ഭര്‍ത്താവിനും മക്കള്‍ക്കും പാരീസിലെ അവാര്‍ഡ് ചടങ്ങില്‍ നന്ദി പറഞ്ഞ് വിക്‌റ്റോറിയ ബെക്കാം; മൂത്ത മകന്‍ ചടങ്ങില്‍ പങ്കെടുത്തില്ല
ഭര്‍ത്താവിനും മക്കള്‍ക്കും പാരീസിലെ അവാര്‍ഡ് ചടങ്ങില്‍ നന്ദി പറഞ്ഞ് വിക്‌റ്റോറിയ ബെക്കാം
പാരീസ്: ഇന്നലെ പാരീസില്‍ നടന്ന നൈറ്റ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ആര്‍ട്ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ് ബഹുമതി ദാന ചടങ്ങില്‍ പ്രശസ്ത ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമിന്റെ പത്‌നി വിക്‌റ്റോറിയ ബെക്കാം ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചതിന് തന്റെ ഭര്‍ത്താവിനോടും, മക്കളോടും ആരാധകരോടും നന്ദി രേഖപ്പെടുത്തി. എന്നാല്‍, അവരുടെ മക്കള്‍ എല്ലാവരും അവിടെ അവരെ പിന്തുണയ്ക്കാന്‍ എത്തിയില്ല എന്നതും ശ്രദ്ധേയമായി. ആണ്‍മക്കളായ റോമിയോ, ക്രൂസ് എന്നിവരും മകള്‍ ഹാര്‍പ്പറും പങ്കെടുത്ത ചടങ്ങില്‍ തന്റെ അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയനായത്, കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ തന്റെ കുടുംബത്തിനെതിരെ ആഞ്ഞടിച്ച മൂത്തമകന്‍ ബ്രൂക്ലിന്‍ ബെക്കാം ആയിരുന്നു.
റോമിയോയുടേയും ക്രസ്സിന്റെയും കാമുകിമാരും വിക്‌റ്റോറിയയുടെ അടുത്ത സുഹൃത്തുക്കളും പക്ഷെ ചടങ്ങില്‍ പങ്കെടുത്തു. തന്റെ കുടുംബത്തില്‍ നിന്നും അകന്ന് ഭാര്യ നിക്കോള്‍ പെല്‍റ്റ്‌സുമായി ചേര്‍ന്ന്, അമേരിക്കയില്‍ സ്വന്തം ഭാവി കരുപ്പിടിപ്പിക്കുന്നതിനാണ് ശ്രദ്ധ നല്‍കുന്നതെന്ന് ബ്രൂക്ക്‌ലിന്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. നേരത്തെ പിതാവിന്റെ അമ്പതാം പിറന്നാള്‍ ആഘോഷത്തിലും ബ്രൂക്ലിന്‍ പങ്കെടുത്തിരുന്നില്ല. വിന്‍ഡ്‌സര്‍ കാസിലില്‍ നടന്ന ബെക്കാമിന് സര്‍ ബഹുമതി നല്‍കുന്ന ചടങ്ങില്‍നിന്നും, അതുപോലെ അമ്മ വിക്‌റ്റോറിയയുടെ നെറ്റ്ഫ്‌ലിക്‌സ് ഷോയുടെ ബ്രിട്ടീഷ് ലോഞ്ചിംഗില്‍ നിന്നും ബ്രൂക്ക്‌ലിന്‍ വിട്ടു നിന്നിരുന്നു.
കലാകാരന്മാരുടെയും, സാഹിത്യകാരന്മാരുടെയും, സാംസ്‌കാരിക പ്രവര്‍ത്തകരുടെയും സംഭാവനകളെ ബഹുമാനിക്കുന്ന ചടങ്ങിന് മേല്‍ പക്ഷെ തങ്ങളുടെ കുടുംബത്തിന്റെ കരിനിഴല്‍ വീഴാതിരിക്കാന്‍ ബെക്കാം കുടുംബവും ഏറെ ശ്രദ്ധിച്ചു. ഫ്രഞ്ച് സാംസ്‌കാരിക മന്ത്രാലയമാണ് അവാര്‍ഡ് നല്‍കുന്നത്. സോ സാല്‍ദാന, സെലീന ഗോമസ്, ജ്യൂഡ് ലോ, ഡെന്നിസ് വില്ലെന്യൂ എന്നിവര്‍ക്കും ഈ പുരസ്‌കാരം പോയ വര്‍ഷങ്ങളില്‍ ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തന്റെ വീക്ഷണങ്ങളെ എന്നും അംഗീകരിച്ചിട്ടുള്ള മക്കള്‍ക്ക് അവര്‍ സമ്മാനമേറ്റുവാങ്ങിക്കൊണ്ട് പ്രത്യേകം നന്ദി അര്‍പ്പിച്ചു.