മലിനമായ പച്ച 'ഓയ്സ്റ്റർ' കഴിച്ചു; പിന്നാലെ മാംസം കാർന്നുതിന്ന് ബാക്ടീരിയ; യുഎസിൽ രണ്ടുപേർക്ക് ദാരുണാന്ത്യം; ഞെട്ടൽ മാറാതെ ഡോക്ടർമാർ

Update: 2025-08-30 13:53 GMT

വാഷിംഗ്ടൺ: 'മാംസം കഴിക്കുന്ന ബാക്ടീരിയ' എന്നറിയപ്പെടുന്ന വിബ്രിയോ വൾനിഫിക്കസ് (Vibrio vulnificus) ബാക്ടീരിയ മൂലമുണ്ടായ അണുബാധയെ തുടർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിൽ രണ്ട് പേർ മരിച്ചു. ലൂയിസിയാനയിലും ഫ്ലോറിഡയിലുമാണ് സംഭവം. പച്ചയായി കഴിച്ച ഓയ്സ്റ്ററുകളിൽ നിന്ന് ഈ ബാക്ടീരിയ ശരീരത്തിലെത്തിയതാണ് മരണകാരണമായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഈ വർഷം മാത്രം ലൂയിസിയാന സംസ്ഥാനത്ത് 34 പേർക്ക് ഈ ബാക്ടീരിയയുടെ അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്, ഇതിനോടകം ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തുറന്ന മുറിവുകളുമായി ചൂടുവെള്ളത്തിൽ ഇറങ്ങുന്നവർക്കും, പച്ചക്കടൽ വിഭവങ്ങൾ കഴിക്കുന്നവർക്കും ഈ ബാക്ടീരിയ ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

തീരദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ബാക്ടീരിയയാണ് വിബ്രിയോ വൾനിഫിക്കസ്. കോളറക്ക് കാരണമാകുന്ന ബാക്ടീരിയയുടെ കുടുംബത്തിൽപ്പെട്ട ഇവ, മലിനമായ ഉപ്പുവെള്ളത്തിലൂടെ ശരീരത്തിലെ മുറിവുകളിലേക്ക് പ്രവേശിക്കാനും സാധ്യതയുണ്ട്. ഓയ്സ്റ്ററുകൾ പോലുള്ള കടൽ ജീവികൾ ധാരാളമായി വെള്ളം അരിച്ചെടുക്കുന്നതിനാൽ, അവയുടെ ശരീരത്തിൽ ഈ ബാക്ടീരിയയുടെ സാന്നിധ്യം കൂടാൻ സാധ്യതയുണ്ട്.

ബാക്ടീരിയയുടെ സാന്നിധ്യം തിരിച്ചറിയാൻ കാഴ്ചയിലോ മണത്തിലോ രുചിയിലോ മാറ്റങ്ങൾ ഉണ്ടാകാത്തതിനാൽ ഇവ അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അണുബാധ രക്തത്തിൽ കലരുകയോ ശരീരഭാഗങ്ങൾ നശിച്ചുപോകുകയോ മരണത്തിലേക്ക് വരെ നയിക്കുകയോ ചെയ്യാവുന്നതാണ്.

Tags:    

Similar News