രാഷ്ട്രീയ തന്ത്രങ്ങളുമായി നേതാക്കളുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച തന്ത്രജ്ഞന്റെ തെരഞ്ഞെടുപ്പു രാഷ്ട്രീയ പരീക്ഷണം പാളി; സോഷ്യല്‍ മീഡിയയിലെ താരം തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ സീറോയായി; ബിഹാറില്‍ പോരാട്ടത്തിന് ഇറങ്ങിയ ജന്‍ സുരജ് പാര്‍ട്ടിക്ക് പൂജ്യം സീറ്റ്; പ്രശാന്ത് കിഷോറിന്റെ സാന്നിധ്യം ക്ഷീണമായത് മഹാഗഡ്ബന്ധന്‍ സഖ്യത്തിനും
രാഷ്ട്രീയ തന്ത്രങ്ങളുമായി നേതാക്കളുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച തന്ത്രജ്ഞന്റെ തെരഞ്ഞെടുപ്പു രാഷ്ട്രീയ പരീക്ഷണം പാളി;
പട്‌ന: നിരവധി രാഷ്ട്രീയ നേതാക്കളുടെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ച തന്ത്രജ്ഞനാണ് പ്രശാന്ത് കിഷോര്‍. എന്നാല്‍ കന്നി രാഷ്ട്രീയ പോരാട്ടത്തിന് ഇറങ്ങിയ പ്രശാന്ത് കിഷോറിന് തിരിച്ചടിയായി മാറി. ബിഹാറില്‍ നിര്‍ണായക ശക്തിയാക്കുമെന്ന് പ്രഖ്യാപിച്ചാണ് ജന്‍ സുരജ് പാര്‍ട്ടി തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിക്ക് നിലവില്‍ ഒരു സീറ്റില്‍ പോലും ലീഡ് ചെയ്യാന്‍ സാധിച്ചിട്ടില്ല. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ അവര്‍ ചില സീറ്റുകളില്‍ ലീഡ് ചെയ്തിരുന്നുവെങ്കിലും പിന്നീട് അതും കൈവിടുകയായിരുന്നു. എന്‍.ഡി.എ വലിയ ഭൂരിപക്ഷത്തോടെ മുന്നേറുന്ന തെരഞ്ഞെടുപ്പില്‍ ഒരു സ്വാധീനവും ചെലുത്താതെയാണ് ജന്‍ സുരജ് പാര്‍ട്ടി മടങ്ങുന്നത്.
എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ ശരിവെക്കും വിധമാണ് ജന്‍സൂരജ് പാര്‍ട്ടിയുടെ പ്രകടനം. തെരഞ്ഞെടുപ്പില്‍ ഒരു സ്വാധീനവും പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിക്ക് ഉണ്ടാക്കില്ലെന്നായിരുന്നു എക്‌സിറ്റ്‌പോള്‍ പ്രവചനം. ജന്‍സുരജ് പദയാത്രയെന്ന പേരില്‍ യാത്ര നടത്തിയാണ് പ്രശാന്ത് കിഷോര്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങിയത്. 238 സീറ്റുകളിലാണ് പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി മത്സരിച്ചത്. പല മണ്ഡലങ്ങളിലും മൂന്നാമതെത്താന്‍ മാത്രമാണ് പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിക്ക് സാധിച്ചത്.
എക്‌സിറ്റ് പോളുകളില്‍ ആക്‌സിസ് മൈ ഇന്ത്യ നാല് ശതമാനം വോട്ടുവിഹിതവും പൂജ്യം സീറ്റുകളുമാണ് ജന്‍ സുരജ് പാര്‍ട്ടിക്ക് വിധിച്ചത്. പരമാവധി മൂന്ന് സീറ്റ് വരെ പാര്‍ട്ടിക്ക് കിട്ടുമെന്നായിരുന്നു പ്രവചനങ്ങള്‍. ചില മണ്ഡലങ്ങളില്‍ പാര്‍ട്ടി നിര്‍ണായക ശക്തിയാവുമെന്നും പ്രവചനങ്ങളുണ്ടായിരുന്നു. എന്നാല്‍, പൂര്‍ണമായ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നാല്‍ മാത്രമേ ജന്‍ സുരജ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ എത്രത്തോളം സ്വാധീനം ചെലുത്തിയെന്ന് വ്യക്തമാവു.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമാണ് എന്‍.ഡി.എ നടത്തിയത്. തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 200നടുത്ത് സീറ്റുകളിലാണ് അവര്‍ മുന്നേറുന്നത്. എന്‍.ഡി.എ മുന്നണിയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ജെ.ഡി.യു മാറി. സീറ്റുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ജെ.ഡി.യു വരുന്നത്.
നേരത്തെ തുടര്‍ച്ചയായ വിജയം മാത്രം ലക്ഷ്യമിട്ട് പദ്ധതികളൊരുക്കിയിരുന്ന പ്രശാന്ത് കിഷോറിന് പിഴച്ചത് ഒരിക്കല്‍ മാത്രമാണ്. 2017ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും അടിതെറ്റി. ഷീല ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതും രാഹുല്‍ ഗാന്ധിയെ പ്രചാരണത്തിന് കൂടുതല്‍ ഉപയോഗിച്ചതടക്കമുള്ള തന്ത്രങ്ങള്‍ ഫലം കണ്ടില്ല.
