എന്‍ജിന്‍ തകരാറ് മൂലം വിമാനത്തില്‍ പുക നിറഞ്ഞു; ക്യാബിന്‍ ക്രൂ മരിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി

എന്‍ജിന്‍ തകരാറ് മൂലം വിമാനത്തില്‍ പുക നിറഞ്ഞു

Update: 2025-01-01 07:14 GMT

ബുക്കാറെസ്റ്റ്: വിമാനത്തില്‍ പുക നിറഞ്ഞതിനെ തുടര്‍ന്ന് ക്യാബിന്‍ ക്രൂ മരിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി. റുമേനിയയിലെ ബുക്കാറെസ്റ്റില്‍ നിന്ന് സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചിലേക്ക് പോകുകയായിരുന്നു വിമാനം. എന്‍ജിന്‍ തകാറിനെ തുടര്‍ന്നാണ് വിമാനത്തിനുള്ളില്‍ ശക്തിയായ തോതില്‍ പുക നിറഞ്ഞിരുന്നു. പുക ശ്വസിച്ചതിനെ തുടര്‍ന്നാണ് ക്യാബിന്‍ ക്രൂ മരിച്ചത്. എയര്‍ബസ് എ-220 300 ഇനത്തില്‍ പെട്ട ജെറ്റ് വിമാനത്തില്‍ 74 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

തുടര്‍ന്ന് അടിയന്തരമായി ഓസ്ട്രിയയിലെ ഗ്രാസില്‍ നിലത്തിറക്കുകയായിരുന്നു. കഴിഞ്ഞ മാസം 23 നാണ് സംഭവം നടന്നത്. വിമാനത്തിലെ

യാത്രക്കാരേയും ജീവനക്കാരേയും സുരക്ഷിതമായി തന്നെ പുറത്തെത്തിച്ചിരുന്നു. 12 യാത്രക്കാരെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്് വിമാനത്താവളത്തില്‍ തന്നെ അടിയന്തര ചികിത്സ നല്‍കിയിരുന്നു. രണ്ട് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഒരാള്‍ ഐ.സിയുവില്‍ തുടരുകയാണ്. മരിച്ച ജീവനക്കാരന്റെ വിശദാംശങ്ങള്‍ ഇനിയും പുറത്തു വിട്ടിട്ടില്ല.

തങ്ങളുടെ സ്ഥാപനത്തിലെ ചെറുപ്പക്കാരനായ വ്യക്തിയാണ് മരിച്ചതെന്ന് മാത്രമാണ് വിമാനക്കമ്പനി അറിയിക്കുന്നത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് ഇയാള്‍ മരിക്കുന്നത്. സ്വിസ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് ഇത്തരത്തില്‍ അപകടത്തില്‍ പെട്ടത്. മരിച്ചയാളിന് ആത്മശാന്തി നേരുന്നതായും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. വിമാനത്തിന്റെ എന്‍ജിനുകളില്‍ ഒന്നിന് ഉണ്ടായ

സാങ്കേതിക പ്രശ്നമാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

അപകടത്തിന്റെ കാരണങ്ങളെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. മരിച്ച ക്യാബിന്‍ ക്രൂ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സമയത്ത് അബോധാവസ്ഥയില്‍ ആയിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഒരു സ്ഫോടന ശബ്ദം കേട്ടതിന് തൊട്ടു പിന്നാലെയാണ് വിമാനത്തിനുളളില്‍ പുക നിറഞ്ഞതെന്നാണ് പല യാത്രക്കാരും പറഞ്ഞത്. തുടര്‍ന്ന യാത്രക്കാര്‍ക്ക് ശ്വസിക്കാന്‍ തന്നെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു എന്നാണ് അവര്‍ വെളിപ്പെടുത്തിയത്.

വിമാനത്തില്‍ ഉണ്ടായിരുന്ന 17 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. തകരാറിലായ വിമാനത്തിലെ യാത്രക്കാര്‍ക്കായി കമ്പനി പ്രത്യേകം വിമാനം ഏര്‍പ്പാടാക്കി എല്ലാവരേയും സൂറിച്ചില്‍ എത്തിച്ചതായും കമ്പനി അറിയിച്ചു.

Tags:    

Similar News