വന്യജീവി ആക്രമണം മൂലമുള്ള മരണം; സഹായധനം 14 ലക്ഷം രൂപയാക്കിയേക്കും; 10 ലക്ഷം വനംവകുപ്പും നാല് ലക്ഷം ദുരന്തനിവാരണ നിധിയില്‍നിന്നും നല്‍കണമെന്ന് വനംവകുപ്പ്; സാമ്പത്തിക പ്രയാസം ചൂണ്ടിക്കാട്ടി തുക കൂട്ടുന്നതിന് ധനവകുപ്പിന് എതിര്‍പ്പ്; വിഷയം മുഖ്യമന്ത്രിയുടെ പരിഗണനയില്‍

Update: 2025-02-25 05:22 GMT

കോട്ടയം: സംസ്ഥാനത്ത് വന്യജീവി ആക്രമണം മൂലം മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കുള്ള സഹായധനം 14 ലക്ഷം രൂപയാക്കി ഉയര്‍ത്താനൊരുങ്ങി സര്‍ക്കാര്‍. വന്യജീവി ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിലാണ് സഹായധനത്തിന്റെ പരിധി കൂട്ടാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നത്. നിലവില്‍ 10 ലക്ഷം രൂപയാണ് വന്യജീവി ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍ വന്യജീവികളുടെ അധിനിവേശം കൂടിയതോടെ, സഹായം വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

സാമ്പത്തിക പ്രയാം ചൂണ്ടിക്കാട്ടി തുക കൂട്ടുന്നതിനെ പ്രാഥമിക ചര്‍ച്ചകളില്‍ ധനവകുപ്പ് എതിര്‍ത്തിരുന്നു. തുടര്‍ന്ന് ഈ വിഷയം മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. 10 ലക്ഷം വനം വകുപ്പിന്റെ ഫണ്ടില്‍ നിന്നും നാല് ലക്ഷം ദുരന്തനിവാരണ നിധിയില്‍നിന്നും വനം വകുപ്പ് ആവശ്യപ്പെടുന്നത്. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ നാല് ലക്ഷം ദുരന്ത നിവാരണത്തില്‍ നിന്നും കൊടുക്കാന്‍ തീരുമാനമായി. സഹായധനം 14 ലക്ഷം രൂപയാക്കി ഉയര്‍ത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതേക്കുറിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

പക്ഷേ, വനംവകുപ്പ് വിഹിതം ആറുലക്ഷമേ നല്‍കാവൂ. നാലുലക്ഷം ദുരന്തനിവാരണനിധിയില്‍നിന്നുള്ള വിഹിതംകൂടി ചേര്‍ത്ത് മുന്‍പത്തെപ്പോലെ സഹായം 10 ലക്ഷമായി നിജപ്പെടുത്തി. അടുത്തിടെ വന്യജീവിയാക്രമണങ്ങള്‍മൂലമുണ്ടായ മരണങ്ങളില്‍ ആശ്രിതര്‍ക്ക് ആറ്-നാല് അനുപാതത്തിലാണ് 10 ലക്ഷം കൊടുത്തത്. വന്യജീവി ആക്രമണത്തില്‍ കഠിനമായി പരിക്കേറ്റവര്‍ക്ക് ചികിത്സാ ചെലവിനായി 5 ലക്ഷം രൂപ ലഭിക്കും. ഭാവിയില്‍ വന്യജീവി ആക്രമണം തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് വനമേഖലാ വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

14 ലക്ഷമെങ്കിലും നല്‍കണമെന്ന നിലപാടില്‍ വനംവകുപ്പ് ഉറച്ചുനില്‍ക്കുകയാണ്. വനം, റവന്യു, ധന വകുപ്പുകളുടെ യോഗം വൈകാതെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേരുമെന്നാണ് വിവരം. ജനവികാരവും രാഷ്ട്രീയസമ്മര്‍ദവും കണക്കിലെടുത്ത് വനംവകുപ്പിന്റെ ശുപാര്‍ശ അംഗീകരിക്കപ്പെട്ടേക്കും.

കാട്ടാന, കടുവ, കരടി, പോത്തു മുതലായവയുടെ ആക്രമണങ്ങളില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 100ലധികം പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. ഇതില്‍ കേരളത്തിലേത് മാത്രം 20ലധികം കേസുകളാണ്. വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ വനമേഖലാ വകുപ്പ് ബഫര്‍ സോണുകള്‍, കൂറ്റന്‍ മതിലുകള്‍, വൈദ്യുത വേലികള്‍ എന്നിവ സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. കൂടാതെ, വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കായി സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.

നഗരസഭയിലും ഗ്രാമീണ മേഖലകളിലും വന്യജീവി പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളും. ജനങ്ങളുടെ ജീവിതസുരക്ഷ ഉറപ്പാക്കുന്നതിന് പുതിയ പ്രോട്ടോക്കോളുകള്‍ തയ്യാറാക്കാനും മന്ത്രിസഭ ആലോചിക്കുന്നുണ്ട്. വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ ശക്തമായ നടപടികള്‍ വേണമെന്നത് കര്‍ഷകരടക്കമുള്ള ഗ്രാമീണരുടെ പ്രധാന ആവശ്യമാണെന്നും അടിയന്തരമായി പരിഹാരം കാണണമെന്നത് പൊതുജനങ്ങളുടെ ആവശ്യമാണ്.

Tags:    

Similar News