''പണിയെടുക്കാന്‍ വയ്യാത്തവര്‍ വിശ്രമിക്കുക''; ശക്തമായ താക്കീത് നല്‍കി ഖാര്‍ഗേ; ഡിസിസി അധ്യക്ഷന്‍മ്മാര്‍ക്ക് ഇനി കൂടുതല്‍ അധികാരം; സബര്‍മതി തീരത്തെ സമ്മേളനം നല്‍കുന്നത് പുതിയ ഊര്‍ജം; മോദിയുടെ മടയില്‍ ചെന്ന് വെല്ലുവിളിച്ചതിന്റെ ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്

Update: 2025-04-10 03:19 GMT

64 വര്‍ഷത്തിനു ശേഷം ഗുജറാത്തിലേക്ക് എത്തിയ എഐസിസി വിശാല പ്രവര്‍ത്തക സമിതിയോഗം, അഹമ്മദാബാദിലെ സബര്‍മതി തീരത്ത് സമാപിക്കുമ്പോള്‍ കോണ്‍ഗ്രസിന് പുതിയ ഊര്‍ജം. മോദിയുടെ മടയില്‍ ചെന്ന് സംഘപരിവാറിനെ വെല്ലുവിളിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് സമയം നീക്കിവെക്കാന്‍ ആഗ്രഹിക്കാത്തവര്‍ വിശ്രമിക്കണമെന്നും, ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ തയ്യാറാകാത്തവര്‍ വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പാര്‍ട്ടി കര്‍ശനമായ നിര്‍ദേശം നല്‍കി. സബര്‍മതി തീരത്ത്, കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള പ്രതിനിധികളെ സാക്ഷിയാക്കിയുള്ള അധ്യക്ഷ പ്രസംഗത്തിലാണ്, ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ കഴിയാത്തവരോട് വിട്ടുപോവാന്‍ ഖാര്‍ഗെ തുറന്നടിച്ചത്.

ഇത് നേതാക്കള്‍ക്കുള്ള ഒരു താക്കീത് കൂടിയാണ്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയ്ക്ക് വേണ്ടി പണിയെടുക്കുന്നവരെ കണ്ടെത്തി ഒഴിവാക്കണമെന്നായിരുന്നു ഒരു മാസം മുമ്പ് രാഹുല്‍ ഗാന്ധി പറഞ്ഞതിന് ഒപ്പം ചേര്‍ത്താണ് ഖാര്‍ഗേയുടെ ഈ പ്രസ്താവനയും വായിക്കപ്പെട്ടത്. ജില്ലാ കോണ്‍ഗ്രസ് മേധാവികള്‍ക്ക് സംഘടനയില്‍ വലിയ പങ്കുണ്ടായിരിക്കുമെന്നും അവരുടെ നിയമനങ്ങള്‍ എഐസിസി ചട്ടങ്ങള്‍ക്കനുസരിച്ചായിരിക്കുമെന്നും ഖാര്‍ഗെ വ്യക്തമാക്കി. താനും രാഹുല്‍ ഗാന്ധിയും ഇതിനകം രാജ്യവ്യാപകമായുള്ള ഡിസിസി പ്രസിഡന്റുമാരുമായി മൂന്ന് കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്. ഭാവിയില്‍, തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയ പ്രക്രിയയിലടക്കം ഡിസിസി പ്രസിഡന്റുമാരുടെ നിര്‍ദേശങ്ങള്‍ തേടുമെന്നും ഖാര്‍ഗേ വ്യക്തമാക്കി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെ സംഘടനാ ചുമതലകള്‍ വര്‍ധിപ്പിക്കുമെന്നുള്ള ചരിത്രപരമായ തീരുമാനമാണ് അഹമ്മദാബാദ് എഐസിസിയെ ശ്രദ്ധേയമാക്കുന്നത്.

