ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; നിരവധിപേർ മരിച്ചു; വീടുകൾ കത്തിക്കരിഞ്ഞു; ഒരു ഗ്രാമം മുഴുവൻ കത്തിചാമ്പലായി; വിധി ദുരന്തമായി എത്തിയത് രാത്രി ഉറക്കത്തിൽ

Update: 2024-11-05 13:25 GMT

ജക്കാർത്ത: ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് വൻ ദുരന്തം. ഗ്രാമത്തിലെ ജനങ്ങൾ ഉറക്കത്തിലായ സമയത്ത് അഗ്നിപർവ്വതം പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ വീടുകളിലേക്ക് തെറിച്ചെത്തിയത് അഗ്നി ഗോളങ്ങൾ. വീടുകൾ കത്തിക്കരിഞ്ഞതിന് പിന്നാലെ ഒരു ഗ്രാമം മുഴുവനും ചാരം മൂടി. ഇന്തോനേഷ്യയിലെ കിഴക്കൻ മേഖലയിലെ ലാകി ലാകി അഗ്നിപർവ്വതമാണ് ഇന്നലെ രാത്രിയിൽ പൊട്ടിത്തെറിച്ചത്.

രണ്ട് കിലോമീറ്ററിലേറെ ഉയരത്തിലാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചുള്ള ചാരമടക്കമുള്ളവ ഉയർന്ന് പൊങ്ങിയത്. ആറ് കിലോമീറ്ററോളം ദൂരത്തിലേക്കാണ് ലാവ ഇരച്ചെത്തിയത്. ഇന്തോനേഷ്യൻ ദ്വീപായ ഫ്ലോർസിലെ നിരവധി ഗ്രാമങ്ങളാണ് അഗ്നിപർവ്വത സ്ഫോടനത്തിൽ കത്തി നശിച്ചത്.

നിരവധി വീടുകൾ അഗ്നിക്കിരയായി. കന്യാസ്ത്രീകൾ തങ്ങിയിരുന്ന ഒരു കോൺവെന്റും കത്തിനശിച്ചു. അഗ്നിപർവ്വതത്തിൽ നിന്നുള്ള ലാവയും മാലിന്യവും മൂടിയ നിലയിലുള്ള ഗ്രാമങ്ങളിൽ നിന്ന് ഇതിനോടകം പത്ത് മൃതദേഹങ്ങളാണ് രക്ഷാ പ്രവർത്തകർ കണ്ടെത്തിയിട്ടുള്ളത്.

ചാരം മൂടി തകർന്ന് വീടുകൾക്കിടയിൽ കൂടുതൽ ആളുകളുണ്ടോയെന്നും മൃതദേഹങ്ങൾ ഉണ്ടോയെന്നും കണ്ടെത്താനുള്ള ശ്രമങ്ങൾ സജീവമായി ഇപ്പോൾ പുരോഗമിക്കുകയാണ്. അഗ്നിപർവ്വതത്തിന്റെ നാല് കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് നിലവിൽ ഒരു കുട്ടിയടക്കം പത്ത് പേരുടെ മൃതദേഹം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. 

Tags:    

Similar News