ട്രംപ് വിരട്ടിയാലും ഇന്ത്യയുടെ ടെക്‌സ്റ്റൈല്‍-അപ്പാരല്‍ മേഖല കുലുങ്ങില്ല; അമേരിക്കന്‍ സമ്മര്‍ദ്ദ തന്ത്രത്തെ അതിജീവിക്കാന്‍ കിറ്റക്‌സ് ഗാര്‍മന്റ്‌സ് 60 ശതമാനം വ്യാപാരം യുകെയിലേക്കും യുറോപ്പിലേക്കും മാറ്റുന്നു; അമേരിക്കന്‍ നിലവാരത്തില്‍ നിര്‍മ്മിക്കുന്ന ലിറ്റില്‍ സ്റ്റാര്‍ ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയിലേക്ക്; യുഎസ് ഭീഷണി താല്‍ക്കാലികമെന്നും സാബു എം ജേക്കബ്

ട്രംപ് വിരട്ടിയാലും ഇന്ത്യയുടെ ടെക്‌സ്റ്റൈല്‍-അപ്പാരല്‍ മേഖല കുലുങ്ങില്ല

Update: 2025-08-07 12:05 GMT

കൊച്ചി: യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്ത്യക്ക് മേല്‍ 25 ശതമാനം അധിക തീരുവ കൂടി ചുമത്തിയത് കയറ്റുമതി മേഖലയെ ആശങ്കയിലാക്കിയിരിക്കുകയാണ്. ആകെ 50 ശതമാനമായി തീരുവ ഉയര്‍ന്നത് രാജ്യത്തെ ടെക്‌സ്റ്റൈല്‍-അപ്പാരല്‍ മേഖലയെ എങ്ങനെ ബാധിക്കും? ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ വ്യവസായത്തെ ട്രംപിന്റെ ഭീഷണി താല്‍ക്കാലികമായി മാത്രമേ ബാധിക്കുകയുള്ളുവെന്ന് കിറ്റക്‌സ് ഗാര്‍മന്റ്‌സ് എംഡി സാബു എം ജേക്കബ് മറുനാടന്‍ മലയാളിയോട് പറഞ്ഞു.

അമേരിക്ക സമ്മര്‍ദ്ദ തന്ത്രത്തിലൂടെ വിലപേശി അവരുടെ ആവശ്യാനുസൃതമുള്ള താരിഫ് നിരക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഈ മാസാവസാനത്തോടെ താരിഫ് നിരക്കുകളില്‍ തീരുമാനമായാല്‍ പോലും അതൊരു ശാശ്വത പരിഹാരമായി കണക്കാക്കുന്നില്ല. അമേരിക്കന്‍ നിലവാരത്തില്‍ നിര്‍മ്മിക്കുന്ന ലിറ്റില്‍ സ്റ്റാര്‍ എന്ന ബ്രാന്‍ഡ് ഇനി മുതല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കും. ഒരുലക്ഷത്തി എഴുപതിനായിരം കോടി സെയല്‍സ് ഉണ്ട്് ഇന്ത്യയില്‍ ഈ മേഖലയില്‍. അതിന്റെ 5 ശതമാനം കിട്ടിയാല്‍ തന്നെ മുഴുവന്‍ ഓഡേഴ്‌സും വില്‍ക്കാന്‍ സാധിക്കും. അതുകൂടാതെ സ്വതന്ത്ര വ്യാപാരം നിലവില്‍ വരുന്ന യുകെയിലേക്ക് കിറ്റക്‌സ് വ്യാപാരം വിപുലമാക്കുകയാണ്. ഒപ്പം യൂറോപ്യന്‍ യൂണിയനുമായും സീറോ ഡ്യൂട്ടി നിലവില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍, യൂറോപ്പിലേക്കും കിറ്റക്‌സ് ഗാര്‍മന്റ്‌സ് വിപുലീകരിക്കുകയാണ്.

