കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരില്‍ 12 പേരുടെ അവയവങ്ങള്‍ മാറ്റിവച്ചു; അഞ്ചു ദിവസത്തിനിടെ മൂന്ന് ഹൃദയമാറ്റ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി

കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരില്‍ 12 പേരുടെ അവയവങ്ങള്‍ മാറ്റിവച്ചു

Update: 2025-09-09 11:26 GMT

കുവൈത്ത് സിറ്റി : കുവൈത്തിലെ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ അവയവങ്ങള്‍ നിരവധി രോഗികള്‍ക്ക് പുതുജീവന്‍ സമ്മാനിച്ചതായി ഡോക്ടര്‍മാര്‍. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചവരില്‍നിന്ന് ശേഖരിച്ച അവയവങ്ങളാണ് രോഗികള്‍ക്ക് മാറ്റിവച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ച 12 പേരില്‍ 10 പേരുടെ കുടുംബങ്ങളില്‍നിന്ന് സമ്മതം ലഭിച്ചു. ഇവരുടെ അവയവങ്ങള്‍ക്ക് നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനായെന്ന് കുവൈത്ത് അവയവ മാറ്റിവയ്ക്കല്‍ കേന്ദ്രം ചെയര്‍മാനും ശസ്ത്രക്രിയ വിദഗ്ധനുമായ ഡോ. മുഷ്തഫ അല്‍ മൗസവി വ്യക്തമാക്കി.

20 വൃക്ക, മൂന്ന് ഹൃദയം, നാല് കരള്‍, രണ്ട് ശ്വാസകോശം എന്നിവ ശേഖരിച്ചു. പരിശോധനയ്ക്കുശേഷം പ്രവര്‍ത്തനക്ഷമമല്ലെന്ന് കണ്ടെത്തിയ ശ്വാസകോശം ഒഴികെ മറ്റെല്ലാ അവയവങ്ങളും വിജയകരമായി മാറ്റിവച്ചു. കുവൈത്തിലെ കരള്‍ മാറ്റിവയ്ക്കല്‍ പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനാല്‍, കരളുകള്‍ അബുദാബിയിലേക്ക് അയച്ചു. ഹൃദയവും വൃക്കകളും കുവൈത്തില്‍ തന്നെ മാറ്റിവച്ചു. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ കുവൈത്തി രോഗികളില്‍ മൂന്ന് ഹൃദയമാറ്റ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിതായി ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ബദര്‍ അല്‍ അയ്യാദ് അറിയിച്ചു.

മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച രോഗികളില്‍ നിന്നാണ് അവയവങ്ങള്‍ ശേഖരിക്കുന്നത്. കുടുംബങ്ങളുടെ സമ്മതം ലഭിക്കുന്നതിനായി സാധാരണയായി രണ്ടുമുതല്‍ മൂന്നു ദിവസമാണ് സമയം. പലപ്പോഴും വിദേശത്ത് താമസിക്കുന്ന ബന്ധുക്കളുമായി വീഡിയോ കോള്‍ മുഖേനയാണ് സമ്മതം നേടുന്നത്.

Tags:    

Similar News