പി പി ദിവ്യയെ സംരക്ഷിക്കുന്നത് ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; കേരള പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ആരാണ് ദിവ്യയെ സഹായിച്ചതെന്നും കെ.സുരേന്ദ്രന്‍

പി പി ദിവ്യയെ സംരക്ഷിക്കുന്നത് ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം

Update: 2024-10-22 13:21 GMT

പാലക്കാട്: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ പിപി ദിവ്യയെ ആരാണ് സംരക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ദിവ്യയെ സംരക്ഷിക്കില്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. മുഖ്യമന്ത്രി പറഞ്ഞതിനുശേഷം 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ദിവ്യയെ അറസ്റ്റ് ചെയ്യാതെ പോലീസ് സംരക്ഷിക്കുകയാണ്. കേരള പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ആരാണ് ദിവ്യയെ സഹായിച്ചത്.

പത്തനംതിട്ടയിലെ നേതാക്കള്‍ ദിവ്യക്കെതിരെ പരസ്യമായ നിലപാട് സ്വീകരിച്ചു. എന്നാല്‍ അവരെ ഇതുവരെ ചോദ്യം ചെയ്യാന്‍ പോലും പോലീസിന് സാധിക്കാത്തത് സര്‍ക്കാറിന്റെ പരാജയമാണ്. ഉപതിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ആത്മാര്‍ത്ഥതയില്ലാത്ത പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്. നവീന്‍ ബാബുവിന്റെ കുടുംബത്തെ മുഖ്യമന്ത്രി കളിയാക്കുകയാണ്. എന്തുകൊണ്ടാണ് സര്‍ക്കാര്‍ പിപി ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാത്തത്. കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നത് വരെ ബിജെപി സമരം ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ട് യുഡിഎഫിനാണ് പോയതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പരസ്യമായി സമ്മതിച്ചിട്ടും എംവി ഗോവിന്ദനും മുഖ്യമന്ത്രിയും മറുപടി പറയുന്നില്ല. എല്‍ഡിഎഫിന്റെ വോട്ടുകള്‍ കഴിഞ്ഞതവണ ഏത് ഡീലിന്റെ ഭാഗമായിട്ടാണ് ഷാഫി പറമ്പിലിനു പോയത്. ആ ഡീലിനെ പറ്റി വിഡി സതീശനും മറുപടി പറയണം.

പിവി അന്‍വറുമായിട്ട് യുഡിഎഫ് എന്ത് ഡീല്‍ ആണ് ഉണ്ടാക്കിയത്. എന്ത് പ്രത്യുപകാരമാണ് അന്‍വറിനു യുഡിഎഫ് ചെയ്തുകൊടുക്കാന്‍ പോകുന്നത്. ഇതെല്ലാം വിഡി സതീശന്‍ വ്യക്തമാക്കണം. വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ട എന്ന് എന്താണ് യുഡിഎഫും എല്‍ഡിഎഫും പരസ്യമായി പറയാത്തത്. ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും വോട്ട് വേണ്ട എന്ന് ഇരു പാര്‍ട്ടികളും പ്രഖ്യാപിക്കുന്നില്ല. എല്‍ഡിഎഫ്- യുഡിഎഫ് ഐക്യപ്പെടലിനെതിരെ കേരളം ഈ ഉപതിരഞ്ഞെടുപ്പില്‍ വിധിയെഴുതും. കോണ്‍ഗ്രസിലെ ഉന്നത നേതാക്കളെ മൂലക്കിരുത്തി ഒരു മാഫിയ സംഘം കോണ്‍ഗ്രസ്സില്‍ പിടിമുറുക്കുകയാണ്. ഇത് തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് ഗുണകരമാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Tags:    

Similar News