സംസ്ഥാനത്തെ തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്കും വികസനമുരടിപ്പിനും പരിഹാരമായി വെള്ളാപ്പള്ളി അനുകൂലികള്‍ കാണുന്നത് ബ്രൂവറിയെ; സിപിഐയുടെ എതിര്‍പ്പ് ഇനി പിണറായ്ക്ക് അവഗണിക്കാം! എലപ്പുള്ളിയില്‍ ബിജെപി കക്ഷിയുടെ പിന്തുണ സര്‍ക്കാരിന്; ബിഡിജെഎസ് ഇടതിലേക്കോ? കാരാട്ടിന്റെ നാട്ടിലെ പദ്ധതി മുന്നണി മാറ്റമാകുമോ?

Update: 2025-01-31 04:16 GMT

ചേര്‍ത്തല: മുന്നണി മാറ്റ ചര്‍ച്ചകളിലേക്ക് കടക്കുന്ന ബിഡിജെഎസിന്റെ മനസ്സ് നീങ്ങുന്നത് ഇടതുപക്ഷത്തേക്കോ? പാലക്കാട്ടെ മദ്യനിര്‍മാണശാലാ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനു പിന്തുണയുമായി എന്‍.ഡി.എ. ഘടകകക്ഷിയായ ബി.ഡി.ജെ.എസ്. രംഗത്ത് വരികയാണ്. സിപിഎമ്മിനെ ഈ വിഷയത്തില്‍ സിപിഐ പോലും അംഗീകരിക്കുന്നില്ല. ഇതിനിടെയാണ് പിന്തുണയുമായി ബിഡിജെഎസ് എത്തുന്നത്. കോണ്‍ഗ്രസും ബിജെപിയും എല്ലാം ബ്രൂവറിയില്‍ സമരത്തിലാണ്. ഇതിനിടെയാണ് ബിഡിജെഎസിന്റെ നിലപാട് വിശദീകരണം. സംസ്ഥാനത്തെ തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്കും വികസനമുരടിപ്പിനും പരിഹാരമാണ് പദ്ധതിയെന്ന് ബി.ഡി.ജെ.എസ്. ആലപ്പുഴ ജില്ലാക്കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വ്യക്തമായ മുന്‍തൂക്കമുള്ള കമ്മറ്റിയാണ് ആലപ്പുഴയിലേത്. ബിഡിജെഎസ് ഇടതുപക്ഷത്ത് എത്തണമെന്നതാണ് വെള്ളാപ്പളളിയുടെ ആഗ്രഹമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ കോട്ടയത്തെ പാര്‍ട്ടി സമ്മേളനം മുന്നണി മാറ്റം അനിവാര്യമാണെന്ന പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബ്രൂവറിയില്‍ സിപിഎമ്മിന് സിപിഐ പിന്തുണ നല്‍കുന്നത്.

