ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയില്‍ വന്‍ജനക്കൂട്ടം; കാല്‍ചോട്ടിലെ മണ്ണ് ഒലിച്ചുപോകുന്നോ എന്ന ആശങ്കയില്‍ ബിജെപിയും എന്‍ഡിഎയും; വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണവും, വഖഫ് ഭേദഗതി നിയമവും ആര്‍ജെഡിക്കും കോണ്‍ഗ്രസിനും അനുകൂലമായി മുസ്ലീം-യാദവ്-ദളിത് വോട്ട് ഏകീകരണത്തിന് ഇടയാക്കുമോ? തന്ത്രങ്ങള്‍ പുനരാവഷ്‌കരിച്ച് ബിജെപി

ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയില്‍ വന്‍ജനക്കൂട്ടം

Update: 2025-08-27 12:04 GMT

പാറ്റ്‌ന: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ബിഹാറിലെ വോട്ടര്‍ അധികാര്‍ യാത്ര ബിജെപിക്ക് കണ്ടില്ലെന്ന് നടിക്കാന്‍ ആകുമോ? യാത്രയുടെ സഞ്ചാരപാതയില്‍ ആളുകൂടുന്നില്ലായിരുന്നെങ്കില്‍ എന്‍ഡിഎയ്ക്ക് ആശങ്കയ്്ക്ക് വകയുണ്ടായിരുന്നില്ല. എന്നാല്‍, കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് ദി ഇന്‍ഡ്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വോട്ടര്‍ അധികാര്‍ യാത്ര ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്നത് ബിജെപിക്ക് തലവേദനയായിരിക്കുകയാണ്. പാര്‍ട്ടിയിലെയും സഖ്യകക്ഷികളിലെയും പ്രമുഖ നേതാക്കളെ അണിനിരത്തി ഐക്യത്തിന്റെ സന്ദേശം നല്‍കി പ്രതിപക്ഷത്തിന് പിന്തുണ നല്‍കുന്ന വിഭാഗങ്ങളുടെ ഏകീകരണം തടയാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

രാഹുലും തേജസ്വി യാദവും നയിക്കുന്ന യാത്ര തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് വോട്ട് മോഷ്ടിക്കുന്നുവെന്ന ആരോപണം കടുപ്പിച്ചിരിക്കുകയാണ്. ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ പശ്ചാത്തലത്തില്‍, ജനങ്ങള്‍ യാത്രയിലേക്ക് കൂടുതല്‍ ആകൃഷ്ടരാകുന്നുവെന്നാണ് വിലയിരുത്തല്‍.

എസ് ഐ ആര്‍( SIR) ബിജെപിക്ക് ഗുണം ചെയ്‌തോ?

എസ് ഐ ആര്‍ എന്‍ഡിഎയ്ക്കും ഗുണം ചെയ്തില്ലെന്നാണ് ചില ബിജെപി നേതാക്കളുടെ ആശങ്ക. കരട് പട്ടികയില്‍ നിന്ന് പല എന്‍ഡിഎ വോട്ടര്‍മാരും പുറത്തായി കാണുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനൊപ്പം വഖഫ് ഭേദഗതി നിയമം കൂടി വന്നതോടെ, ആര്‍ ജെ ഡിക്കും കോണ്‍ഗ്രസിനും അനുകൂലമായി മുസ്ലിം-യാദവ വോട്ട് ഏകീകരണം സംഭവിച്ചിരിക്കാമെന്നാണ് ബിഹാറിലെ ഒരു മുതിര്‍ന്ന ബിജെപി നേതാവ് അഭിപ്രായപ്പെട്ടത്.


ജന്‍ സുരാജ് പാര്‍ട്ടിയുടെ ആരോപണങ്ങള്‍ തലവേദന

അതിനിടെ, ജന്‍ സുരാജ് പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോര്‍ വിവിധ കേസുകളിലെ ക്രമക്കേടുകളും അഴിമതിയും ആരോപിച്ച് ബിഹാറിലെ സംസ്ഥാന ബി.ജെ.പി. നേതൃത്വത്തിനെതിരെ ആക്രമണം കടുപ്പിക്കുന്നതും പാര്‍ട്ടിക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. സമീപ ആഴ്ചകളില്‍, ബിഹാര്‍ അധ്യക്ഷന്‍ ദിലീപ് കുമാര്‍ ജയ്‌സ്വാള്‍, ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി, ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡേ എന്നിവരെയാണ് പ്രശാന്ത് കിഷോര്‍ ലക്ഷ്യമിട്ടത്.

കിഷന്‍ഗഞ്ചിലെ സിഖ് സ്ഥാപനമായ മാതാ ഗുജ്രി മെഡിക്കല്‍ (എം.ജി.എം.) കോളേജ് തട്ടിപ്പിലൂടെ കൈവശപ്പെടുത്തിയെന്ന് ജയ്‌സ്വാളിനെതിരെ കിഷോര്‍ ആരോപണമുന്നയിച്ചു. സമ്രാട്ട് ചൗധരിയുടെ വിദ്യാഭ്യാസ രേഖകള്‍ വ്യാജമാണെന്നും, ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡേയുടെ വകുപ്പ് ആംബുലന്‍സ് അഴിമതിയില്‍ ഉള്‍പ്പെട്ടെന്നും, 466 ആംബുലന്‍സുകള്‍ 28 ലക്ഷം രൂപ വീതം ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയെന്നും, മറ്റു സംസ്ഥാനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ഇവ വാങ്ങിയെന്നും കിഷോര്‍ കുറ്റപ്പെടുത്തി.