പരസ്പരം പഴി ചാരാനുള്ള നേരമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാളുകളില്‍ 100 ശതമാനമായിരുന്നു അമേരിക്കയിലേക്കുള്ള വ്യാപാരം. എന്നാല്‍ ഇപ്പോള്‍ കിറ്റെക്‌സ് 9 ശതമാനം യൂറോപ്പിലേക്ക് മാറ്റി. യുകെയിലേക്കും യൂറോപ്പിലേക്കും 60 ശതമാനം വ്യാപാരം വരുന്ന വര്‍ഷങ്ങളിലേക്ക് മാറ്റും.


Full View


26 വര്‍ഷമായി കുട്ടികളുടെ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ലോകത്തിലെ രണ്ടാമത്തെ ബ്രാന്‍ഡ് ആണ് കിറ്റക്‌സ്. ഈ വ്യാപാര യുദ്ധം നടക്കുന്നതിനാല്‍ ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് യൂറോപ്പ്, യുകെ, ഇന്ത്യ വിപണിയിലേക്ക് കിറ്റെക്‌സ് തിരിയുന്നതെന്നും സാബു എം ജേക്കബ് പറഞ്ഞു.


സാബു എം ജേക്കബ് മറുനാടനോട് പറഞ്ഞത്:

താല്‍ക്കാലികമായ ഭീഷണിയാണിത്. സമ്മര്‍ദ്ദം ചെലുത്തി അവരുടെ ആവശ്യത്തിന് അനുസരിച്ചുളേള താരിഫ് നിരക്ക് കൊണ്ടുവരിക എന്നതാണ് ട്രംപിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെയാണ് ജൂലൈ 30 ന് നമ്മള്‍ താരിഫ് സൈന്‍ ചെയ്യുമെന്ന് പറഞ്ഞത്. അതിനുശേഷം 7 ദിവസം നീട്ടി. ഇപ്പോള്‍, 25 ശതമാനവും പിന്നീട് 25 ശതമാനം പെനാല്‍റ്റിയും. സമ്മര്‍ദ്ദ തന്ത്രമാണ് ട്രംപ് പ്രയോഗിക്കുന്നത്. ഇതൊരു അന്തിമ താരിഫായി എനിക്ക് തോന്നുന്നില്ല.

കാരണം 25ാം തീയതിയോടുകൂടി ഇവരുടെ ആളുകള്‍, യുഎസീന്ന് ഒരുടീം വരുന്നുണ്ട്. ഡിസ്‌കസ് ചെയ്യാനായിട്ട്. അതാണ് ഈ മൂന്നാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. 27, 28 തീയതികള്‍ക്കുള്ളില്‍ ഒരു ഫൈനല്‍ താരിഫ് ആകുമെന്നാണ് എന്റെ പ്രതീക്ഷ. പക്ഷേ, അതുവരെ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഈ അനിശ്ചിതത്വം നില്‍ക്കുന്നത് കൊണ്ട് എല്ലാ മേഖലകളിലും, ഓര്‍ഡേഴ്‌സ് ഹോള്‍ഡ് ചെയ്തിരിക്കുകയാണ്. ഈ മാസം അവസാനത്തോട് കൂടി മാത്രമേ ബയേഴ്‌സിന് എല്ലാം ഒരു വ്യക്തത വരികയുളളു.

കിറ്റക്‌സ് ഓഹരി ഇടിഞ്ഞതൊക്കെ താല്‍ക്കാലികമാണ്. അതുമാത്രമല്ല, ഓള്‍ ഇന്ത്യയില്‍ എക്‌സ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട്, നമ്മളെ സംബന്ധിച്ച് 100 ശതമാനവും അമേരിക്കയാണല്ലോ. അതുകൊണ്ട് ആണ് അത് കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഈ മേഖലയിലുളള എല്ലാ കമ്പനികളുടെയും ഒരുപോലെ തന്നെ ഓഹരി ഇടിഞ്ഞിട്ടുണ്ട്.