ന്യൂനപക്ഷ സംരക്ഷത്തത്തില്‍ ശ്രദ്ധ

രാഷ്ട്രീയ ലക്ഷ്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഏതെങ്കിലും പ്രത്യേക ഗ്രൂപ്പിന് പ്രത്യേക സംവരണം പാടില്ലെന്ന് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കി. ബിജെപിയുടെ 'ഭീകരമായ ധ്രുവീകരണം' കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചു പാര്‍ട്ടിയുടെ രാഷ്ട്രീയ തന്ത്രത്തെക്കുറിച്ച് പാര്‍ട്ടി നേതാക്കള്‍ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമ്പോഴാണ് ആര്‍ക്കും പ്രത്യേക സംവരണം ഇല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത്. ക്രിസ്ത്യന്‍, മുസ്ലീം, സിഖ്, ഒബിസി, മറ്റ് അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ എന്നിങ്ങനെയുള്ളവരെ പാര്‍ട്ടിയ്‌ക്കൊപ്പം നിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്രുവിന്റെയും ഇന്ദിരയുടെയും കാലം മുതല്‍ ഒബിസി, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ കോണ്‍ഗ്രസ്സിന്റെ നട്ടെല്ലായിരുന്നുവെന്ന് സമാപന പ്രസംഗത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവുകൂടിയായ രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. ഈ വിഭാഗങ്ങളില്‍ വലിയൊരുഭാഗമിപ്പോള്‍ പാര്‍ട്ടിക്കൊപ്പമില്ലെന്നും മുന്നാക്കവിഭാഗത്തില്‍ മുഴുവന്‍ പേരും ഒരു കാലത്തും പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്നില്ലെന്നും അതിനാല്‍ ഒപ്പമുണ്ടായിരുന്ന പിന്നാക്കക്കാരെ തിരികെ കൊണ്ടുവരാനുള്ള പദ്ധതികള്‍ തയ്യാറാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ന്യൂനപക്ഷാക്രമണം കൂടിയിരിക്കയാണിപ്പോളെന്നും വഖഫിലൂടെ മുസ്ലിങ്ങള്‍ക്കെതിരേ തുടങ്ങിയ ആക്രമണം ഇനി ക്രിസ്ത്യന്‍ സമുദായങ്ങളിലേക്കും വരുമെന്നും അതിനാല്‍ ന്യൂനപക്ഷ സംരക്ഷണത്തില്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഉറച്ച കോണ്‍ഗ്രസ് വോട്ടുകള്‍ക്കു പുറമേയുള്ള വോട്ടുകള്‍ കൂടി സമാഹരിക്കേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂരും സമ്മേളനത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് പൊതു തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് നേടാനായത് 20 ശതമാനം വോട്ടുമാത്രമാണെന്നും ഒരിക്കല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത, എന്നാല്‍ പിന്നീട് ചെയ്യാതിരിക്കുന്നവരുടെ വോട്ട് വീണ്ടെടുത്താല്‍ മാത്രമേ പാര്‍ട്ടിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനാകൂവെന്നും തരൂര്‍ പറഞ്ഞു.

ജാതി സെന്‍സസ് വേണം

ബിജെപിയും നരേന്ദ്രമോദിയും വര്‍ഗീയത വളര്‍ത്തി നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആര്‍ത്തിച്ചു.-'' മുസ്ലിം,- കൃസ്ത്യന്‍ സമൂഹത്തിനൊപ്പം ഉറച്ചു നിന്ന് അവര്‍ക്കു മേലുള്ള കടന്നു കയറ്റങ്ങളെ കോണ്‍ഗ്രസ് ചെറുക്കുമ്പോള്‍ സഘപരിവാര്‍ ഞങ്ങളെ ഹിന്ദു വിരുദ്ധര്‍ എന്ന് വിളിക്കുന്നു, എന്നാല്‍ ആദ്യം അവരുടെ ആളുകള്‍ ഹിന്ദു ദളിതരോട് എങ്ങനെ പെരുമാറുന്നുവെന്ന് കാണണം. മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മാത്രമല്ല, ഹിന്ദുക്കളിലെ ദലിതരോടും ബിജെപിക്ക് ശത്രുതയാണ്. ദളിതനായ രാജസ്ഥാനിലെ കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവ് രാമനവമി ദിനത്തില്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ പോയപ്പോള്‍ ബിജെപി നേതാക്കള്‍ പിന്നീട് അവിടെയെത്തി ഗംഗാജലം തളിച്ചു. ഇത് ലജ്ജിക്കേണ്ട കാര്യമല്ലേ?

