'ഞാൻ ഇത്രയും മെലിഞ്ഞിട്ടല്ലേ, എന്റെ തലയുടെ താഴെ 40 വയസ്സുള്ള ഒരു ചേച്ചിയുടെ ബോഡി'; മോർഫ് ചെയ്തവനോട് ഒന്നേ പറയാനുള്ളൂ, കുറച്ചുകൂടി ഒറിജിനൽ ആക്കാമായിരുന്നു; വ്യാജ വീഡിയോ പ്രചരിപ്പിച്ചവർക്ക് ചുട്ട മറുപടിയുമായി യുവതി; വൈറലായി ഇൻസ്റ്റാഗ്രാം വീഡിയോ
കൊച്ചി: സോഷ്യൽ മീഡിയയിൽ തന്റെ പേരിൽ പ്രചരിക്കുന്ന മോർഫ് ചെയ്ത നഗ്ന വീഡിയോയോട് അസാമാന്യ ധൈര്യത്തോടെയും പരിഹാസത്തോടെയും പ്രതികരിച്ച് ഐശ്വര്യ എന്ന യുവതി. ടെലിഗ്രാം വഴി തന്റെ വ്യാജ വീഡിയോ പ്രചരിക്കുന്നുണ്ടെന്ന വിവരം സുഹൃത്തുക്കൾ വഴിയാണ് ഐശ്വര്യ അറിഞ്ഞത്. എന്നാൽ ഭയപ്പെട്ട് പിന്മാറുന്നതിന് പകരം, വീഡിയോ നിർമ്മിച്ചവർക്കും അത് പ്രചരിപ്പിക്കുന്നവർക്കും തക്കതായ മറുപടി നൽകി താരം തന്നെ നേരിട്ട് രംഗത്തെത്തുകയായിരുന്നു.
ഐശ്വര്യയുടെ വാക്കുകൾ ഇങ്ങനെ:
"ഹലോ ഫ്രണ്ട്‌സ്, എന്റെ ഒരു ന്യൂഡ് വീഡിയോ ടെലഗ്രാമിൽ വൈറലാവുന്നുണ്ടെന്ന് പറഞ്ഞ് കുറെ പേർ എനിക്ക് ലിങ്കും കാര്യങ്ങളും അയച്ചു തന്നു. ഞാൻ ആ വീഡിയോ കണ്ടു. സത്യം പറഞ്ഞാൽ എനിക്ക് സഹിക്കാൻ പറ്റുന്നില്ല. കാരണം, എന്റെ ആ ഒരു തലയുടെ താഴെ ഏതാണ്ട് ഒരു 40 വയസ്സുള്ള ഒരു ചേച്ചിയുടെ ബോഡിയാണ് വെച്ചിരിക്കുന്നത്. ഞാൻ ഇത്രയും മെലിഞ്ഞിരിക്കുന്ന ആളല്ലേ... അത്രയും വണ്ണമുള്ള ഒരു ബോഡി എന്റെ തലയുടെ താഴെ ഇരിക്കുന്നത് കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല. പിന്നെ ഈ വീഡിയോ ഷെയർ ചെയ്യരുത് എന്നൊന്നും ഞാൻ പറയുന്നില്ല, അത് നിങ്ങളുടെ ഇഷ്ടം പോലെ ചെയ്തോ. മോർഫ് ചെയ്തവനോട് എനിക്ക് ഒന്നേ പറയാനുള്ളൂ, കുറച്ചുകൂടി ഒറിജിനൽ ആയിട്ട് എഡിറ്റ് ചെയ്യാമായിരുന്നു!"
കയ്യടിച്ച് സോഷ്യൽ മീഡിയ സാധാരണ ഇത്തരം സൈബർ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ മാനസികമായി തളരുന്ന പെൺകുട്ടികൾക്ക് വലിയൊരു മാതൃകയാണ് ഐശ്വര്യയുടെ ഈ പ്രതികരണം. തന്റെ ശരീരപ്രകൃതിയുമായി യാതൊരു ബന്ധവുമില്ലാത്ത വീഡിയോ മോർഫ് ചെയ്തവർക്ക് സാമാന്യബുദ്ധി പോലുമില്ലെന്ന് യുവതി പരിഹസിച്ചു. വീഡിയോ പ്രചരിപ്പിക്കുന്നവർക്ക് പബ്ലിസിറ്റി കൊടുക്കാതെ അവരെ കളിയാക്കി വിട്ട ഐശ്വര്യയുടെ രീതിക്ക് ഇൻസ്റ്റാഗ്രാമിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.
ഡിജിറ്റൽ യുഗത്തിൽ സ്ത്രീകൾക്ക് നേരെ വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളെ എങ്ങനെ നേരിടണം എന്നതിന്റെ ഉത്തമ ഉദാഹരണമായി ഈ വീഡിയോ മാറിക്കഴിഞ്ഞു. ഇത്രയും ബോള്‍ഡായി ഈ പെണ്‍കുട്ടി പറഞ്ഞതോടെ എഡിറ്റ് ചെയ്തവന്‍ പൊളിഞ്ഞ് പോയെന്നും, ഇത്തരക്കാരോട് ഇങ്ങനെ തന്നെ പ്രതികരിക്കണമെന്നും കമന്‍റുകള്‍ നിറയുന്നുണ്ട്. മൂന്ന് മില്യണ്‍ ആളുകള്‍ ഇതിനോടകം വിഡിയോ കണ്ടുകഴിഞ്ഞു.