ഉല്‍പ്പാദനം നിര്‍ത്തി വച്ചിട്ടില്ല. മുന്‍കൂട്ടിയുള്ള ഓര്‍ഡറുകള്‍ക്ക് വേണ്ടി ഉത്പാദനം തുടരുകയാണ്. ഓഡറിന്റെ എക്‌സിക്യൂഷന്‍ നടക്കുന്നുണ്ട്. പക്ഷേ, അതെല്ലാം ഈ പ്രൈസ് ടാഗിന് വലിയ പ്രാധാന്യമുണ്ട്. കാരണം എന്തുവിലയ്ക്ക് അവിടെ വില്‍ക്കണം എന്നുള്ളത്. ഇവിടുന്നാണ് ടാഗ് ചെയ്തുപോകുന്നത്. അവരത് ഷിപ്പിങ്ങിന് ഹോള്‍ഡ് ചെയ്യാന്‍ പറഞ്ഞിരിക്കുകയാണ്. താരിഫിന് അനുസരിച്ച് പ്രൈസ് ടാഗ് മാറ്റേണ്ടതായിട്ടുണ്ട്. ടാഗ് മാറ്റിയ ശേഷമേ നമുക്ക് ഫൈനല്‍ പാക്കിങ്ങിന് പോകാന്‍ കഴിയുകയുള്ളു. അതുകൊണ്ടുള്ള അനിശ്ചിതത്വമാണ് ഇപ്പോഴുള്ളത്.

താരിഫ് ഫിക്‌സ് ചെയ്തുകഴിഞ്ഞാലും, സ്ഥിരം പരിഹാരമായി തോന്നുന്നില്ല. അതുകൊണ്ട്, ഞങ്ങളുടെ ഒരു ബ്രാന്‍ഡുണ്ട്, ലിറ്റില്‍ സ്റ്റാര്‍, അമേരിക്കന്‍ ബ്രാന്‍ഡാണ്. അതിപ്പോ ഞങ്ങള്‍ ഇവിടെ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുകയാണ്, ഉടന്‍. ഒരുലക്ഷത്തി എഴുപതിനായിരം കോടി സെയല്‍സ് ഉണ്ട്് ഇന്ത്യയില്‍. അതിന്റെ 5 ശതമാനം കിട്ടിയാല്‍ തന്നെ നമ്മുടെ മുഴുവന്‍ ഓഡേഴ്‌സും സെല്‍ ചെയ്യാന്‍ പറ്റും. അതുപോലെ യൂറോപ്പും, യുകെയും സ്റ്റാര്‍ട്ട് ചെയ്തു. യുകെ ഫ്രീ ട്രേഡാണല്ലോ.നമുക്ക് വലിയൊരു അവസരമാണ് അവിടെ കിട്ടുന്നത്. അതുപോലെ യൂറോപ്യന്‍ യൂണിയനുമായുള്ള കരാറും സീറോ ഡ്യൂട്ടിയില്‍ എത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നുകഴിഞ്ഞാല്‍, ഇതൊരു താല്‍ക്കാലിക പ്രശ്‌നം മാത്രമാണ്. ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ വ്യവസായത്തെ ബാധിക്കാന്‍ പോകുന്നില്ല. കാരണം മറ്റുള്ള സ്ഥലത്ത് അതിന്റെ അവസരം കൂടുതലായി വരികയാണ്.

കിറ്റെക്സിന്റെ 'ലിറ്റില്‍ സ്റ്റാര്‍' ഇന്ത്യന്‍ വിപണിയിലേയ്ക്ക്; ലക്ഷ്യം 1000 കോടിയുടെ അധിക വരുമാനം.