ഒരു രാഷ്ട്രീയക്കാരന്റെ അവസ്ഥ ഇങ്ങനെയാകുമ്പോള്‍ ഗ്രാമങ്ങളില്‍ താമസിക്കുന്ന ദളിതരുടെ അവസ്ഥ എന്തായിരിക്കുമെന്ന് സങ്കല്‍പ്പിച്ച് നോക്കണം. മോദിയും അമിത്ഷായും ഈ ക്രൂരതകള്‍ അവസാനിപ്പിക്കണം. ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ആദിവാസികളെ 'വനവാസികള്‍' എന്ന് വിളിക്കുന്നു. അവര്‍ ഈ രാജ്യത്തെ ജനങ്ങളാണ്, അവര്‍ ഇവിടെ ജനിച്ചവരാണ്, ഇവിടെയുള്ളവരാണ്! ആദിവാസികളെ വനവാസികള്‍ എന്ന് വിളിക്കുന്നതിലൂടെ അവരുടെ വ്യക്തിത്വവും ആത്മാഭിമാനവും ചോദ്യം ചെയ്യപ്പെടുകയാണ്. 'രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ വിശ്വാസപ്രമാണങ്ങള്‍ രാജ്യത്തിനു മുകളില്‍ ഉയര്‍ത്തിയാല്‍, നമ്മുടെ സ്വാതന്ത്ര്യം ഒരിക്കല്‍ കൂടി അപകടത്തിലാകുകയും ഒരുപക്ഷേ എന്നെന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്യും. അവസാന തുള്ളി രക്തം കൊണ്ട് നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാകണം.''- ഖാര്‍ഗേ പറഞ്ഞു.

''2021 ലെ സെന്‍സസ് നാല് വര്‍ഷമായി തീര്‍ച്ചപ്പെടുത്തിയിട്ടില്ല. ജാതി സെന്‍സസ് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. 2011ലെ സെന്‍സസ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ ജോലികളെല്ലാം നടക്കുന്നത്. ഇതുമൂലം 14 കോടി ജനങ്ങള്‍ക്ക് ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെയും മറ്റ് പദ്ധതികളുടെയും ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്നില്ല. വിദ്യാഭ്യാസത്തെ വര്‍ഗീയവല്‍ക്കരിച്ചും കച്ചവടവല്‍ക്കരിച്ചും യുവാക്കളുടെ ഭാവി നശിപ്പിക്കുകയാണ്. ഉന്നതവിദ്യാഭ്യാസം സ്വകാര്യവത്കരിക്കുന്നതിലൂടെ സാമൂഹ്യനീതിയെ അവഗണിക്കുകയാണെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പില്‍ വ്യാപകമായി കൃത്രിമം നടക്കുന്നു. ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തോടെ ലോകത്തെ വികസിത രാജ്യങ്ങള്‍ ഇവിഎം ഉപേക്ഷിച്ച് ബാലറ്റ് പേപ്പറിലേക്ക് നീങ്ങി. എന്നാല്‍ നമ്മുടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതൊന്നും ശ്രദ്ധിക്കാന്‍ തയ്യാറായിട്ടില്ല. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ നമ്മള്‍ കണ്ടത് വ്യാജ വോട്ടര്‍ പട്ടികയാണെന്ന് ഖാര്‍ഗെ പറഞ്ഞു.

Tags:    

Similar News