ഫിലിപ്പീൻസിൽ ആഞ്ഞ് വീശി 'ട്രാമി' കൊടുങ്കാറ്റ്; 81 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്; വ്യാപക നാശനഷ്ടം
മനില: ഫിലിപ്പീൻസിൽ ട്രാമി കൊടുങ്കാറ്റിൽ വ്യാപക നാശനഷ്ടം. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമായി ഇതുവരെ 81 പേർ കൊല്ലപ്പെട്ടു. 34 പേരെ കാണാനില്ല. നിരവധി പേർക്ക് പരിക്കേറ്റു. 3,20,000 പേരെ കൊടുങ്കാറ്റിനെ തുടർന്ന് മാറ്റിത്താമസിപ്പിച്ചു.
മധ്യ, വടക്കൻ ഫിലിപ്പീൻസിലാണ് കൂടുതൽ നാശം വിതച്ചത്. കൊടുങ്കാറ്റ് മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായി. മധ്യ ഫിലിപ്പീൻസിലെ ബിക്കോൾ മേഖലയിലാണ് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കൂടുതൽ മരണമുണ്ടായത്.
ചിലയിടത്ത് 24 മണിക്കൂറിനുള്ളിൽ പെയ്തത് ഒന്നോ രണ്ടോ മാസം പെയ്യേണ്ട മഴയാണ്. ഇത് മിന്നൽ പ്രളയത്തിന് കാരണമാവുകയും ചെയ്തു.
യാത്രക്കാർ തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. 36 വിമാനങ്ങൾ റദ്ദാക്കി. അൽബേ പ്രവിശ്യയിലെ മയോൺ അഗ്നിപർവ്വതത്തിന്‍റെ താഴ്‌വരയിൽ നിന്ന് കൊടുങ്കാറ്റിനെ തുടർന്ന് സമീപ നഗരങ്ങളിലേക്ക് ചെളിയും മറ്റ് അവശിഷ്ടങ്ങളും ഒഴുകി. ചെളി വീടുകളെയും വാഹനങ്ങളെയും മുക്കുന്ന അവസ്ഥയിലെത്തി.