ചോദ്യം ചെയ്യലില്‍ തെളിഞ്ഞത് ജിസ്മോളും മക്കളും നേരിട്ട കൊടിയ പീഡനങ്ങള്‍; ആത്മഹത്യ പ്രേരണാക്കുറ്റവും ഗാര്‍ഹിക പീഡനവും വ്യക്തമാക്കുന്ന മൊഴികള്‍; ജിസ്മോള്‍ പിതാവിന് അയച്ച ഫോണ്‍ ശബ്ദരേഖയടക്കം തെളിവായി; മക്കളുമായി അഭിഭാഷക ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍
മക്കളുമായി അഭിഭാഷക ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍
കോട്ടയം: കോട്ടയം നീറിക്കാട് അഭിഭാഷക ജിസ്‌മോളും മക്കളും ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃ പിതാവ് ജോസഫും അറസ്റ്റില്‍. മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയതോടെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനുശേഷമാണ് ഇവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ജിസ്‌മോള്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായെന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പൊലീസിന് ലഭിച്ചു. ജിമ്മിയുടെ മാതാവിനെതിരെയും മൂത്ത സഹോദരിക്കെതിരെയും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇവര്‍ക്കെതിരെയും ചില തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
ഏപ്രില്‍ 15നാണ് അയര്‍കുന്നം നീറിക്കാടിന് സമീപം മീനച്ചിലാറ്റില്‍ ചാടി ജിസ്‌മോളും മക്കളായ നേഹയും നോറയും ആത്മഹത്യ ചെയ്തത്. കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇന്നലെ, മുഖ്യമന്ത്രിക്ക് ജിസ് മോളുടെ കുടുംബം പരാതി നല്‍കിയിരുന്നു. നിറത്തിന്റെ പേരിലും സ്ത്രീധനത്തിന്റെ പേരിലും ജിസ് മോള്‍ നിരന്തരം പീഡനത്തിനിരയായി എന്നായിരുന്നു കുടുംബത്തിന്റെ പരാതി.
ചോദ്യംചെയ്യലില്‍ ആത്മഹത്യ പ്രേരണാക്കുറ്റവും ഗാര്‍ഹിക പീഡനവും വ്യക്തമാക്കുന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ജിസ്മോള്‍ പിതാവിന് അയച്ച ഫോണ്‍ ശബ്ദരേഖയടക്കം തെളിവായി കണക്കിലെടുത്താണ് നടപടി. ആത്മഹത്യ പ്രേരണാക്കുറ്റം, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
രാവിലെ വീട്ടുജോലിക്കാരിയെ പറഞ്ഞയച്ച ശേഷമായിരുന്നു സംഭവം. വീട്ടിലെ ആത്മഹത്യാശ്രമം പരാജയപ്പെട്ടതിന് പിന്നാലെ ജിസ്മോള്‍ രണ്ടുമക്കളെയും കൂട്ടി പള്ളിക്കുന്ന് കടവിലെത്തി മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. പുഴയില്‍ ചൂണ്ടയിടാനെത്തിയവരാണ് ഒഴുകിയെത്തുന്നനിലയില്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ കരയ്ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
രാവിലെ വീട്ടില്‍വെച്ച് കൈത്തണ്ട മുറിച്ചും മക്കള്‍ക്ക് വിഷംനല്‍കിയും ആത്മഹത്യാശ്രമം നടത്തിയ ജിസ്മോള്‍, ഇത് പരാജയപ്പെട്ടതോടെ സ്‌കൂട്ടറിലാണ് പള്ളിക്കുന്ന് കടവിലെത്തിയത്. ഇവരുടെ സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തിയിട്ടനിലയില്‍ കണ്ടെത്തിയിരുന്നു. മുത്തോലി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് ജിസ്മോള്‍ തോമസ്. ഹൈക്കോടതിയിലും പാലാ കോടതിയിലും അഭിഭാഷകയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.