കോടികള്‍ തട്ടിപ്പ് നടത്തി ശിക്ഷ വകവയ്ക്കാതെ പാക്കിസ്ഥാനിലേക്ക് മുങ്ങി; 16 കൊല്ലത്തിന് ശേഷം യുകെയില്‍ മടങ്ങി എത്തി സര്‍ക്കാര്‍ ചെലവില്‍ സുഖജീവിതം
കോടികള്‍ തട്ടിപ്പ് നടത്തി ശിക്ഷ വകവയ്ക്കാതെ പാക്കിസ്ഥാനിലേക്ക് മുങ്ങി
ലണ്ടന്‍: വ്യാജ വയാഗ്ര വിറ്റ് 3 മില്യന്‍ പൗണ്ടിലധികം തട്ടിച്ച് സ്വന്തം നാടായ പാകിസ്ഥാനിലേക്ക് മുങ്ങിയ ബിസിനസ്സുകാരന്‍ ഇപ്പോള്‍ യു കെയില്‍ തിരിച്ചെത്തി സൗജന്യ എന്‍ എച്ച് എസ് ചികിത്സയും മറ്റ് ആനുകൂല്യങ്ങളും ക്ലെയിം ചെയ്യുകയാണ്. തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍, ജയിലിലാകാതെ നാട് വിടുകയായിരുന്നു. അന്നത്തെ കാലത്ത് ബ്രിട്ടനില്‍ നടന്ന ഏറ്റവും വലിയ വ്യാജ മരുന്ന് കേസിലെ മുഖ്യ പ്രതിയായ സഹീദ് മിര്‍സയ്ക്ക് രണ്ടര കൊല്ലത്തെ തടവായിരുന്നു അയാളുടെ അഭാവത്തില്‍ കോടതി വിധിച്ചിരുന്നത്.
പതിനാറ് വര്‍ഷക്കാലത്തോളം പാകിസ്ഥാനില്‍ ഒളിച്ചു താമസിച്ച ഇയാള്‍ തന്റെ ആരോഗ്യം മോശമാകാന്‍ തുടങ്ങിയതോടെ ബ്രിട്ടനില്‍ തിരിച്ചെത്തി നികുതിദായകരുടെ ചെലവില്‍ ഒരു കെയര്‍ഹോമില്‍ കഴിയുകയാണ്. തട്ടിച്ചുനേടിയ 3 മില്യന്‍ പൗണ്ട് ഇയാള്‍ ഇതുവരെ തിരികെ നല്‍കിയിട്ടില്ല എന്നതും ഓര്‍ക്കേണ്ടതാണ്. കിഴക്കന്‍ ലണ്ടനിലെ ഇല്‍ഫോര്‍ഡിലുള്ള ഈ 65 കാരന്, അതീവ സങ്കീര്‍ണ്ണമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് എന്‍ എച്ച് എസ്സിലെ സൗജന്യ ചികിത്സകൂടാതെ യൂണിവേഴ്‌സല്‍ ക്രെഡിറ്റും അനുവദിച്ചിട്ടുണ്ട് എന്നതാണ് ഏറെ കൗതുകകരം.
അതിനെല്ലാം പുറമെ ആരോഗ്യ വകുപ്പിന് പ്രതിവര്‍ഷം ഏകദേശം 34,000 പൗണ്ട് ചെലവ് വരുന്ന സൗജന്യ ഡയാലിസിസിനും ഇയാള്‍ അര്‍ഹത നേടിയിരിക്കുന്നു. വ്യാജ വയാഗ്രയും അതുപോലെ ലിംഗോദ്ധാരണത്തിന് സഹായിക്കുന്ന സിയാലിസ് എന്ന മരുന്നിന്റെ വ്യാജ പതിപ്പും ഓണ്‍ലൈന്‍ വഴി ഗുളിക ഒന്നിന് 20 പൗണ്ടിനായിരുന്നു വിറ്റിരുന്നത്. ചൈനയിലെയും പാകിസ്ഥാനിലെയും അനധികൃത ഫാക്റ്ററികളില്‍ നിര്‍മ്മിച്ചവയായിരുന്നു ഈ വ്യാജ ഗുളികകള്‍. യു. കെയ്ക്ക് പുറമെ അമേരിക്ക, ബഹാമസ്, മെക്‌സിക്കോ എന്നിവിടങ്ങളിലും ഇയാള്‍ ഈ വ്യാജ ഗുളികകള്‍ വിറ്റിരുന്നു.