നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭം; കുടിക്കാൻ വെള്ളമോ ആഹാരമോ ഇല്ലാതെ കുടുങ്ങി കിടക്കുന്നത് നിരവധി മലയാളികൾ; കുട്ടികളടക്കം തെരുവിൽക്കഴിയുന്നതായി വിവരങ്ങൾ; കേന്ദ്രം ഇടപെടുമോ?

Update: 2025-09-09 12:22 GMT

കാഠ്മണ്ഡു: നേപ്പാൾ സർക്കാർ സാമൂഹിക മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കിനെത്തുടർന്നുണ്ടായ ജെൻ സി കലാപത്തിൽ മലയാളികളടക്കം വിനോദസഞ്ചാരികൾ ദുരിതത്തിലായി. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ഏകദേശം നാൽപ്പതോളം മലയാളികളാണ് കാഠ്മണ്ഡുവിനടുത്തുള്ള ഗോസാലയിൽ ഭക്ഷണവും വെള്ളവും താമസസൗകര്യങ്ങളുമില്ലാതെ കഴിയുന്നത്. കുട്ടികളടക്കമുള്ള സംഘം തെരുവിൽ കഴിയുകയാണ്.

ഈ ഞായറാഴ്ചയാണ് കോഴിക്കോടുള്ള ഒരു ട്രാവൽ ഏജൻസി മുഖേന വിമാനമാർഗം നേപ്പാളിലേക്ക് സംഘം യാത്ര തിരിച്ചത്. ഓണാവധിയോടനുബന്ധിച്ച് വിനോദസഞ്ചാരത്തിനെത്തിയ ഇവർ കാഠ്മണ്ഡുവിലേക്ക് നീങ്ങുന്നതിനിടെയാണ് സംഘർഷം രൂക്ഷമായത്. കോഴിക്കോട് ജില്ലയിലെ മുക്കം, കൊടുവള്ളി, കൊടിയത്തൂർ എന്നിവിടങ്ങളിൽ നിന്നും മലപ്പുറം ജില്ലയിലെ അരീക്കോട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ദുരിതത്തിലായത്.

പ്രധാന റോഡുകളിൽ ടയറുകൾ കത്തിച്ചുള്ള പ്രതിഷേധം കാരണം വാഹനഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. തെരുവുകളിൽ പ്രതിഷേധക്കാർ നിറഞ്ഞുനിൽക്കുന്നതിനാൽ പോലീസ് സഹായം തേടാൻ പോലും സാധിക്കുന്നില്ല. പോലീസ് സ്റ്റേഷനുകൾ പോലും പ്രതിഷേധക്കാർ തകർത്തിട്ടുണ്ട്. സ്ഥിതി രൂക്ഷമായതിനെത്തുടർന്ന് കാഠ്മണ്ഡു വിമാനത്താവളവും അടച്ചിട്ടിരിക്കുകയാണ്.

Tags:    

Similar News