പിന്നീട് 2019 ലെ ആന്ധ്രാപ്രദേശ് തെരഞ്ഞെടുപ്പില്‍ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെ അധികാരത്തിലേറ്റിയ പ്രശാന്തിന്റെ തന്ത്രം, 2020 ല്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയെയും സഹായിച്ചു. 2018-ല്‍, നിതീഷ് കുമാറിന്റെ ജെഡിയുവില്‍ വൈസ് പ്രസിഡന്റായി ചേര്‍ന്നുകൊണ്ട് കിഷോര്‍ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് പ്രഖ്യാപിച്ചെങ്കിലും രണ്ട് വര്‍ഷത്തിന് ശേഷം അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
2021-ല്‍, പ്രശാന്ത് കിഷോര്‍ വീണ്ടും മുഴുവന്‍ സമയ രാഷ്ട്രീയ ഉപദേശകനായി മാറി. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടിയും തമിഴ്‌നാട്ടില്‍ ദ്രാവിഡ മുന്നേറ്റ കഴകത്തിനായും (ഡിഎംകെ ) പ്രവര്‍ത്തിച്ചു. രണ്ട് സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു.
1977 ല്‍ ബീഹാറിലെ റോഹ്താസ് ജില്ലയിലെ കൊണാര്‍ ഗ്രാമത്തിലാണ് പ്രശാന്ത് കിഷോറിന്റെ ജനനം. പിന്നീട് സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ അദ്ദേഹം ബക്‌സറിലേക്ക് മാറി.പിന്നീട് ഹൈദരാബാദില്‍ എഞ്ചിനീയറിംഗ് പഠനം. അതിനു ശേഷം പൊതുജനാരോഗ്യ മേഖളയിലെത്തിയ പ്രശാന്ത് ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ഒരു പൊതുജനാരോഗ്യ പരിപാടിയുടെ ഭാഗമായി.
ഒരു പരസ്യ ഏജന്‍സിയില്‍ പോലും പ്രവര്‍ത്തിച്ച് പരിചയം ഇല്ലാതിരുന്നിട്ടും 2011 ല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ തെരഞ്ഞെടുപ്പ് പദ്ധതിയുടെ ഭാഗമായി. മോദിയേയും പാര്‍ട്ടിയേയും വീണ്ടും ഭരണത്തിലേറ്റുന്നതിന് പിന്നിലെ പ്രധാന തന്ത്രങ്ങളുടെ ഉറവിടം അവിടെ നിന്നായിരുന്നു. പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ യാത്രയുടെ തുടക്കമായിരുന്നു അത്.
2012ലെ വിജയം നല്‍കിയ ആത്മവിശ്വാസത്തില്‍ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിറ്റിസണ്‍സ് ഫോര്‍ അക്കൗണ്ടബിള്‍ ഗവേണന്‍സ് (സിഎജി) എന്ന സംഘടന രൂപീകരിച്ചു. ചായ് പേ ചര്‍ച്ചയും, ത്രീ ഡി റാലി, റണ്‍ ഫോര്‍ യൂണിറ്റിയുമടക്കമുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ അന്ന് ബിജെപിയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.
2021 മെയില്‍ കോണ്‍ഗ്രസ് പ്രവേശനം ലക്ഷ്യമിട്ട് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും കോണ്‍ഗ്രസില്‍ തന്നെ ഈ വിഷയത്തില്‍ വിരുദ്ധാഭിപ്രായങ്ങള്‍ ഉയര്‍ന്നു വരികയും പ്രശാന്തിനെ കോണ്‍ഗ്രസുമായി സഹകരിപ്പിക്കുവാനുള്ള നീക്കം പരാജയപ്പെടുകയും ചെയ്തു. പിന്നീട് തമിഴ്‌നാട്ടിലും ബംഗാളിലും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയക്കൊടി പാറിച്ച ശേഷം തെരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ നിന്ന് ഒരു ഇടവേള എടുക്കുകയാണെന്ന് കിഷോര്‍ പ്രഖ്യാപിച്ചു. ഒരിടവേള എടുത്ത് ജീവിതത്തില്‍ മറ്റെന്തെങ്കിലും ചെയ്യാന്‍ സമയമായെന്നും ഈ മേഖല ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു പ്രശാന്തിന്റെ വാക്കുകള്‍.
പിന്നീട് ,2024-ല്‍, 'ജന്‍ സുരാജ്' എന്ന പേരില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കാനുള്ള പദ്ധതികള്‍ കിഷോര്‍ പ്രഖ്യാപിച്ചു. ഇതിനെ തുടര്‍ന്ന് അദ്ദേഹം ബിഹാറിലുടനീളം 'ജന്‍ സുരാജ് പദയാത്ര' എന്ന പേരില്‍ 3,000 കിലോമീറ്റര്‍ പദയാത്ര ആരംഭിച്ചു. പിന്നീട് 2024 ഒക്ടോബര്‍ 2-ന് കിഷോര്‍ ജന്‍ സുരാജ് പാര്‍ട്ടി ഔദ്യോഗികമായി ആരംഭിച്ചു.
