ്ചകള്‍ തന്നെ നൊമ്പരപ്പെടുത്തുമ്പോഴും ആ നാടിനു വേണ്ടി എന്ത് ചെയ്യാനാകും എന്നാണ് ഭാസ്‌കര്‍ സോളങ്കി ചിന്തിച്ചു കൊണ്ടിരുന്നത് . അങ്ങനെയാണ് ഒടുവില്‍ റഷീ മേഡ് എന്ന തന്റെ സ്‌കൂളിന്റെ തന്നെ പേരില്‍ മറ്റൊരു സ്‌കൂള്‍ ഭുജ് ഗ്രാമത്തില്‍ ആവശ്യമാണ് എന്നദ്ദേഹം തീര്‍ച്ചപ്പെടുത്തിയത്.

സ്‌കൂളില്‍ പഠിക്കുക എന്നത് ശീലമില്ലാത്ത ഗ്രാമത്തില്‍ നിന്നും ഇതുവരെ ഉന്നത പഠനത്തിന് യോഗ്യത നേടിയത് 500 ലേറെ വിദ്യാര്‍ഥികള്‍

തിരികെ യുകെയില്‍ എത്തി റാഷീ മീഡിലെ ഗുജറാത്തി സമൂഹവുമായി തന്റെ ആശയം പങ്കിട്ട ഭാസ്‌കര്‍ സോളങ്കി നേരെ പോയത് താന്‍ പഠിച്ച സ്‌കൂളിലേക്കാണ് . അവിടെ അദ്ദേഹത്തെ സ്വീകരിച്ച സ്‌കൂള്‍ പ്രധാന ആദ്യപിക ജീന്‍ മക് ഡാര്‍ലിമിഡ് ഭാസ്‌കറിന്റെ കൂടി ആദ്യകാല അദ്ധ്യാപിക ആയിരുന്നു എന്നത് ഈ പ്രോജക്ടിന്റെ ജീവന് ഏറെ സഹായകമായി / അങ്ങനെയാണ് ഇംഗ്ലീഷ് അധ്യാപികയായ ജീനിന്റെ മേല്‍നോട്ടത്തില്‍ റഷീ മേഡ് ഫൗണ്ടേഷന്‍ സ്ഥാപിതമാകുന്നത് . ഈ ആശയം ആദ്യം ചര്‍ച്ച ചെയ്തത് ലെസ്റ്റര്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളോട് തന്നെയാണ് . എങ്ങനെയും തങ്ങളുടെ സ്‌കൂളിന്റെ ഇരട്ട സ്‌ക്കൂള്‍ ആയി റഷീ മേഡ് ഭുജിലെ നാഗോര്‍ എന്ന ഗ്രാമത്തില്‍ ഉയരണം എന്ന വാശിയാണ് പിന്നീട് വിദ്യാര്‍ത്ഥികളില്‍ കാണാനായത് എന്ന് ഭാസ്‌കര്‍ സോളങ്കി ഓര്‍മ്മിക്കുന്നു . ഇപ്പോള്‍ 20 വര്ഷം സ്‌കൂള്‍ പിന്നിടുമ്പോഴും എല്ലാം ഇന്നലെ എന്ന ഓര്‍മ്മയാണ് അദ്ദേഹത്തില്‍ നിറയുന്നതും.

തന്റെ അമ്മയടക്കം ആ ഗ്രാമത്തില്‍ ആരും ഔദ്യോഗിക വിദ്യാഭ്യസം പൂര്‍ത്തിയാക്കാറില്ല എന്ന അനുഭവമാണ് ഈ ചിന്തയ്ക്ക് വലിയ പ്രചോദനം ആയതെന്നും അദ്ദേഹം ഓര്‍ക്കുന്നു . സ്‌കൂളിന്റെ കാര്യം പറയുമ്പോള്‍ ഭാസ്‌കറിന്റെ അമ്മയ്ക്കായിരുന്നു അക്കാര്യത്തില്‍ ഏറ്റവും വാശിയും . സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുക എന്നത് ഒരു ചിന്തയെ അല്ലാതിരുന്ന ഗ്രാമത്തില്‍ ഇപ്പോള്‍ 500 ലേറെ വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍ നിന്നും ഉന്നത പഠനത്തിന് അര്‍ഹരായി മാറിയത് . പെണ്‍കുട്ടികള്‍ ആണെങ്കില്‍ പ്രത്യേകിച്ചും സ്‌കൂളില്‍ പോക്ക് അക്ഷരം പഠിക്കാന്‍ വേണ്ടി മാത്രമായ ഈ ഗ്രാമത്തില്‍ ഇപ്പോള്‍ ബ്രിട്ടീഷ് സഹായത്തോടെ വന്ന സ്‌കൂളിന് ശേഷം ഗ്രാമത്തിലെ പെണ്‍കുട്ടികളില്‍ ആദ്യപികയും ഹോമിയോ ഡോക്ടറും വക്കീലും ഒക്കെ യാഥാര്‍ഥ്യമായിക്കഴിഞ്ഞു . ഇപ്പോള്‍ സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ പണം ഇല്ലാത്തവര്‍ക്ക് പോലും ഇവിടെ അത് നല്‍കുന്നത് റഷീ മീഡ് ഫൗണ്ടേഷന്‍ തന്നെയാണ് . ഇപ്പോള്‍ നാഗോര്‍ ഗ്രാമത്തിന്റെ തന്നെ മുഖച്ഛായ മാറ്റാനും ഈ സ്‌കൂളിലൂടെ സാധിച്ചിരിക്കുകയാണ് എന്നാണ് ഇക്കഴിഞ്ഞ ഡിസംബറില്‍ സ്‌കൂള്‍ സന്ദര്‍ശനം നടത്തിയ ഭാസ്‌കര്‍ സോളാങ്കിക്ക് തിരിച്ചറിയാനായത്.

Tags:    

Similar News