ഒരുമിച്ച് സ്‌കൂട്ടറിൽ പോകുന്നതിനിടെ റോഡിൽ തെറിച്ചുവീണു; വീഴ്ചയിൽ നിന്നും വെപ്രാളത്തിൽ എഴുന്നേറ്റ് വന്ന ഭാര്യ കാണുന്നത് ദയനീയ കാഴ്ച; ജീവന് വേണ്ടി പിടയുന്ന തന്റെ പ്രാണനെ കണ്ട് കരഞ്ഞ് നിലവിളിച്ച് അവൾ; ഭർത്താവിനെ രക്ഷിക്കാൻ ശ്രമിച്ച യുവതിക്ക് സംഭവിച്ചത്
ഡൽഹി: മനുഷ്യത്വം മരവിച്ചുപോയോ എന്ന് ചിന്തിപ്പിക്കുന്ന വിധം ഹൃദയഭേദകമായ ഒരു വാർത്തയാണ് ബെംഗളൂരുവില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹൃദയാഘാതം വന്ന് റോഡിൽ വീണ ഭർത്താവിനെ രക്ഷിക്കാൻ വാഹനങ്ങൾക്ക് മുന്നിൽ കൈകൂപ്പി കരഞ്ഞപേക്ഷിച്ച ഭാര്യയുടെ ദൃശ്യങ്ങൾ ഇന്ന് സമൂഹമാധ്യമങ്ങളിൽ നൊമ്പരമായി മാറുകയാണ്. ഡിസംബർ 13-ന് പുലർച്ചെയുണ്ടായ ഈ ദാരുണ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ലോകം ഈ ക്രൂരത അറിഞ്ഞത്.
34 വയസ്സുകാരനായ മെക്കാനിക്ക് വെങ്കിട്ടരമണനാണ് ഈ ദാരുണ സംഭവത്തിൽ ജീവൻ നഷ്ടമായത്. ഡിസംബർ 13-ന് പുലർച്ചെ ഏകദേശം 3:30-ഓടെയാണ് വെങ്കിട്ടരമണന് കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ ഭാര്യ രൂപ അദ്ദേഹത്തെയും കൂട്ടി അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ എത്തി. എന്നാൽ ആ സമയത്ത് അവിടെ ഡോക്ടർമാർ ഇല്ലാതിരുന്നതിനാൽ, ഹൃദ്രോഗ ചികിത്സയ്ക്ക് പേര് കേട്ട ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസിലേക്ക് പോകാൻ ആശുപത്രി അധികൃതർ നിർദ്ദേശിച്ചു.
#Heartbreaking incident in Bengaluru has left many shaken and questioning humanity. Thirty-four-year-old Venkataramanan suffered a sudden cardiac arrest while riding a bike with his wife. Near Kadrihalli Bridge, he collapsed on the road, gasping for life. His wife screamed for… pic.twitter.com/VXSUDWDq8Z
— Bharathirajan (@bharathircc) December 17, 2025
തുടർന്ന് തന്റെ സ്കൂട്ടറിൽ വെങ്കിട്ടരമണനെ പിന്നിലിരുത്തി രൂപ ജയദേവ ആശുപത്രി ലക്ഷ്യമാക്കി യാത്ര തിരിച്ചു. എന്നാൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ വെങ്കിട്ടരമണന്റെ ആരോഗ്യനില വഷളാവുകയും അദ്ദേഹം സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് വീഴുകയും ചെയ്തു. റോഡിൽ വീണ വെങ്കിട്ടരമണൻ വേദന കൊണ്ട് പുളയുകയായിരുന്നു.
തന്റെ കൺമുന്നിൽ പിടയുന്ന ഭർത്താവിനെ എങ്ങനെയെങ്കിലും ആശുപത്രിയിൽ എത്തിക്കാൻ രൂപ സഹായത്തിനായി നിലവിളിച്ചു. ആ സമയം റോഡിലൂടെ പോയിരുന്ന ഓരോ വാഹനത്തിനും മുന്നിൽ അവർ കൈകാട്ടി. ബൈക്കുകളും കാറുകളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ ആ വഴി കടന്നുപോയി. തന്റെ ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ ഒരു നിമിഷം വണ്ടി നിർത്തണമെന്ന് അവർ അപേക്ഷിച്ചു. ചില വാഹനങ്ങൾക്ക് പിന്നാലെ അവർ ഓടി. എന്നാൽ രൂപയുടെ നിലവിളിയോ ഭർത്താവിന്റെ അവസ്ഥയോ കണ്ടിട്ടും ആരും വണ്ടി നിർത്താൻ തയ്യാറായില്ല. മനുഷ്യത്വം പൂർണ്ണമായും അസ്തമിച്ച കാഴ്ചയായിരുന്നു ആ റോഡിൽ കണ്ടത്.
ഓരോ വാഹനവും നിർത്താതെ പോകുമ്പോഴും തന്റെ ഭർത്താവിന്റെ ജീവൻ കൈവിട്ടു പോകുന്നത് ആ ഭാര്യ നിസ്സഹായയായി നോക്കിനിന്നു. ഏകദേശം പത്ത് മിനിറ്റിലധികം രൂപ ഇത്തരത്തിൽ സഹായത്തിനായി കേണപേക്ഷിച്ചു. ഒടുവിൽ, അല്പനേരത്തിന് ശേഷം ആ വഴി വന്ന ഒരു ടാക്സി ഡ്രൈവർ കരുണ തോന്നി വണ്ടി നിർത്താൻ തയ്യാറായി. അദ്ദേഹം ഉടൻ തന്നെ വെങ്കിട്ടരമണനെയും രൂപയെയും ജയദേവ ആശുപത്രിയിൽ എത്തിച്ചു.
ആശുപത്രിയിൽ എത്തിച്ച ഉടൻ ഡോക്ടർമാർ വെങ്കിട്ടരമണനെ പരിശോധിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ അദ്ദേഹം മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കൃത്യസമയത്ത് ആരെങ്കിലും സഹായിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ആ യുവാവിന്റെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു എന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു.
തനിക്ക് പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ട കടുത്ത ദുഃഖത്തിനിടയിലും വെങ്കിട്ടരമണന്റെ കുടുംബം ഒരു വലിയ മാതൃക കാണിച്ചു. അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചു. മരിച്ച ശേഷവും മറ്റൊരാൾക്ക് വെളിച്ചമാകാൻ അദ്ദേഹത്തിന് സാധിച്ചു.
