ബെന്‍ നെവിസ് കൊടുമുടിയില്‍ നിന്നും വീണ് പര്‍വതാരോഹകന്‍ മരണമടഞ്ഞു; അപകടം മൂണ്‍ലൈറ്റ് ഗള്ളിയില്‍ കയറവേ
ബെന്‍ നെവിസ് കൊടുമുടിയില്‍ നിന്നും വീണ് പര്‍വതാരോഹകന്‍ മരണമടഞ്ഞു
ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ബെന്‍ നെവിസില്‍ നിന്നും 200 അടി താഴ്ചയിലേക്ക് വീണ പര്‍വ്വതാരോഹകന് ദാരുണമായ അന്ത്യം. സ്‌കോട്ട്‌ലാന്‍ഡിലെ പര്‍വ്വതനിരയുടെ നമ്പര്‍ ഫൈവ് ഗള്ളി എന്നുകൂടി അറിയപ്പെടുന്ന മൂണ്‍ലൈറ്റ് ഗള്ളിയില്‍ കയറുന്നതിനിടയിലാണ് 22 കാരന് മരണം സംഭവിച്ചത്. പ്രതികൂല കാലാവസ്ഥയാണ് അപകടകാരണമായത്. ഏതാണ്ട് ഇയാളുടെ പ്രായം തന്നെയുള്ള സഹായിയും ഇയാള്‍ക്കൊപ്പം വീണു.
ചെങ്കുത്തായ പര്‍വ്വത നിരകളില്‍ കാണപ്പെടുന്ന വീതി കുറഞ്ഞ താഴ്വാരങ്ങള്‍ അല്ലെങ്കില്‍ ചാനലുകളെയാണ് ഗള്ളി എന്ന് വിളിക്കുന്നത്. ഇവ സാധാരണയായി മല കയറുന്നതിനായി പര്‍വ്വതാരോഹകര്‍ ഉപയോഗിക്കാറുള്ള വഴികളാണ്. സ്‌കോട്ട്‌ലാന്‍ഡ് പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് ലോച്ചാബെര്‍ മൗണ്ടന്‍ റെസ്‌ക്യൂ ടീം ഇവരുടെ രക്ഷക്കെത്തി. മരണപ്പെട്ട വ്യക്തിക്കൊപ്പമുണ്ടായിരുന്ന ആള്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഏറ്റെങ്കിലും ഇയാള്‍ ഉടന്‍ തന്നെ മറ്റൊരിടത്തേക്ക് നീക്കി കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററില്‍ റൈഗ്മൂര്‍ ആശുപത്രിയില്‍ എത്തിച്ചു.
പര്‍വതാരോഹകര്‍ ഇരുവരും ഇംഗ്ലണ്ടില്‍ നിന്നുള്ളവരാണെന്നും സമുദ്ര നിരപ്പില്‍ നിന്നും 4413 അടി ഉയരമുള്ള കൊടുമുടിയില്‍ അപകടം സംഭവിക്കുമ്പോള്‍ അവര്‍ 3000 അടി ഉയരത്തില്‍ വരെ എത്തിയിരുന്നു എന്നും ടീം ലീഡര്‍ പറഞ്ഞു. വളരെ അപകടം പിടിച്ച ഒരു ഭാഗത്താണ് അപകടം നടന്നതെന്നും അദ്ദേഹം പറഞ്ഞു. മരണത്തില്‍ നിന്നും ഒരാള്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.