മധ്യ ബയ്റുട്ടില്‍ ആക്രമണം; ഹിസ്ബുള്ളയുടെ മീഡിയ റിലേഷന്‍സ് വിഭാഗം തലവനെ വധിച്ച് ഇസ്രയേല്‍; കൊല്ലപ്പെട്ടത് സായുധസംഘത്തിന്റെ പ്രധാനി
ഹിസ്ബുള്ളയുടെ മീഡിയ റിലേഷന്‍സ് വിഭാഗം തലവനെ വധിച്ച് ഇസ്രയേല്‍
ബയ്‌റൂട്ട്: ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ള മീഡിയ റിലേഷന്‍സ് വിഭാഗം തലവന്‍ മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. മധ്യ ബയ്റുട്ടില്‍ ഞായറാഴ്ചയുണ്ടായ ആക്രമണത്തിലാണ് അഫീഫ് കൊല്ലപ്പെട്ടത്. സിറിയന്‍ ബാത്ത് പാര്‍ട്ടിയുടെ ലെബനനിലെ റാസ് അല്‍ നാബയിലുള്ള ഓഫീസ് ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഹിസ്ബുള്ളയുടെ മീഡിയ ഓഫീസ് അഫീഫിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
വര്‍ഷങ്ങളോളം ഹിസ്ബുള്ളയുടെ മീഡിയ റിലേഷന്‍സ് വിഭാഗം തലവനായിരുന്നു അഫീഫ്. സെപ്തംബര്‍ അവസാനം ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്രള്ളയുടെ കൊലപാതകത്തിന് ശേഷം സായുധസംഘടനയുടെ പ്രധാനിയായിരുന്നു ഇയാള്‍. വാര്‍ത്താസമ്മേളനങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നതും അഫീഫായിരുന്നു. ആക്രമണത്തെക്കുറിച്ച് ഇസ്രയേല്‍ സൈന്യം പ്രതികരിച്ചിട്ടില്ല.
അതിനിടെ, ലെബനന്റെ വടക്കന്‍ഭാഗങ്ങളില്‍ ഇസ്രയേല്‍ സൈന്യവും ഹിസ്ബുള്ളയും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഒന്നരമാസമായി ഹിസ്ബുള്ളയ്‌ക്കെതിരേ ലെബനന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ കരയുദ്ധം നയിക്കുന്ന ഇസ്രയേല്‍ സൈന്യം ഇത്ര ഉള്ളില്‍ കടക്കുന്നത് ആദ്യമാണ്. തെക്കന്‍ ലെബനനിലെ ഗ്രാമങ്ങളില്‍ ശനിയാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടുപേര്‍ മരിച്ചിരുന്നു. നാലുപേര്‍ക്ക് പരിക്കേറ്റു