പാലക്കാട്ട് തുടങ്ങാനുദ്ദേശിക്കുന്ന പ്ലാന്റ് ചേര്‍ത്തലയിലേക്കു മാറ്റണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തില്‍ സ്വകാര്യമേഖലയില്‍ കൂടുതല്‍ മദ്യം ഉത്പാദിപ്പിച്ചിരുന്ന ചേര്‍ത്തലയിലെ മാക്ഡവല്‍ കമ്പനിയുടെ സ്ഥലവും സൗകര്യവും അതിനായി പ്രയോജനപ്പെടുത്തണം. മദ്യോത്പാദനത്തിനാവശ്യമായ സ്പിരിറ്റ് ഇവിടെത്തന്നെയുണ്ടാക്കി ഗുണനിലവാരം ഉറപ്പാക്കുക, തൊഴിലവസരം വര്‍ധിപ്പിക്കുക തുടങ്ങിയ സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണ്. പഞ്ചാബിലും ഹരിയാണയിലും മധ്യപ്രദേശിലും വന്‍കിട മദ്യനിര്‍മാണശാലകള്‍ നടത്തുന്ന കമ്പനിയാണ് കേരളത്തിലേക്കു വരുന്നത്. സംസ്ഥാനത്തിനു പ്രതിവര്‍ഷം 9.5 കോടി ലിറ്റര്‍ സ്പിരിറ്റ് ആവശ്യമുണ്ട്. അതിന്റെ 50 ശതമാനം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഒരു ലിറ്റര്‍ സ്പിരിറ്റുണ്ടാക്കാന്‍ 2.5 മുതല്‍ 9.5 വരെ ലിറ്റര്‍ വെള്ളം വേണം. മദ്യനിര്‍മാണ കമ്പനിക്കു പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ പ്രതിവര്‍ഷം 20 കോടി ലിറ്റര്‍ വെള്ളമെങ്കിലും വേണ്ടിവരും. അതിന്, ജലലഭ്യത കുറഞ്ഞ പാലക്കാടിനെക്കാള്‍ ചേര്‍ത്തലയാണു യോജിച്ചത്. നുറുങ്ങരി പുളിപ്പിച്ച് മദ്യമുണ്ടാക്കുമ്പോള്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് നെല്ലിനു കൂടുതല്‍ വില കിട്ടുമെന്നും യോഗം അഭിപ്രായപ്പെട്ടു. ഈ യോഗത്തില്‍ ബിഡിജെഎസ് ജനറല്‍ സെക്രട്ടറി തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുത്തിരുന്നില്ല.

സിപിഎം ദേശീയ കോ ഓര്‍ഡിനേറ്ററായ പ്രകാശ് കാരാട്ടിന്റെ നാടാണ് എലപ്പുള്ളി. ഇവിടെ മദ്യ നിര്‍മ്മാണ ശാല വരുമ്പോള്‍ കുടിവെള്ള പ്രശ്‌നം അടക്കം ചര്‍ച്ചയിലുണ്ട്. ഇടതിലെ രണ്ടാമനായ സിപിഐ അതിനെ അനുകൂലിക്കുന്നില്ല. മറ്റൊരു കക്ഷിയായ ആര്‍ ജെ ഡിയും ബ്രൂവറിയെ എതിര്‍ക്കുന്നു. മറ്റ് ഘടകകക്ഷികള്‍ ആരും നിലപാടും പറയുന്നില്ല. ഇതിനിടെയാണ് ബ്രൂവറിയ്ക്ക് പിന്തുണയുമായി ബിഡിജെഎസ് വരുന്നത്. ഇതിന് പിന്നില്‍ ബിഡിജെഎസിന്റെ മുന്നണി മാറ്റ നീക്കങ്ങള്‍ കൂടിയാണെന്ന രാഷ്ട്രീയ വിലയിരുത്തല്‍ സജീവമാണ്. വികസനത്തിന് വേണ്ടി വിട്ടുവീഴ്ചകള്‍ വേണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനൊപ്പം ബിഡിജെഎസ് നിലയുറപ്പിക്കുന്നുവെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ഇനിയുളള ബിഡിജെഎസ് നീക്കവും നിര്‍ണ്ണായകം. എസ് എന്‍ ഡി പിയുടെ പിന്തുണയുള്ളതിനാല്‍ തങ്ങള്‍ നില്‍ക്കുന്നിടത്ത് ഈഴവ വോട്ടുകള്‍ ഉറയ്ക്കുമെന്ന സന്ദേശാണ് സിപിഎമ്മിന് ബിഡിജെഎസ് നല്‍കുന്നത്.

ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചാല്‍ ബിഡിജെഎസിനെ ഇടതു മുന്നണിയില്‍ എടുക്കാന്‍ സിപിഎമ്മില്‍ തത്വത്തില്‍ ധാരണയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഇടതു പക്ഷത്തേക്ക് അടുക്കാനാണ് ബിഡിജെഎസ് നീക്കമെന്നാണ് വിലയിരുത്തല്‍. ബിഡിജെഎസ് മുന്നണി മാറ്റം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. സിപിഎമ്മുമായി ചില നേതാക്കള്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയെന്നും അതിന് ശേഷമാണ് മുന്നണി മാറ്റ ചര്‍ച്ച ബിഡിജെഎസിനുള്ളില്‍ നടത്തുന്നതെന്നുമാണ് സൂചന. എന്നാല്‍ പെട്ടെന്ന് ബിജെപിയെ പിണക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളിക്ക് താല്‍പ്പര്യക്കുറവുമുണ്ട്. ബിജെപിക്ക് മുമ്പില്‍ ചില ആവശ്യങ്ങള്‍ ഉന്നയിക്കും. അത് നടപ്പായില്ലെങ്കില്‍ മുന്നണി മാറ്റം എന്ന തീരുമാനം എന്നതാണ് തുഷാറിന്റെ പക്ഷം. എന്നാല്‍ ഉടന്‍ മുന്നണി മാറണമെന്നാണ് വെള്ളാപ്പള്ളി അനുകൂലികളുടെ വാദം. ശനിയാഴ്ച യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ വിശദ ചര്‍ച്ചകള്‍ നടക്കും.

അഞ്ച് നിയമസഭാ സീറ്റുകള്‍ നല്‍കിയാല്‍ ഇടതുപക്ഷത്തേക്ക് എത്താന്‍ സന്നദ്ധരാണെന്ന സന്ദേശം സിപിഎമ്മിന് ബിഡിജെഎസിലെ ചില നേതാക്കള്‍ നല്‍കിയിട്ടുണ്ട്. എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബി ഡി ജെ എസിന്റെ മുന്നണി മാറ്റത്തിന് അനുകൂലമാണ്. ആലപ്പുഴയില്‍ മൂന്ന് നിയമസഭാ സീറ്റുകളാണ് ലക്ഷ്യം. തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ എല്ലാ പഞ്ചായത്തിലും ബിഡിജെഎസിന് മത്സരിക്കാന്‍ അവസരമുണ്ടാകും വിധമുള്ള ഫോര്‍മുലയാണ് ഇടതു മുന്നണിയുമായി ചര്‍ച്ച ചെയ്യാന്‍ ബിഡിജെഎസ് ആഗ്രഹിക്കുന്നത്. ബിഡിജെഎസ് നിര്‍ദ്ദേശം സിപിഎം അംഗീകരിച്ചില്ലെങ്കില്‍ യുഡിഎഫ് സാധ്യതയും തേടും. അതുകൊണ്ട് തന്നെ എല്ലാ സാധ്യതകളും കേരളാ രാഷ്ട്രീയത്തില്‍ തുറന്നിടാനാണ് ബിഡിജെഎസ് തീരുമാനം.

ശനിയാഴ്ച ചേര്‍ത്തലയിലാണ് സംസ്ഥാന എക്സിക്യുട്ടീവ് യോഗം ചേര്‍ന്ന് ബിഡിജെഎസ് മുന്നണി മാറ്റം ചര്‍ച്ച ചെയ്യുന്നത്. സംസ്ഥാന ഭാരവാഹികളോടും 14 ജില്ലകളിലെയും പ്രസിഡന്റുമാരോടും യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ ക്യാംപില്‍ മുന്നണിമാറ്റ പ്രമേയം വന്നതിനു പിന്നാലെയാണ് അടിയന്തര യോഗം. മുന്നണി വിടണം എന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായി ഉയരുന്നുണ്ട്. 9 വര്‍ഷമായി ബിജെപിയിലും എന്‍ഡിഎയിലും അവഗണനയാണ് നേരിടുന്നതെന്നാണ് ബിഡിജെഎസ് നേതാക്കള്‍ ഉയര്‍ത്തുന്ന പരാതി. എന്‍ഡിഎയില്‍ തുടരേണ്ട ആവശ്യമില്ലെന്നും മറ്റു മുന്നണികളിലുള്ള സാധ്യത സംസ്ഥാന അധ്യക്ഷന്‍ പരിശോധിക്കണമെന്നുമാണ് കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടത്. എന്നാല്‍ കോട്ടയം ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കിയിട്ടില്ലെന്നാണ് തുഷാറിന്റെ പ്രതികരണം.

Tags:    

Similar News