എന്നാല്‍, ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബി.ജെ.പി. തള്ളിക്കളയുന്നു. 'ഐക്യത്തോടെയുള്ള എന്‍.ഡി.എ.യുടെ വലിയ പ്രചാരണത്തിലൂടെ, ഈ ആരോപണങ്ങളെല്ലാം ഞങ്ങള്‍ ഫലപ്രദമായി നേരിടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നിതീഷ് കുമാറിന്റെയും സുതാര്യവും ആത്മാര്‍ഥവുമായ നേതൃ്ത്വത്തിലൂടെ കോട്ടങ്ങള്‍ പരിഹരിക്കുമെന്നും' ബി.ജെ.പി സംസ്ഥാനനേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സംസ്ഥാനത്തെ 38 ജില്ലകളിലും രവി ശങ്കര്‍ പ്രസാദ്, ഷാനവാസ് ഹുസൈന്‍, രാജീവ് പ്രതാപ് റൂഡി, സഞ്ജയ് ജയ്‌സ്വാള്‍, ഗുരു പ്രകാശ്, അജയ് അലോക് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെയും വക്താക്കളെയും ഇറക്കി എതിര്‍ പ്രചാരണങ്ങളെ നേരിടാന്‍ ബിജെപി ദൗത്യം ഏല്‍പ്പിച്ചിരിക്കുകയാണ്. 243 നിയോജക മണ്ഡലങ്ങളിലും വിശദീകരണ യോഗങ്ങളും പ്രകടനങ്ങളും ജനസമ്പര്‍ക്ക പരിപാടികളും സംഘടിപ്പിക്കാനും 14 എന്‍ഡിഎ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇന്ത്യ സഖ്യ പ്രചാരണത്തിലൂടെ എന്തെങ്കിലും കോട്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നേട്ടം ഉയര്‍ത്തി കാട്ടി അവ നിര്‍വീര്യമാക്കാനാണ് നീക്കം.

രാഹുലിന്റെ യാത്രയിലെ ജനക്കൂട്ടം മുന്‍കൂട്ടി കണ്ടില്ല?

രാഹുലിന്റെ വോട്ടര്‍ അധികാര്‍ യാത്രയില്‍ ഇത്രയും ജനം കൂടുമെന്ന് തങ്ങള്‍ കരുതിയില്ലെന്ന് ചില ബിജെപി നേതാക്കള്‍ സമ്മതിക്കുന്നു. സംസ്ഥാനത്തെ ബിജെപിയുടെ ദൗര്‍ബല്യമാണ് ഇന്ത്യ സഖ്യ പ്രചാരണം പച്ച പിടിക്കാന്‍ കാരണമെന്ന് മറ്റൊരു ബിജെപി നേതാവ് വിലയിരുത്തുന്നു.

' ഞങ്ങള്‍ പിന്നോട്ട് പോയത് കൊണ്ടാണ് രാഹുലിന്റെ യാത്രയില്‍ ആളുകൂടുന്നത്. മോദിജിയും നിതീഷും നേതൃത്വത്തിന്റെ മുഖങ്ങളായി നിലവിലുണ്ടെങ്കിലും പ്രശാന്ത് കിഷോറിന്റെ അഴിമതി ആരോപണങ്ങളിലൂടെ ധാര്‍മികാടിത്തറയ്ക്ക് ചെറിയ കോട്ടം സംഭവിച്ചിട്ടുണ്ട്. ലാലു പ്രസാദ് യാദവിന്റെ കാലിത്തീറ്റ അഴിമതി ആരോപണം ഉന്നയിക്കുമ്പോള്‍, ആളുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ ആംബുലന്‍സ് അഴിമതിയെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ഈ ഘടകങ്ങള്‍ കാരണമാണ് രാഹുല്‍ ഗാന്ധി നേട്ടം കൊയ്യുന്നത്', ഒരു ബിജെപി എം പി പറഞ്ഞു.

യാദവ്, മുസ്ലീം സമുദായങ്ങള്‍ക്ക് പുറമേ ചില ദളിത് ഗ്രൂപ്പുകളും ഇന്ത്യ സഖ്യത്തിനോട് അടുക്കുന്നതായി സൂചനകളുണ്ടെന്ന് മറ്റൊരു ബിജെപി നേതാവ് ചൂണ്ടി കാണിച്ചു. അതിനുപുറമേ, എസ് ഐ ആര്‍ വഴി അനധികൃത കുടിയേറ്റക്കാര്‍ മാത്രമല്ല, വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തുപോയത് എന്നതും ബിജെപിയെ അലട്ടുന്നു. എന്നാല്‍, മറ്റു ചില ബിജെപി നേതാക്കള്‍ ഈ ഘടകങ്ങള്‍ ഒന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ബാധിക്കില്ലെന്നും അവകാശപ്പെടുന്നുണ്ട്. 'രാഹുലിന്റെ യാത്രയില്‍ ഒത്തുകൂടുന്നത് കോണ്‍ഗ്രസ്-ആര്‍ജെഡി പാര്‍ട്ടികളിലെ ടിക്കറ്റ് മോഹികളാണ്. സാധാരണക്കാര്‍ യാത്രയെ തള്ളിക്കളഞ്ഞു. അത് ഞങ്ങള്‍ക്കൊരു ആശങ്കയല്ല', മുന്‍ മന്ത്രി ഷാനവാസ് ഹുസൈന്‍ പ്രതികരിച്ചു.

എന്തായാലും, തങ്ങളുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കാനുമാണ് ബിജെപി തീരുമാനം. എന്‍.ഡി.എ.യുടെ ഐക്യം ഉയര്‍ത്തിക്കാട്ടുന്നതിലൂടെയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും വികസന അജണ്ട അവതരിപ്പിക്കുന്നതിലൂടെയും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബി.ജെ.പി. ശ്രമിക്കും.

Tags:    

Similar News