എയര്‍പോര്‍ട്ടിലെ ലഗ്ഗേജ് ബെല്‍റ്റില്‍ കുടുങ്ങി ബാലന്‍; കണ്‍വെയര്‍ ബെല്‍റ്റില്‍ കയറിയ കുഞ്ഞ് എത്തിയത് ലഗേജ് റൂമില്‍
എയര്‍പോര്‍ട്ടിലെ ലഗ്ഗേജ് ബെല്‍റ്റില്‍ കുടുങ്ങി ബാലന്‍
ന്യൂവാര്‍ക്ക്: താറുമാറായ ന്യൂവാര്‍ക്ക് വിമാനത്താവളം മറ്റൊരു ദുരന്തത്തിന്റെ പേരില്‍ കൂടി വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. വിമാനത്താവളത്തിലെ കണ്‍വെയര്‍ ബെല്‍റ്റില്‍ ഒരു രണ്ട് വയസ്സുകാരന്‍ കുടുങ്ങിയതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ന്യൂവാര്‍ക്ക് ലിബെര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബാഗേജ് കണ്‍വെയര്‍ ബെല്‍റ്റിലാണ് ഈ കുരുന്ന് കുടുങ്ങിയത്.
മാതാപിതാക്കളുടെ ശ്രദ്ധയില്‍ പെടാതെ രണ്ട് വയസ്സുകാരന്‍ ഒരു ടിക്കറ്റിംഗ് കൗണ്ടറില്‍ നിന്നും ഒഴിഞ്ഞ് മാറുകയായിരുന്നു. പിന്നീട് യാത്രക്കാര്‍ വിമാനം കയറുന്നതിന് മുന്‍പായി ബാഗേജുകള്‍ വയ്ക്കുന്ന കണ്‍വെയര്‍ ബെല്‍റ്റിനു മുകളിലേക്ക് വലിഞ്ഞു കയറുകയായിരുന്നു ഈ കുട്ടി. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം നടന്നത്. മെയ് 28 ബുധനാഴ്ച ഈ സംഭവം നടക്കുന്ന സമയത്ത് കുട്ടിയുടെ അമ്മ ജെറ്റ് ബ്ലൂ എയര്‍ലൈന്‍സില്‍ റീബുക്ക് ചെയ്യുകയായിരുന്നു.
കണ്‍വെയര്‍ ബെല്‍റ്റില്‍ കയറിയ കുഞ്ഞ്, താഴെ നിലയിലുള്ള ചെക്ക്ഡ് ബഗേജ് റൂം വരെ എത്തി. സംഭവമറിഞ്ഞ ഉടന്‍ തന്നെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ധൃതഗതിയില്‍ പ്രതികരിച്ചതിനാല്‍ കുഞ്ഞിനെ കണ്ടെത്താനായി. കുട്ടിക്ക് പരിക്കുകളൊന്നും തന്നെയില്ല. ആരോഗ്യ നില തൃപ്തികരമാണെന്ന് പരിശോധന നടത്തിയ ഡോക്ടര്‍മാരും പറഞ്ഞു.