ഷാര്‍ജയില്‍ വീടിന് പുറത്ത് പാര്‍ക്കിങ് ഷെഡുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി മുന്‍സിപ്പാലിറ്റി അധികൃതര്‍
ഷാര്‍ജയില്‍ വീടിന് പുറത്ത് പാര്‍ക്കിങ് ഷെഡുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി മുന്‍സിപ്പാലിറ്റി അധികൃതര്‍
ഷാര്‍ജ: സ്വകാര്യവ്യക്തികള്‍ വീടുകളുടെ പുറത്ത് അനുമതിയില്ലാതെ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഷെഡ് നിര്‍മിക്കുന്നതിന് ഷാര്‍ജ മുനിസിപ്പാലിറ്റി വിലക്കേര്‍പ്പെടുത്തി. റസിഡന്‍ഷ്യല്‍ മേഖലകളില്‍ സ്ഥിരം പരിശോധന നടത്തുമെന്നും നിയമം ലംഘിച്ച് ഷെഡ് നിര്‍മിച്ചവരോട് നീക്കംചെയ്യാന്‍ നോട്ടിസ് നല്‍കുമെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.
നിയമപരമായി അനുവദിച്ച പരിധിക്ക് പുറത്തേക്ക് വ്യാപിക്കുന്ന ഏതൊരു ഘടനയും അതിന്റെ രൂപകല്‍പനയോ ഉദ്ദേശ്യമോ പരിഗണിക്കാതെ നിയമലംഘനമായി കണക്കാക്കും. ഇത്തരക്കാര്‍ അത് നീക്കംചെയ്യുന്നതിനുള്ള നിര്‍ദേശത്തോടൊപ്പം പിഴയും ചുമത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വീടുകളുടെ അതിര്‍ത്തിക്കുള്ളില്‍ നിര്‍മിക്കുന്ന ഷെഡുകള്‍ക്ക് അതോറിറ്റി പെര്‍മിറ്റുകള്‍ അനുവദിക്കുന്നുണ്ടെങ്കിലും പ്ലോട്ടിന് പുറത്തുള്ള നിര്‍മാണങ്ങള്‍ക്കാണ് ശക്തമായ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.
ഭൂമിക്കടിയിലൂടെയുള്ള യൂട്ടിലിറ്റി നെറ്റ്വര്‍ക്കുകള്‍, ജല പൈപ്പ് ലൈനുകള്‍, വൈദ്യുതി കേബിളുകള്‍ എന്നിവ ഉള്‍പ്പെടെ നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനായും നഗരസൗന്ദര്യം നിലനിര്‍ത്തുന്നതിനുമാണ് നടപടിയെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റിയിലെ ടെക്‌നിക്കല്‍ സര്‍വിസസ് ഡയറക്ടര്‍ എന്‍ജിനീയര്‍ ഖലീഫ ബിന്‍ ഹദാ അല്‍ സുവൈദി പറഞ്ഞു.