മുൻകാമുകനോടുള്ള പ്രതികാരം; പെപ്പർ സൂപ്പിൽ വിഷം കലർത്തി നൽകി; ജീവൻ നഷ്ടമായത് അഞ്ച് പേർക്ക്; നൈജീരിയയിൽ 16കാരി പിടിയിൽ
അബുജ: മുൻകാമുകനോടുള്ള പെൺകുട്ടിയുടെ പ്രതികാരത്തിൽ ജീവൻ നഷ്ടമായത് അഞ്ച് പേർക്ക്. നൈജീരിയയിലെ എഡോ സ്റ്റേറ്റിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കാമുകനെ കൊലപ്പെടുത്തുന്നതിനായി ഐഷാ സുലൈമാനെ എന്ന പെൺകുട്ടി കൊടിയ വിഷം കലർന്ന പെപ്പർ സൂപ്പ് ഉണ്ടാക്കി നൽകുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ കാമുകൻ ഇമ്മാനുവൽ എലോജിയും (19) നാല് സുഹൃത്തുക്കളുമാണ് കൊല്ലപ്പെട്ടത്. കേസിൽ കാമുകി ഐഷാ സുലൈമാനെ (16) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുടുംബാംഗങ്ങളെ കുറച്ച് ദിവസങ്ങളായി പുറത്ത് കാണാനില്ലായിരുന്നു. തുടർന്ന് പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അഞ്ച് പേരെ വീട്ടിനുളളിലെ മുറിക്കുളളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് അഞ്ച് പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് ഭക്ഷ്യവിഷബാധയോ ജനറേറ്ററിൽ നിന്ന് വിഷപ്പുക ശ്വസിച്ചതിലൂടെയോ ആകാമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പോലീസ് വിശദമായി നടത്തിയ തുടർ അന്വേഷണത്തിൽ യുവതിയുടെ പ്രതികാര കഥ പുറത്തുവരികയായിരുന്നു.
യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് പെൺകുട്ടി ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തി. മുൻ കാമുകനോടുളള പക തീർക്കാൻ വേണ്ടിയാണ് പെപ്പർ സൂപ്പിൽ കൊടിയ വിഷം കലർത്തിയതെന്നും പ്രതി മൊഴി നൽകിയതായും എഡോ സ്റ്റേറ്റ് പോലീസ് വക്താവ് മോസസ് യാമു വ്യക്തമാക്കി. നിർണായക തെളിവുകളിലൂടെ പ്രതിയെ തിരിച്ചറിഞ്ഞതെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.