വലിയ പെട്ടി നിറയെ ഐഫോണുകളുമായി ഇൻഫ്ലുവൻസർ; പത്തു പൈസ കൊടുക്കണ്ട, ആവശ്യം പോലെ വാരിയെടുക്കാം; ഐഫോൺ മോഹിച്ച് ഓടിക്കൂടിയവർ ഞൊടിയിടയിൽ പെട്ടി കാലിയാക്കി; 2.54മില്യൺ ഫോളോവേഴ്‌സുള്ള യൂനസിന്റെ പ്രാങ്കിൽപെട്ടവരിൽ പ്രവാസി മലയാളികളും; ആ വീഡിയോയ്ക്ക് പിന്നിലെ വാസ്തവം
ദുബായ്: ജർമ്മൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ യൂനസ് സാരൂ ദുബായിൽ ഒരു വലിയ പെട്ടി നിറയെ ഐഫോണുകൾ വിതരണം ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ, ഇത് ഒരു പ്രാങ്ക് (Prank) മാത്രമായിരുന്നു എന്നതാണ് വാസ്തവം. ഐഫോണുകൾ കൊണ്ട് വന്ന പെട്ടി കാലിയായപ്പോൾ യൂനസ് ചിരിക്കുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ യൂനസ് സാരൂ തന്നെ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി.
വിതരണം ചെയ്ത ഐഫോൺ പെട്ടികൾ കാലിയായിരുന്നു എന്ന് അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം കമന്റിലൂടെ വ്യക്തമാക്കി. വെറും വിനോദത്തിനു വേണ്ടിയാണ് അദ്ദേഹം ഇത്തരമൊരു പ്രാങ്ക് വീഡിയോ ചെയ്തത്. ഒരു 'അപ്രതീക്ഷിത ചലഞ്ച്' എന്ന നിലയിൽ ഒരു പെട്ടി നിറയെ പുതിയ ഐഫോണുകൾ ഒറ്റ പൈസയും നൽകാതെ സ്വന്തമാക്കാൻ അവസരം എന്ന യൂനസ് സാറൂ എത്തിയത്. പുതിയ ഐഫോണുകൾ സമ്മാനമായി ഏറ്റുവാങ്ങാൻ നിരവധി പേരാണ് ഒത്തുകൂടിയത്.
എന്നാൽ ഇതിന് പിന്നാലെ തന്നെ ഈ ബോക്സുകളിൽ ഒന്നുമില്ലായിരുന്നെന്ന വെളിപ്പെടുത്തലുമായി നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു. ഇൻസ്റ്റാഗ്രാമിൽ 2.54 കോടിയിലേറെ ഫോളോവേഴ്സുള്ള യൂനസ് സാറൂ, ഇതിനുമുമ്പും തൻ്റെ ഫോളോവേഴ്സിന് ഐഫോണുകൾ വിതരണം ചെയ്തിട്ടുണ്ട്.എന്നാൽ ഇത്തവണ വ്യത്യസ്തമായി ഫോളോവേഴ്സിന് മാത്രമല്ല, കൂടി നിന്നിരുന്ന എല്ലാവർക്കും ഫോണുകൾ നൽകുകയായിരുന്നു എന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചത്.
പല മലയാള മാധ്യമങ്ങളിലും സംഭവം വാർത്തയായിരുന്നു. ഫോൺ വിതരണത്തിൻ്റെ വീഡിയോ ദൃശ്യങ്ങളിൽ, ആദ്യം ആളുകൾ ക്ഷമയോടെ ഓരോന്നായി ഐഫോണുകൾ വാങ്ങുന്നത് കാണാം. എന്നാൽ, ഐഫോണുകൾ തീർന്നുപോകുമെന്ന അവസ്ഥ വന്നപ്പോൾ യൂനസിന് ചുറ്റും വലിയ ജനക്കൂട്ടം തടിച്ചുകൂടുകയായിരുന്നു. ബോക്സിലെ അവസാന ഐഫോണും സ്വന്തമാക്കിയ ശേഷമാണ് ആൾക്കൂട്ടം പിരിഞ്ഞത്. ഇതിന് പിന്നാലെയാണ് ഇത് പ്രാങ്ക് വീഡിയോ ആയിരുന്നുവെന്ന അഭിപ്രായങ്ങളും സാമൂഹ മാധ്യമങ്ങളിൽ ഉയർന്നത്.
1998 ജനുവരി 2-ന് ഫ്രാങ്ക്ഫർട്ട് ആം മെയിനിൽ ജനിച്ച യൂനസ് സാരൂ, അടുത്തുള്ള ഫ്ലോർഷൈം ആം മെയിനിലാണ് വളർന്നത്. അഞ്ച് സഹോദരങ്ങളിൽ ഒരാളാണ് അദ്ദേഹം. സാരൂവിന്റെ മാതാവ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു, പിതാവ് ഒരു വാഹന റിപ്പയർ ഷോപ്പ് നടത്തിവരികയായിരുന്നു. 2019-ൽ ടിക് ടോക് (TikTok) അക്കൗണ്ട് ആരംഭിക്കുന്നതിന് മുൻപായി അദ്ദേഹം പ്രൊവാഡിസ് സ്കൂൾ ഓഫ് ഇന്റർനാഷണൽ മാനേജ്‌മെന്റ് ആൻഡ് ടെക്നോളജിയിൽ നിന്ന് ബിസിനസ് ഇൻഫോർമാറ്റിക്സ് പഠിച്ചു. നിലവിൽ ടിക് ടോക്കിൽ ഏകദേശം 57 മില്യൺ ഫോളോവേഴ്‌സുള്ള സാരൂ, ജർമ്മനിയിൽ നിന്നുള്ള ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള ക്രിയേറ്റർമാരിൽ ഒരാളാണ്.