കിറ്റെക്സ് ഗാര്‍മെന്റ്സ് തങ്ങളുടെ യുഎസ് ബ്രാന്‍ഡായ 'ലിറ്റില്‍ സ്റ്റാര്‍' ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. യൂറോപ്പ്, യു.എസ് തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് നവജാത ശിശുക്കളുടെയും, കുട്ടികളുടെയും വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്ന ലോകത്തെ ഏറ്റവു വലിയ രണ്ടാമത്തെ വസ്ത്ര നിര്‍മ്മാണ കമ്പനിയായ കിഴക്കമ്പലത്തെ കിറ്റെക്സ് ഗാര്‍മെന്‍സ് ലിമിറ്റഡാണ് തങ്ങളുടെ യുഎസ് ബ്രാന്‍ഡായ 'ലിറ്റില്‍ സ്റ്റാര്‍' ആഭ്യന്തര വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇതിലൂടെ അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ 1000 കോടി രൂപയുടെ അധിക വരുമാനമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ലിറ്റില്‍ സ്റ്റാറിന്റെ കടന്നുവരവോടെ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മികച്ചത് വേണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു ഇന്ത്യക്കാരനും അമേരിക്കന്‍ ഗുണനിലവാരവും, സുരക്ഷയും, ഫാഷനും ഒത്തിണങ്ങിയ വസ്ത്രങ്ങള്‍ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാകുമെന്ന് കിറ്റെക്സ് ഗാര്‍മെന്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സാബു എം.ജേക്കബ് പറഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ കൂടി തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിലൂടെ യു.എസിലേയ്ക്കുള്ള കയറ്റുമതിക്ക് ഉയര്‍ന്ന തിരുവമൂലം സംഭവിക്കാവുന്ന ഏത് വെല്ലുവിളികളെയും നേരിടാന്‍ സാധിക്കുമെന്നും സാബു ജേക്കബ് അഭിപ്രായപ്പെട്ടു. ഇതിലൂടെ ഇന്ത്യന്‍ ഉപഭോക്താക്കളുടെയും, നിക്ഷേപകരുടെയും താല്‍പര്യങ്ങളും സംരക്ഷിക്കപ്പെടും.

ഇന്ത്യയിലെ നവജാത ശിശുക്കളുടെ വസ്ത്ര വിപണി 2030 ആകുമ്പോഴേക്കും ഏകദേശം 1.46 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. യു.എസിലെ ജനന നിരക്കിന്റെ ആറ് ഇരട്ടിയാണ് ഇന്ത്യയിലെ ജനന നിരക്ക്.ഏകദേശം 24 ദശലക്ഷമാണ് ഇന്ത്യയിലെ ജനന നിരക്ക്. അതനുസരിച്ച് ഇന്ത്യയില്‍ നവജാത ശിശിക്കുകളുടെയും, കുട്ടികളുടെയും വസ്ത്രങ്ങളുടെ ആവശ്യതകയും വര്‍ദ്ധിക്കുന്നു.

മാറിയ സാഹചര്യത്തില്‍ ഇന്ത്യയിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ചില്ലറ വില്‍പന മേഖലയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കാനും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ അതിവേഗം നിറവേറ്റാനും ഡിജിറ്റല്‍ ചാനലുകളുടെ പങ്ക് നിര്‍ണായകമാണ്. ഇത് പ്രയോജനപ്പെടുത്താന്‍ ലിറ്റില്‍ സ്റ്റാറിനെ ഒന്നിലധികം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ അവതരിപ്പിക്കും. ഇ-കൊമേഴ്സ് വഴി ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും തുടര്‍ന്ന് റീട്ടെയില്‍ പ്ലാറ്റ്ഫോമുകള്‍ വഴി രാജ്യമെമ്പാടും ശ്രംഖല വിപുലപ്പെടുത്തും.

യു.എസിലെ കിറ്റെക്സിന്റെ സ്വന്തം ബ്രാന്‍ഡായ ലിറ്റില്‍ സ്റ്റാറിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിലൂടെ രാജ്യാന്തര തലത്തില്‍ പാലിക്കപ്പെടുന്ന ഉന്നത ഗുണമേന്മയുള്ള വസ്ത്രങ്ങള്‍ രാജ്യത്തെ നവജാത ശിശുക്കള്‍ക്കും, കൊച്ചുകുട്ടികള്‍ക്കും കൂടി അനായാസം ലഭ്യമാകുന്നതിനുള്ള അവസരം കൂടിയാണിതെന്നും സാബു ജേക്കബ് അഭിപ്രായപ്പെട്ടു.

Tags:    

Similar News