യുഎസിലെ കാലിഫോര്‍ണിയയില്‍ വന്‍ ഭൂചലനം; തീവ്രത ഏഴ് രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ കടുത്ത ആശങ്ക; ആളപായമില്ല: സുനാമി മുന്നറിയിപ്പ് പിന്‍വലിച്ച് യുഎസ് ജിയോളജിക്കല്‍ സര്‍വേ

യുഎസിലെ കാലിഫോര്‍ണിയയില്‍ വന്‍ ഭൂചലനം

Update: 2024-12-06 00:03 GMT

വാഷിങ്ടണ്‍: യുഎസിലെ വടക്കന്‍ കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം. 7.0 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച് ഒറിഗോണ്‍ അതിര്‍ത്തിക്കടുത്തുള്ള തീരദേശ ഹംബോള്‍ട്ട് കൗണ്ടിയിലെ ചെറിയ നഗരമായ ഫെര്‍ണ്ടെയ്ലിന്റെ പടിഞ്ഞാറ് പ്രാദേശിക സമയം രാവിലെ 10.44 ന് ഭൂചലനം ഉണ്ടായത്. സാന്‍ ഫ്രാന്‍സിസ്‌കോ വരെ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ഭൂചലനത്തെ തുടര്‍ന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച യുഎസ് ജിയോളജിക്കല്‍ സര്‍വേ, സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചെങ്കിലും വൈകാതെ പിന്‍വലിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന തീരങ്ങളില്‍ അപകടകരമായ സുനാമിക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിച്ചത്. എന്നാല്‍ വൈകാതെ ആ മുന്നറിയിപ്പ് പിന്‍വലിച്ചു.

'ശക്തമായ തിരമാലകള്‍ നിങ്ങളുടെ സമീപമുള്ള തീരങ്ങളെ ബാധിച്ചേക്കാം. നിങ്ങള്‍ അപകടത്തിലാണ്. തീരദേശ ജലാശയങ്ങളില്‍ നിന്ന് മാറിനില്‍ക്കുക. ഉയര്‍ന്ന പ്രദേശങ്ങളിലേക്കോ ഉള്‍നാടുകളിലേക്കോ ഇപ്പോള്‍ നീങ്ങുക. മടങ്ങിയെത്താന്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നതു വരെ തീരത്തു നിന്ന് അകന്നു നില്‍ക്കുക.' എന്നായിരുന്നു മുന്നറിയിപ്പ്.

നിരവധി സെക്കന്‍ഡുകള്‍ ഭൂചലനം നീണ്ടുനിന്നതായും തുടര്‍ന്ന് ചെറിയ തുടര്‍ചലനങ്ങളും അനുഭവപ്പെട്ടതായും പ്രദേശവാസികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ആള്‍നാശമുണ്ടായതായി റിപ്പോര്‍ട്ടില്ല. സാന്താക്രൂസ് പ്രദേശത്ത് ദേശീയ കാലാവസ്ഥാ സേവനത്തിന്റെ സുനാമി മുന്നറിയിപ്പോടെ ഫോണുകള്‍ ശബ്ദിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയ്ക്കും ഓക്ലന്‍ഡിനും ഇടയിലുള്ള ജലാന്തര്‍ഭാഗത്തുകൂടിയുള്ള തുരങ്കത്തിലൂടെ എല്ലാ ദിശകളിലേക്കുമുള്ള ഗതാഗതം നിര്‍ത്തിവച്ചു.

Tags:    

Similar News