കൊടുമുടിയിൽ നിന്ന് കാൽ വഴുതി വീണ് അപകടം; അഞ്ച് റഷ്യൻ പർവതാരോഹകർ മരിച്ചു; സംഭവം ധൗളഗിരി കൊടുമുടി കയറുന്നതിനിടെ
കാഠ്മണ്ഡു: ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള ഏഴാമത്തെ കൊടുമുടിയിൽ നിന്നും കാൽ വഴുതി വീണ് അഞ്ച് റഷ്യൻ പർവതാരോഹകർ മരിച്ചതായി റിപ്പോർട്ടുകൾ. നേപ്പാളിലെ 8,167 മീറ്റർ ഉയരമുള്ള ധൗളഗിരി കൊടുമുടി കയറുന്നതിനിടെയാണ് അപകടം നടന്നത്.
ഞായറാഴ്ച വൈകീട്ട് മുതൽ ഇവരെ കാണാതായതായി ആദ്യ വിവരങ്ങൾ പുറത്തുവന്നിരിന്നു. ചൊവ്വാഴ്ച റെസ്ക്യൂ ഹെലികോപ്റ്റർ വഴി തിരച്ചിൽ നടത്തുമ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് കാഠ്മണ്ഡു ആസ്ഥാനമായ ഐ ആം ട്രക്കിങ് ആൻഡ് എക്സ്പെഡിഷൻസ് ടീമിലെ പെംബ ജങ്ബു ഷേർപ വ്യക്തമാക്കി.
പർവതാരോഹകരിൽ രണ്ടുപേർ കൊടുമുടിയുടെ മുകളിൽ എത്തിയിരുന്നു. മൂന്നുപേർ കൊടുമുടിയുടെ ഉയരത്തിലേക്ക് എത്താനാകാതെ ഒടുവിൽ മടങ്ങി. തുടർന്ന് ഇവരും ബേസ് ക്യാമ്പിലെ ടീം അംഗങ്ങളും തമ്മിലുള്ള റേഡിയോ ബന്ധം നഷ്ടമാവുകയും ചെയ്തു. മൃതദേഹങ്ങൾ താഴെ എത്തിക്കാൻ നടപടി സ്വീകരിച്ചുവരുന്നതായി അധികൃതർ അറിയിച്ചു.