കള്ളു മൂത്തപ്പോള്‍ ഡ്രിപ്പിടാന്‍ മോഹം; വിസമ്മതിച്ചപ്പോള്‍ ആശുപത്രിയില്‍ നാശനഷ്ടമുണ്ടാക്കി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ആശുപത്രിയില്‍ നാശനഷ്ടമുണ്ടാക്കിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

Update: 2024-11-07 16:49 GMT

തിരുവല്ല: മദ്യലഹരിയില്‍ ഡ്രിപ്പിടണമെന്ന് ആവശ്യപ്പെട്ടെത്തി ആശുപത്രിയില്‍ നാശനഷ്ടമുണ്ടാക്കിയ മൂന്ന് യുവാക്കളെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പ്രം മണക്ക് ആശുപത്രിയിലാണ് യുവാക്കള്‍ പരാക്രമം കാണിച്ചത്. തിരുവല്ല പാലിയേക്കര ചന്ത കോളനിയില്‍ പടിഞ്ഞാറേ പീടികയില്‍ വീട്ടില്‍ മിഥുന്‍ (30), തിരുവല്ല പാലിയേക്കര ചന്ത കോളനിയില്‍ വടക്കേപീടികയില്‍ വീട്ടില്‍ അജിന്‍ മാത്യു(24), തിരുവല്ല റെയില്‍വേ സ്റ്റേഷനു സമീപം പേരൂര്‍ വീട്ടില്‍ അഖിലേഷ്(26) എന്നിവരാണ് പിടിയിലായത്. ഡോ പീറ്റര്‍ മണക്കിന്റെ പരാതിപ്രകാരമെടുത്ത കേസിലാണ് പുളിക്കീഴ് പോലീസിന്റെ നടപടി.

ഡ്രിപ്പ് ഇടണമെന്ന് ആവശ്യപ്പെട്ട് മദ്യലഹരിയിലെത്തി ബഹളമുണ്ടാക്കിയ യുവാക്കളെ എക്സ് റേ ടെക്നിഷ്യന്‍ ബിനു വര്‍ഗീസ് ചോദ്യം ചെയ്തു. പ്രതികള്‍ ബിനുവിനെ മര്‍ദ്ദിക്കുകയും, പോലീസില്‍ പരാതി കൊടുത്താല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന്, അക്രമാസക്തമായി ആശുപത്രിയിലെ കസേരകള്‍ തകര്‍ത്തു. പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം പുളിക്കീഴ് പോലീസ് പ്രതികള്‍ക്കെതിരെ, ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആതുരലായങ്ങള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി ചേര്‍ത്ത് കേസെടുക്കുകയായിരുന്നു.

അന്വേഷണത്തെതുടര്‍ന്ന് പ്രതികളെ വൈകിട്ട് അഞ്ചരയോടെ ആശുപത്രിയില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ മൂന്നാം പ്രതി അഖിലേഷ് തിരുവല്ല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ദേഹോപദ്രവക്കേസിലും, അബ്കാരി കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടികള്‍ കൈക്കൊണ്ടത്. അന്വേഷണസംഘത്തില്‍ എസ് ഐ സതീഷ്‌കുമാര്‍, എ എസ് ഐ വിനോദ്, സി പി ഓമാരായ സുജിത് പ്രസാദ്, ആരോമല്‍, രവികുമാര്‍, സുദീപ് കുമാര്‍, സന്ദീപ്, നവീന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Tags:    

Similar News