തായ്‌ലന്‍ഡ് മുന്‍ രാജ്ഞി സിരികിത് അന്തരിച്ചു; വിട പറഞ്ഞത് വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തി; ഒരു വര്‍ഷത്തെ ദുഖം ആചരിക്കാന്‍ രാജകുടുംബം

തായ്‌ലന്‍ഡ് മുന്‍ രാജ്ഞി സിരികിത് അന്തരിച്ചു

Update: 2025-10-25 14:33 GMT

ബാങ്കോക്ക്: തായ്‌ലന്‍ഡ് മുന്‍ രാജ്ഞി സിരികിത് കിറ്റിയാകര (93) അന്തരിച്ചു. ബാങ്കോക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് റോയല്‍ ഹൗസ്ഹോള്‍ഡ് ബ്യൂറോ അറിയിച്ചു. രക്തത്തില്‍ അണുബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനാല്‍ കുറച്ചു വര്‍ഷങ്ങളായി പൊതുമധ്യത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയായിരുന്നു സിരികിത്. സിരികിതിന്റെ ജന്മദിനമായ ആഗസത് 12 തായ്‌ലന്‍ഡില്‍ മാതൃദിനമായി ആഘോഷിക്കുന്നു. കംബോഡിയന്‍ അഭയാര്‍ത്ഥികളെ സഹായിക്കുന്നതും രാജ്യത്തെ സമൃദ്ധമായ വനങ്ങളുടെ നശീകരണം തടയുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ അവരെ ജനകീയയാക്കി.

സിരികിത് രാജ്ഞിയുടെ മൃതദേഹം ബാങ്കോക്കിലെ ഗ്രാന്‍ഡ് പാലസിലെ ഡുസിറ്റ് തോണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുമെന്ന് കൊട്ടാരം അറിയിച്ചു. തായ് രാജകുടുംബാംഗങ്ങള്‍ ഒരു വര്‍ഷം ദുഃഖം ആചരിക്കും. രാജ്ഞിയുടെ മരണത്തെത്തുടര്‍ന്ന് മലേഷ്യയില്‍ നടക്കുന്ന തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ (ആസിയാന്‍) ഉച്ചകോടിയിലേക്കുള്ള യാത്ര തായ് പ്രധാനമന്ത്രി അനുട്ടിന്‍ ചര്‍ണ്‍വിരാകുല്‍ റദ്ദാക്കി.

1932 ആഗസ്ത് 12 ന് ബാങ്കോക്കിലെ ഒരു സമ്പന്ന പ്രഭുകുടുംബത്തിലാണ് സിരികിത് ജനിച്ചത്. പൂര്‍ണമായ രാജവാഴ്ച ഭരണഘടന വ്യവസ്ഥയിലേക്ക് മാറിയ വര്‍ഷം തന്നെയാണ് സിരികിത് ജനിച്ചത്. ഫ്രാന്‍സിലെ തായ് അംബാസഡറായിരുന്നു സിരികിതിന്റെ പിതാവ്. പാരീസില്‍ സംഗീതം പഠിക്കുന്നതിനിടെയാണ് സിരികിത് രാജാവ് ഭൂമിബോലിനെ കണ്ടുമുട്ടിയത്. 1950 ഏപ്രില്‍ 28 ന്, ഭൂമിബോല്‍ അധികാരം ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പ് ഇരുവരും വിവാഹിതരായി. നിലവിലെ രാജാവ് വജിരലോങ്കോണ്‍, ഉബോള്‍രതാന, സിരിന്ദോണ്‍, ചുലബോണ്‍ എന്നിവര്‍ മക്കളാണ്.

Tags:    

Similar News